Writers' Corner

ജനകീയം; ജനപ്രദം-കേന്ദ്ര ബജറ്റിനെ വസ്തുനിഷ്ഠമായി വിലയിരുത്തുന്ന പി.ആര്‍ രാജിന്റെ ലേഖനം

ഒറ്റവാക്കില്‍ ജനകീയമെന്നോ ജനപ്രദമെന്നോ വിശേഷിപ്പിക്കാവുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. തീര്‍ച്ചയായും മധ്യമേഖലക്കും താഴേക്കിടയിലുള്ളവര്‍ക്കും ഗ്രാമീണമേഖലക്കുമെല്ലാം ഏറെ പ്രയോജനകരമായ നിരവധി പദ്ധതികളും ഫണ്ട് പ്രഖ്യാപനവുമാണ് അദ്ദേഹം ബജറ്റിലൂടെ നടത്തിയിരിക്കുന്നത്. അടിസ്ഥാന സൗകര്യവികസനത്തിനും കാര്‍ഷികമേഖലക്കും ബജറ്റ് മുന്‍തൂക്കം നല്‍കുന്നുണ്ട്. പത്തുലക്ഷം കോടിയുടെ കാര്‍ഷിക വായ്പ നല്‍കുമെന്ന പ്രഖ്യാപനം കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം പകരും. ഒരേസമയം ഏറ്റവും താഴെയുള്ള കര്‍ഷകരെ ഏറെ സഹായിക്കുമ്പോള്‍ തന്നെ മറ്റൊരു തലത്തില്‍ ജീവിക്കുന്നവര്‍ക്കായി ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള സൗകര്യവും സംവിധാനവും ബജറ്റ് വാഗ്ദാനം ചെയ്യുന്നു. ആദായനികുതിയില്‍ ഏര്‍പ്പെടുത്തിയ ഇളവാണ് എടുത്തുകാട്ടേണ്ട മറ്റൊരു വസ്തുത. 2.5ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവരെ നികുതിയില്‍നിന്നും ഒഴിവാക്കിയപ്പോള്‍ 2.5മുതല്‍ 5ലക്ഷം വരെ വരുമാനമുള്ളവരുടെ നികുതി പത്തില്‍നിന്നും അഞ്ചു ശതമാനമായി കുറച്ചിട്ടുണ്ട്. രാജ്യത്തെ 50000 ഗ്രാമങ്ങളെ ദാരിദ്ര്യരഹിതമാക്കുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നു. തൊഴിലുറപ്പ് പദ്ധതിക്ക് 48,000 കോടി രൂപ വകയിരുത്തിയത് എടുത്തുപറയേണ്ടതാണ്. 100 തൊഴില്‍ദിനങ്ങള്‍ എല്ലാവര്‍ക്കും ഉറപ്പുനല്‍കുമെന്നത് ഗ്രാമീണ മേഖലക്ക് ഏറെ ആശ്വാസം പകരും.

ഒന്നരലക്ഷം ഗ്രാമങ്ങളില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സൗകര്യം കൊണ്ടുവരുമെന്നതും പുരോഗതി സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ്. പട്ടികജാതി വിഭാഗങ്ങളുടെ വികസനത്തിന് 52,393 കോടിരൂപ നീക്കിവച്ചിട്ടുണ്ട്. രാജ്യത്തെ സ്‌കൂളുകളില്‍ ശാസ്ത്രപഠനത്തിന് ഊന്നല്‍ നല്‍കുമെന്നും ബജറ്റ് വ്യക്തമാക്കുന്നു. രാജ്യത്ത് വരുംവര്‍ഷം പ്രതിദിനം 132 കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് നിര്‍മിക്കുമെന്നാണ് ബജറ്റ് വാഗ്ദാനം. 2019 ഓടെ ദരിദ്രര്‍ക്ക് ഒരു കോടി വീടുകള്‍ നിര്‍മിക്കാനുള്ള തീരുമാനം രാജ്യം ഏറെ ആവേശത്തോടെയാണ് കേള്‍ക്കുന്നത്. 2018 മെയ് മാസത്തോടെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുമെന്നതും ശ്രദ്ധേയ പ്രഖ്യാപനമാണ്. ജീവന്‍ രക്ഷാ മരുന്നുകളുടെ വില കുറയുമെന്ന പ്രഖ്യാപനവും സാധാരണക്കാര്‍ക്ക് ആശ്വാസമാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ രാജ്യത്തിന്റെ വളര്‍ച്ച കേന്ദ്രസര്‍ക്കാര്‍ ഏറെ ആഗ്രഹിക്കുന്നതുകൊണ്ടാണ് ഡിജിറ്റല്‍വത്കരണത്തിനു ബജറ്റ് ഏറെ പ്രാധാന്യം നല്‍കുന്നത്. കറന്‍സി ഇടപാടുകള്‍ ഡിജിറ്റലാക്കുന്നതുവരെ രാജ്യത്തെ കള്ളപ്പണ ഉപയോഗവും നികുതിവെട്ടിപ്പും കൃത്യമായി തടയാന്‍ സാധിക്കും. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ 2017-18 വര്‍ഷത്തില്‍ 2500 കോടി ഡിജിറ്റല്‍ ഇടപാടുകള്‍ നടക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

2019ഓടെ 50,000 ഗ്രാമങ്ങളെ ദാരിദ്ര രഹിതമാക്കാനാണ് തീരുമാനം. ഇതോടൊപ്പം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പദ്ധതികള്‍ക്കായി 1.84 ലക്ഷം കോടി രൂപയാണ് വകയിരുത്തിയത്. മഹിളാ ശാക്തീകരണ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ 500 കോടി രൂപ നീക്കിവച്ചു. ഇതിനു പുറമേ മുതിര്‍ന്ന പൗരന്മാര്‍ക്കായി ആധാര്‍ അധിഷ്ഠിത ആരോഗ്യ സ്മാര്‍ട്ട് കാര്‍ഡുകളും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 100 നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന പരീക്ഷകള്‍ നടത്താന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി രൂപീകരിക്കാനും എടുത്ത തീരുമാനം ഏറെ ശ്രദ്ധേയമാണ്. സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന മുദ്ര വായ്പയുടെ പരിധി 2.44ലക്ഷം കോടിയാക്കി ഉയര്‍ത്തിയതും സ്റ്റാര്‍ട്ടപ്പുകളെ നികുതിയില്‍നിന്നും ഒഴിവാക്കിയതും എടുത്തുപറയേണ്ടതാണ്. പൊതുബജറ്റിനൊപ്പം റെയില്‍വെ ബജറ്റിനെയും ഒരുമിച്ചാക്കിയത് വിപ്ലവകരമായ തീരുമാനമാണ്. റെയില്‍വേ യാത്രക്കാര്‍ക്കായി ഒരുലക്ഷം കോടിയാണ് നീക്കിവെച്ചിരിക്കുന്നത്. ഐ.ആര്‍.സി.ടി.സി വഴിയുള്ള എല്ലാ ബുക്കിംഗിനും സേവന നികുതിയും ഒഴിവാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ സമൂഹത്തിന്റെ സമസ്ത മേഖലയെയും പരിഗണിച്ചുകൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചതുപോലെ തീര്‍ച്ചയായും ഇത് ഒരു ചരിത്ര ബജറ്റ് തന്നെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button