പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍നായര്‍ ചില വിഷയങ്ങളില്‍ സ്വീകരിക്കുന്ന നിലപാടുകളിലെ ഇരട്ടത്താപ്പിനെ നിശിതമായി വിമര്‍ശിച്ച് മാതൃഭൂമിയും രംഗത്തെത്തി. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മുന്‍ പത്രാധിപര്‍ എന്ന പരിഗണനപോലും നല്‍കാതെയാണ് എം.ടിക്കെതിരായ വിമര്‍ശനം. ഇന്നത്തെ മാതൃഭൂമി ദിനപത്രത്തിന്റെ സണ്‍ഡേ സ്‌ട്രോക്‌സ് എന്ന പ്രതിവാര കാര്‍ട്ടൂണ്‍ പംക്തിയിലാണ് എം.ടിയെ വിമര്‍ശിച്ചിരിക്കുന്നത്. നോട്ട് നിരോധനത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച എം.ടി കണ്ണൂരിലെ ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സ്വീകരിച്ച മൗനമാണ് കാര്‍ട്ടൂണില്‍ വിഷയമാക്കിയിരിക്കുന്നത്. നോട്ട് നിരോധന വിഷയത്തില്‍ പ്രതികരിക്കുന്ന എംടി കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് മിണ്ടുന്നില്ലെന്ന പരിഹാസമാണ് കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്‍ ഉന്നയിച്ചിരിക്കുന്നത്.
എം.ടി ഇരിക്കുന്ന വീട്ടിലെ മതില്‍ക്കെട്ടിനപ്പുറത്ത് ഒരാളെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുന്നതും കൊച്ചുകുട്ടി നിലവിളിക്കുന്നതും കാര്‍ട്ടൂണിലെ ആദ്യ ചിത്രത്തില്‍ കാണാം. കസേരയില്‍ സങ്കടപ്പെട്ട് കരയുന്ന എം.ടിയെയും കാണാം. എന്നാല്‍ എം.ടിയുടെ ആകുലതയും കണ്ണീരും കൊലപാതക രാഷ്ട്രീയത്തില്‍ അല്ല, തന്റെ കയ്യിലുള്ള 2000 രൂപാ നോട്ട് എന്ത് ചെയ്യണമെന്ന് അറിയാതെയാണെന്ന് അടുത്ത ചിത്രത്തില്‍ വിശദീകരിക്കുന്നു. നോട്ട് ക്ഷാമം മൂലം തുഞ്ചന്‍ സാഹിത്യോല്‍സവം നടത്താനാകുമോ എന്ന് ആശങ്കയുണ്ടെന്നു നേരത്തെ എം.ടി പ്രസ്താവിച്ചിരുന്നു. ഇതാണ് അദ്ദേഹത്തിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടാന്‍ കാര്‍ട്ടൂണിസ്റ്റിനെയും പ്രകോപിപ്പിച്ചിരിക്കുന്നതെന്നു വ്യക്തം.
Post Your Comments