ലോ അക്കാദമി സമരത്തില്‍നിന്നും പിന്തിരിയുമ്പോള്‍ കുറഞ്ഞപക്ഷം സമരത്തില്‍ പങ്കെടുത്ത ഓരോ എസ്.എഫ്.ഐ പ്രവര്‍ത്തകനും ഒരു നിമിഷത്തേക്കെങ്കിലും കഴിഞ്ഞ 21ദിവസമായി നടത്തിവന്ന സമരത്തില്‍നിന്നും എന്തുനേടി എന്ന് പിന്തിരിഞ്ഞു നോക്കണം. കുറഞ്ഞത് അഞ്ചുവര്‍ഷത്തേക്കെങ്കിലും ലക്ഷ്മിനായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും മാറിനില്‍ക്കുമെന്നും ഫാക്കല്‍റ്റി എന്നനിലയില്‍ അവര്‍ ലോ അക്കാദമിയുടെ ക്ലാസ്സ് റൂമുകളില്‍ പ്രവേശിക്കില്ല എന്നുമൊക്കെ എഴുതി വാങ്ങിയെന്നാണ് എസ്.എഫ്.ഐ നേതാക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍ അവര്‍ ഓര്‍മിക്കേണ്ട ഒരു കാര്യം ലക്ഷ്മിനായര്‍ സ്വയം രാജിവെച്ചിട്ടില്ല എന്നതാണ്. അതായത് മാനേജ്‌മെന്റ് അവരില്‍നിന്നും രാജി എഴുതി വാങ്ങിച്ചിട്ടുമില്ല. അതിനര്‍ത്ഥം നാളെ മാനേജ്‌മെന്റ് തീരുമാനത്തിനെതിരെ അവര്‍ക്ക് കോടതിയെ സമീപിക്കാം. കോടതിയില്‍ പ്രോസിക്യൂഷന്‍ ഭാഗത്തിന്റെ പിന്തുണയോടെ അവര്‍ അനുകൂല വിധി നേടി ഇതേ എസ്.എഫ്.ഐക്കാരുടെ മുന്നിലൂടെ പ്രിന്‍സിപ്പല്‍ പദവിയില്‍ അവര്‍ ശേഷിച്ചകാലവും കഴിച്ചുകൂട്ടും. ചുരുക്കത്തില്‍ സി.പി.എം നേതാക്കളുടെ കണ്ണുരിട്ടി കാണിക്കലില്‍ ഭയപ്പെട്ടാണ് വന്‍ ഗൂഢാലോചനയില്‍ ഉരുത്തിരിഞ്ഞ ഒത്തുതീര്‍പ്പ് ഫോര്‍മുല ഉളുപ്പില്ലാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഛര്‍ദിച്ചശേഷം എസ്.എഫ്.ഐ സമരത്തില്‍നിന്നും പിന്‍മാറുന്നത്.
പ്രിന്‍സിപ്പല്‍ രാജിവെക്കണം എന്ന ആവശ്യത്തില്‍നിന്നും എസ്.എഫ്.ഐ ഒറ്റരാത്രികൊണ്ട് എന്തുമലക്കം മറിഞ്ഞു എന്ന് ആ പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്ന വിദ്യാര്‍ഥികളെയെങ്കിലും ബോധ്യപ്പെടുത്തേണ്ട ബാധ്യത ആ വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തിനുണ്ട്. ലോ അക്കാദമി സമരത്തെ മാനേജ്‌മെന്റിനുവേണ്ടി അക്ഷരാര്‍ഥത്തില്‍ എസ്.എഫ്.ഐ ഒറ്റിക്കൊടുക്കുകയായിരുന്നു. അവര്‍ കാണിച്ചത് വിദ്യാര്‍ഥി വഞ്ചന തന്നെയാണ്. ലക്ഷ്മിനായര്‍ പ്രിന്‍സിപ്പല്‍ പദവി രാജിവെക്കുംവരെ സമരം തുടരാന്‍ കെ.എസ്.യുവും എ.ഐ.എസ്.എഫും എ.ബി.വി.പിയുമെല്ലാം തീരുമാനിച്ചത് തീര്‍ച്ചയായും ലജ്ജയോടെ മാത്രമേ എസ്.എഫ്.ഐക്ക് നോക്കിനില്‍ക്കാന്‍ കഴിയൂ. ഇനി എസ്.എഫ്.ഐ വിചാരിച്ചാല്‍ മറ്റുസംഘടനകളുടെ സമരം പൊളിക്കാന്‍ കഴിയുമെന്നും തോന്നില്ല. ഇത്തരത്തില്‍ ഒരു ഭാഗത്തു എസ്.എഫ്.ഐയുടെ ഒത്താശയോടെ സമരം പൊളിക്കാന്‍ ശ്രമിക്കുമ്പോള്‍ മറുഭാഗത്ത് പൊലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ലോ അക്കാദമി സമരത്തിന്റെ ഭാഗമായി പേരൂര്‍ക്കടയില്‍ റോഡ് ഉപരോധിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ ക്രൂരമായ മര്‍ദ്ദനമാണ് പൊലീസ് അഴിച്ചുവിട്ടത്. സംസ്ഥാന നേതാക്കള്‍ അടക്കം പൊലീസിന്റെ നരനായാട്ടില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. റോഡില്‍ കുത്തിയിരുന്ന് സമാധാനപരമായി പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെയാണ് സമരം സംഘര്‍ഷത്തിലേക്ക് വഴിമാറിയത്.
ലോ അക്കാദമി സമരത്തിന്റെ കടിഞ്ഞാണ്‍ തുടക്കത്തിലേ ബി.ജെ.പി ഏറ്റെടുത്തതിന്റെ ചൊരുക്കു തീര്‍ക്കാന്‍ സി.പി.എം കണ്ടെത്തിയ ഉപായമാണ് പൊലീസിനെ ഉപയോഗിച്ചുള്ള ആക്രമണം എന്നു വ്യക്തം. കഴിഞ്ഞ മൂന്നാഴ്ചയില്‍ ഏറെയായി ലോ അക്കാദമിക്ക് മുന്നില്‍ വിദ്യാര്‍ഥികള്‍ നടത്തിവന്ന ന്യായമായ ആവശ്യത്തിനുമുന്നില്‍ അവസാന നിമിഷം വരെ കേവലം വിദ്യാര്‍ഥി സമരമായി പുച്ഛിച്ചുതള്ളിയ സി.പി.എമ്മും വിഷയത്തില്‍ ഇതുവരെ ഗൗരവമായി ഇടപെടാത്ത സി.പി.എം നേതൃത്വം നല്‍കുന്ന സര്‍ക്കാരും അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന രീതിയില്‍ നടത്തുന്ന ഈ നെറികെട്ട നീക്കനെതിരെ സമൂഹം ഒന്നടങ്കം പ്രതിഷേധിച്ചാലും കുറ്റപ്പെടുത്താനാകില്ല.
Post Your Comments