IndiaNews

രാജീവ് ഗാന്ധിയുടെ മരണം അമേരിക്കന്‍ ചാരസംഘടന പ്രവചിച്ചിരുന്നു?

ന്യൂഡല്‍ഹി: 1986ല്‍തന്നെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ മരണം അമേരിക്കന്‍ ചാരസംഘടന സി.ഐ.എ പ്രവചിച്ചിരുന്നതായി റിപ്പോര്‍ട്ട്. രാജീവ് ഗാന്ധി വധത്തിന് പിന്നാലെ ഇന്ത്യയിലെ രാഷ്ട്രീയ ഘടനയിലും യു എസ് ബന്ധത്തിലും ഉണ്ടാക്കിയേക്കാവുന്ന രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ചും സി.ഐ.എ സര്‍ക്കാറിനെ അറിയിച്ചിരുന്നതായി റിപോർട്ടുകൾ പുറത്തുവരുന്നു. അടുത്തിടെ സി.ഐ.എ പുറത്തുവിട്ട രേഖകകളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. രാജീവ് ഗാന്ധി 1991 മേയ് 21നാണ് തമിഴ്നാട്ടിലെ ശ്രീപെരുമ്പതൂരില്‍വെച്ച് കൊല്ലപ്പെട്ടത്.

1986 മാര്‍ച്ചില്‍ ‘ഇന്ത്യ രാജീവിനുശേഷം’ എന്ന തലക്കെട്ടില്‍ 23 പേജ് വരുന്ന റിപ്പോര്‍ട്ടാണ് സി.ഐ.എ തയാറാക്കിയത്. 1989ല്‍ കാലയളവ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് രാജീവ് കൊല്ലപ്പെടാന്‍ ചുരുങ്ങിയത് രണ്ട് സാഹചര്യങ്ങളെങ്കിലും കാണുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യഭാഗമായ സുപ്രധാന തീരുമാനങ്ങളിൽ രാജീവ് ഒന്നിലധികം വിഭാഗങ്ങളുടെ വധഭീഷണി നേരിടുന്നതായാണ് പറയുന്നത്. രാജീവ് ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത് കശ്മീര്‍, സിഖ് സംഘടനകളില്‍നിന്നാണ്. സിഖ്, മുസ്ലിം സംഘടനകളാണ് രാജീവിനെ വധിക്കുന്നതെങ്കില്‍ രാജ്യവ്യാപക സാമുദായിക സംഘര്‍ഷം ഉടലെടുത്തേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

രാജീവിന്‍റെ അഭാവം ആഭ്യന്തര, ആഗോള രാഷ്ട്രീയത്തിലുണ്ടാക്കാവുന്ന മാറ്റവും അത് യു.എസ്, സോവിയറ്റ് യൂനിയന്‍ എന്നിവയുമായി ഇന്ത്യയുടെ ബന്ധത്തിലുണ്ടാക്കാവുന്ന ആഘാതങ്ങളും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല രാജീവിന്റെ പിൻഗാമിയായി പി.വി. നരസിംഹ റാവുവോ വി.പി. സിങ്ങോ എത്തുമെന്നും സിഐഎ പ്രവചിക്കുന്നു.

പുറത്തുവന്ന പകർപ്പിൽ തമിഴ് സംഘടനകളില്‍നിന്ന് രാജീവ് ഭീഷണി നേരിട്ടിരുന്നതായി വ്യക്തമല്ല. പക്ഷെ ശ്രീലങ്കന്‍ തമിഴരുടെ പ്രശ്നം പരിഹരിക്കാന്‍ രാജീവ് ഗാന്ധി നടത്തിയ ഇടപെടലുകള്‍ റിപ്പോര്‍ട്ടിൽ പരാമര്‍ശിക്കുന്നുണ്ട്. കൊലപാതകം കൂടാതെ, രാജീവിന്‍റെ ഭരണം അവസാനിക്കാനുള്ള മറ്റുപല കാരണങ്ങളും പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ട്, രാജീവ് വധം യു.എസ്-ഇന്ത്യ ബന്ധത്തില്‍ കനത്ത നഷ്ടം വരുത്തിവെക്കുമെന്നും പറയുന്നു. അടുത്തിടെയാണ് യു.എസ് വിവരാവകാശ നിയമപ്രകാരം പലഭാഗങ്ങളും ഒഴിവാക്കി റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് പരസ്യമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button