KeralaNews

ഇ.അഹമ്മദ് എം.പി അന്തരിച്ചു; അന്ത്യം ഡല്‍ഹിയില്‍; മരണവാര്‍ത്ത സ്ഥിരീകരിച്ചത് പുലര്‍ച്ചേ 2.15ന്

ഇ.അഹമ്മദ് എം.പി അന്തരിച്ചു; അന്ത്യം ഡല്‍ഹിയില്‍; മരണവാര്‍ത്ത സ്ഥിരീകരിച്ചത് പുലര്‍ച്ചേ 2.15ന്
ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും ലോക്‌സഭാംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദ് (78) അന്തരിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗം നടന്നുകൊണ്ടിരിക്കെ ഇന്നലെ 11.30നു പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അഹമ്മദിനെ ഉടന്‍ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെത്തിച്ചിരുന്നു. പുലര്‍ച്ചെ 2.15 നാണു മരണം സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ മക്കള്‍ തന്നെയാണ് മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്. 25 വര്‍ഷം ലോക്‌സഭയിലും 18 വര്‍ഷം കേരള നിയമസഭയിലും ഇ.അഹമ്മദ് അംഗമായിരുന്നു. 1967, 77, 80, 82, 87 വര്‍ഷങ്ങളില്‍ കേരള നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1982 മുതല്‍ അഞ്ചുവര്‍ഷം വ്യവസായമന്ത്രിയായിരുന്നു. 1991, 96, 98, 99, 2004, 2009, 2014 വര്‍ഷങ്ങളില്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2014ല്‍ മലപ്പുറത്ത് നിന്ന് 1.94 ലക്ഷത്തിന്റെ ഭൂരിപക്ഷത്തോടെയാണ് എംപിയായത്. 2004ലെ ആദ്യ യുപിഎ സര്‍ക്കാരില്‍ വിദേശകാര്യ സഹമന്ത്രിയായി. രണ്ടാംയുപിഎ സര്‍ക്കാരില്‍ റയില്‍വേ, വിദേശകാര്യം, മാനവശേഷി വികസനം എന്നീ വകുപ്പുകളില്‍ സഹമന്ത്രിയായി. ഏറ്റവുമധികം കാലം കേന്ദ്രമന്ത്രിയായ മലയാളി എന്ന റെക്കോര്‍ഡിന് ഉടമയാണ്. പാര്‍ലമെന്റിന്റെ ഒട്ടേറെ സമിതികളിലും ദൗത്യസംഘങ്ങളിലും നയന്ത്രസംഘങ്ങളിലും പ്രധാനസ്ഥാനം വഹിച്ചു. 1991 മുതല്‍ 2014 വരെയുള്ള വിവിധകാലങ്ങളില്‍ ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയിലും മറ്റു പരിപാടികളിലും ഇന്ത്യയെ പലതവണ പ്രതിനനിധീകരിച്ചു. കണ്ണൂര്‍ നഗരസഭാധ്യക്ഷ സ്ഥാനവും വഹിച്ചിട്ടുണ്ട്. ഇന്നു രാവിലെ എട്ടു മുതല്‍ 12 വരെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്ന ഇ.അഹമ്മദിന്റെ മൃതദേഹം ഉച്ചയ്ക്കു രണ്ടിനു പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലേക്കു കൊണ്ടുപോകും. വൈകിട്ടു കരിപ്പൂര്‍ ഹജ് ഹൗസിലും തുടര്‍ന്നു കോഴിക്കോട് ലീഗ് ഹൗസിലും പൊതുദര്‍ശനം. രാത്രിയോടെ കണ്ണൂരിലേക്കു കൊണ്ടുപോകും. കബറടക്കം നാളെ കണ്ണൂരില്‍. പരേതയായ സുഹറയാണ് ഭാര്യ. മക്കള്‍: റയീസ് അഹമ്മദ് (ദുബായ്), നസീര്‍ അഹമ്മദ് (ബഹറൈന്‍), ഡോ. ഫൗസിയ ഷര്‍സാദ് (പ്രഫസര്‍, ദുബായ് വിമന്‍സ് മെഡിക്കല്‍ കോളജ്). മരുമക്കള്‍: നിഷാം റയീസ്, നൗഷീന്‍ നസീര്‍, ഡോ. ബാബു ഷര്‍സാദ് (ദുബായ് മെഡികെയര്‍ സിറ്റിയില്‍ നെഫ്രോളജിസ്റ്റ്).

shortlink

Related Articles

Post Your Comments

Related Articles


Back to top button