KeralaNewsNews Story

ജേക്കബ് തോമസ് ലോ അക്കാദമിയിലേക്ക്; ഭൂമി ഇടപാട് അന്വേഷിക്കാന്‍ വി.എസ് കത്തുനല്‍കും

തിരുവനന്തപുരം: ലോ അക്കാദമിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ സി.പി.എമ്മിന്റെ നിയന്ത്രണത്തിനു പുറത്തേക്ക് പോകുന്നു. സ്വജനപക്ഷപാതം ഉള്‍പ്പടെ വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കു പുറമേ അക്കാദമിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ഭൂമി തട്ടിപ്പ് ഇടപാടും അഫിലിയേഷന്‍ വിവാദങ്ങളും വിജിലന്‍സ് അന്വേഷിക്കാന്‍ സാധ്യതയേറി. സര്‍ക്കാര്‍ ഭൂമി ലോ അക്കാദമി അനധികൃതമായി കൈവശപ്പെടുത്തിയതായും സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് വിറ്റതായുമുള്ള ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കുമെന്നാണ് സൂചന.

ഈ കത്ത് ലഭിച്ചാലുടന്‍ പ്രാഥമിക പരിശോധനക്ക് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉത്തരവിട്ടേക്കും. ലോ അക്കാദമി പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിനു രേഖാമൂലം പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് ജേക്കബ് തോമസ് വ്യക്തമാക്കിയിട്ടണ്ട്. വിജിലന്‍സിലെ ഇന്റലിജന്‍സ് വിഭാഗം ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയെന്നാണ് വിവരം. വിദ്യാഭ്യാസ ആവശ്യത്തിനായി നല്‍കിയ സര്‍ക്കാര്‍ഭൂമി ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നും സെല്‍ഫ് ഫിനാന്‍സിങ് കോളേജായ ലോ അക്കാദമിക്ക് എങ്ങനെ പെര്‍മിനന്റ് അഫിലിയേഷന്‍ കിട്ടി എന്നുമാണ് വിജിലന്‍സ് ആദ്യഘട്ടത്തില്‍ അന്വേഷിക്കുന്നത്. അഫിലിയേഷന്‍ സംബന്ധമായ രേഖകള്‍ കേരള സര്‍വ്വകലാശാലയില്‍ കാണാനില്ലന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ അഫിലിയേഷന്‍ നല്‍കാന്‍ മുന്‍കൈ എടുത്ത ഉദ്യോഗസ്ഥര്‍ കുടുങ്ങും.

ലോ അക്കാദമിയില്‍ ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നതുള്‍പ്പടെ സിന്‍ഡിക്കേറ്റ് ഉപസമിതി തന്നെ ലോ അക്കാദമി പ്രിന്‍സിപ്പലിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ച കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടും വിജിലന്‍സ് വിളിച്ചു വരുത്താന്‍ ഇടയുണ്ട്. ഗവര്‍ണര്‍ മുഖ്യ രക്ഷാധികാരിയും, മുഖ്യമന്ത്രി രക്ഷാധികാരിയും, റവന്യൂ, വിദ്യാഭ്യാസ മന്ത്രിമാരും, ഹൈക്കോടതി ജഡ്ജിമാരും ഉള്‍പ്പെട്ട ഭരണ സമിതിക്കാണ് 12 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ വിട്ടുനല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ലോ അക്കാദമി മാനേജ്‌മെന്റിലുള്ളവരെല്ലാം പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരുടെ ബന്ധുക്കള്‍ മാത്രമാണ്. ഇത് എങ്ങനെ സാധ്യമായെന്നും വിജിലന്‍സ് അന്വേഷിക്കും.

shortlink

Post Your Comments


Back to top button