ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി ഇ.അഹമ്മദിന് ലോകസഭയുടെ ആദരം. സ്പീക്കര്‍ സുമിത്രാ മഹാജന്‍ അനുശോചന പ്രമേയം ലോകസഭയില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് സഭാംഗങ്ങള്‍ എഴുനേറ്റുനിന്നു മൗനം ആചരിച്ചു. ബജറ്റ് അവതരണത്തിനു മുന്നോടിയായാണ് നടപ്പുപാര്‍ലമെന്റിലെ അംഗം കൂടിയായ അഹമ്മദിനെ സഭാംഗങ്ങള്‍ അനുസ്മരിച്ചത്. അതേസമയം ബജറ്റ് അവതരിപ്പിക്കാനുള്ള നീക്കത്തെ പ്രതിപക്ഷം സഭ ചേര്‍ന്ന ഉടനെ എതിര്‍ത്തെങ്കിലും നടപടിയുമായി മുന്നോട്ടു പോകാനായിരുന്നു സ്പീക്കറുടെ തീരുമാനം. സഭാംഗങ്ങള്‍ മരണപ്പെട്ടാല്‍ ഒരു ദിവസത്തേക്ക് സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കാറുണ്ട്. എന്നാല്‍ ഇന്നു സഭചേരാന്‍ തീരുമാനിച്ചത് ബജറ്റ് അവതരണത്തിനു മാത്രമാണ്.
രാഷ്ട്രപതി നയപ്രഖ്യാപനം നടത്തിയ സാഹചര്യത്തില്‍ ബജറ്റ് അവതരിപ്പിക്കാന്‍ ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിച്ചു. അഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിച്ച് സഭ ഇന്നത്തേക്ക് നിര്‍ത്തിവയ്ക്കണമെന്നും നാളെ ബജറ്റ് അവതരിപ്പിക്കാമെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. എന്നാല്‍ അഹമ്മദിനെ സഭ ഏറെ ബഹുമാനിക്കുന്നതായും ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ ബജറ്റ് അവതരിപ്പിക്കാന്‍ സ്പീക്കര്‍ ക്ഷണിച്ചു.
Post Your Comments