ദുബായ്•ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കും അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ പിന്തുണച്ച് ദുബായ് സുരക്ഷാ മേധാവിയും ദുബായ് പോലീസ് ഉപമേധാവിയുമായ ലെഫ്റ്റനന്റ് ജനറല്‍ ധാഹി ഖല്‍ഫാന്‍ തമിം.
അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നവരുടെ പ്രവേശനം നിരോധിച്ച ട്രംപിന്റെ നടപടിയെ തങ്ങള്‍ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നതായി ജനറല്‍ ധാഹി ഖല്‍ഫാന്‍ പറഞ്ഞു. ട്വിറ്ററിലാണ് സുരക്ഷാ മേധാവിയുടെ പ്രതികരണം.
“മുന്‍ യു.എസ് ഭരണാധികാരികള്‍ അറബ് ലോകത്ത് ഭീകരരായി മുദ്രകുത്തപ്പെട്ടവരെ ആലിംഗനം ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചുപോന്നത്. ട്രംപ്, നിങ്ങള്‍ ചെയ്യുന്നത് ശരിയാണ്”- ധാഹി ഖല്‍ഫാന്‍ കുറിച്ചു.
സിറിയ, ഇറാഖ്, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമെന്‍ എന്നീ ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് അമേരിക്ക വിലക്കേര്‍പ്പെടുത്തിയത്. എന്നാൽ ഈ രാജ്യങ്ങളിലെ ന്യൂനപക്ഷമായ ക്രിസ്ത്യാനികൾക്ക് കടുത്ത നിയന്ത്രണത്തിൽ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്. ട്രംപ് ഒപ്പുവെച്ച പുതിയ കുടിയേറ്റ നിയന്ത്രണ ഉത്തരവ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരേയും, അഭയാർത്ഥികളേയും നിയന്ത്രിക്കുവാൻ ഉദ്ദേശിച്ചുള്ളതാണ്. ഇത് ട്രംപിന്‍റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു.
വിദേശികളായ ഭീകരവാദികളിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനാണ് ഈ നടപടി കൈക്കൊണ്ടതെന്ന് ഡൊണാൾഡ് ട്രംപ് വിശദീകരിച്ചു. അമേരിക്കയെ അംഗീകരിക്കുകയും, സ്നേഹിക്കുകയും ചെയ്യുന്നവരെ മാത്രമേ അമേരിക്കയ്ക്ക് ആവശ്യമുള്ളൂ എന്നാണ് നിരോധനം പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് അഭിപ്രായപ്പെട്ടത്.
Post Your Comments