സ്പോണ്‍സറുടെ പിടിവാശി കാരണം നാട്ടില്‍ പോകാനാകാതെ നാല് മാസത്തോളം വനിതാ അഭയകേന്ദ്രത്തില്‍ കഴിയേണ്ടി വന്ന യുവതി ഇന്ത്യയിലേക്ക് മടങ്ങി. ഇന്ത്യന്‍ എംബസ്സിയുടെയും നവയുഗം സാംസ്‌കാരികവേദിയുടെയും ഇടപെടലിനെത്തുടര്‍ന്ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങാന്‍ യുവതിക്ക് അവസരം ഒരുങ്ങിയത്.
കര്‍ണ്ണാടകയിലെ കോലാര്‍ സ്വദേശിനിയും, വിവാഹശേഷം തമിഴ്നാട് മധുരയില്‍ സ്ഥിരം താമസക്കാരിയുമായ മാല ജീവരാജ് എട്ടു മാസങ്ങള്‍ക്കു മുന്‍പാണ് ദമ്മാമില്‍ ഒരു സൗദി ഭവനത്തില്‍ വീട്ടുജോലിക്കാരിയായി എത്തിയത്. എന്നാല്‍ വന്നിട്ട് മാസം നാല് കഴിഞ്ഞിട്ടും ഒരു റിയാല്‍ പോലും സ്‌പോണ്‍സര്‍ ശമ്പളമായി നല്‍കിയില്ല. രാപകല്‍ പണിയെടുപ്പിച്ചിട്ട് ശമ്പളം നല്‍കാത്തതിനെതിരെ മാല പ്രതികരിച്ചപ്പോള്‍, ശകാരവും ഭീക്ഷണിയും മാത്രമാണ് തിരികെ കിട്ടിയത്. ഒടുവില്‍ ഒരു ദിവസം ആരുമറിയാതെ ആ വീട്ടില്‍ നിന്നും പുറത്തുകടന്ന അവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞു. സൗദി പൊലീസ് അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടുചെന്നാക്കി. വനിതാ അഭയകേന്ദ്രത്തില്‍ കണ്ടുമുട്ടിയ നവയുഗം സാംസ്‌കാരികവേദി പ്രവര്‍ത്തകയും മലയാളിയുമായി മഞ്ജു മണിക്കുട്ടനോട് മാല തന്റെ ദുരാവസ്ഥ പറഞ്ഞ്, നാട്ടിലേയ്ക്ക് തിരികെ പോകാന്‍ സഹായിയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.
മാലയുടെ കേസ് ഇന്ത്യന്‍ എംബസ്സിയില്‍ റിപ്പോര്‍ട്ട് ചെയ്ത മഞ്ജു, നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ ഉണ്ണി പൂച്ചെടിയല്‍, പദ്മനാഭന്‍ മണിക്കുട്ടന്‍ എന്നിവര്‍ക്കൊപ്പം മാലയുടെ സ്പോണ്‍സറെ നേരിട്ട് കണ്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ തനിയ്ക്ക് നല്ലൊരു തുക നഷ്ടപരിഹാരം നല്‍കിയാല്‍ മാത്രമേ മാലയ്ക്ക് ഫൈനല്‍ എക്‌സിറ്റ് നല്‍കൂ എന്ന കര്‍ശനമായ നിലപാടിലായിരുന്നു സ്‌പോണ്‍സര്‍. എന്നാല്‍ മാലയ്ക്ക് ഫൈനല്‍ എക്‌സിറ്റും കുടിശ്ശിക ശമ്പളവും നല്‍കണമെന്ന കര്‍ശ്ശനനിലപാടാണ് നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ആ അഭിപ്രായവ്യത്യാസം കാരണം ചര്‍ച്ചകള്‍ വഴിമുട്ടി. മാലയുടെ വനിതാ അഭയകേന്ദ്രത്തില്‍ താമസം നാല് മാസത്തോളം നീണ്ടു പോയി. തുടര്‍ന്നും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകര്‍ നിരന്തരമായി മാലയുടെ സ്‌പോണ്‍സറില്‍ സമ്മര്‍ദ്ദം തുടര്‍ന്നു കൊണ്ടിരുന്നു. മഞ്ജു മണിക്കുട്ടന്‍ വനിതാ അഭയകേന്ദ്രത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെകൊണ്ടും സ്‌പോണ്‍സറോട് പലതവണ സംസാരിപ്പിച്ചു. നിരന്തരസമ്മര്‍ദ്ദങ്ങള്‍ക്ക് ഒടുവില്‍, നഷ്ടപരിഹാരം ഒന്നും വാങ്ങാതെ മാലയ്ക്ക് ഫൈനല്‍ എക്‌സിറ്റ് നല്‍കാമെന്നും മൂന്നു മാസത്തെ കുടിശ്ശികശമ്പളം നല്‍കാമെന്നും സ്‌പോണ്‍സര്‍ സമ്മതിക്കുകയായിരുന്നു. സ്‌പോണ്‍സര്‍ എക്‌സിറ്റ് അടിച്ച പാസ്സ്‌പോര്‍ട്ടും കുടിശ്ശിക ശമ്പളവും നല്‍കിയപ്പോള്‍ മാല നാട്ടിലേക്കുള്ള വിമാനടിക്കറ്റ് സ്വയമെടുത്തു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി തന്നെ സഹായിച്ചവര്‍ക്ക് നന്ദി പറഞ്ഞ് അവര്‍ നാട്ടിലേയ്ക്ക് മടങ്ങി.
Post Your Comments