
വാഷിങ്ടൺ : ഏഴ് മുസ്ലീം രാഷ്ട്രങ്ങളിലെ പൗരന്മാർക്ക് യു.എസിൽ പ്രവേശിക്കുന്നതിനുള്ള താത്കാലിക വിലക്ക് പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ. അടുത്ത ഘട്ടമായി പാകിസ്ഥാൻ പൗരന്മാർക്കും യുഎസ്സിൽ വിലക്ക് ഏർപ്പെടുത്തുമെന്ന് സൂചന. എ.ബി.സി ന്യൂസിന് കഴിഞ്ഞ ദിവസം അനുവദിച്ച അഭിമുഖത്തിൽ ഡോണൾഡ് ട്രംപ് ഇതിന് വ്യക്തമായ ഉത്തരം നൽകിയില്ലെങ്കിലും പാക്കിസ്ഥാനികൾക്കും പ്രവേശനം ദുഷ്കരമായിരിക്കുമെന്നുളള സൂചനകളാണ് നൽകിയത്.
പട്ടികയിൽപെടാത്ത രാജ്യങ്ങളായ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, സൗദി അറേബ്യയിൽ നിന്നുള്ളവർക്ക് എന്തെങ്കിലും നിയന്ത്രണം കൊണ്ടുവരാൻ സാധ്യതയുണ്ടോ? എന്നായിരുന്നു അവതാരകന്റെ ചോദ്യം. “വളരെ കർക്കശ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷം മാത്രമേ എല്ലാവരുടെയും പ്രവേശനം ഇനി അനുവദിക്കൂ. ചെറിയ രീതിയിൽ സംശയം തോന്നുന്ന ആളുകളെപോലും പ്രവേശിപ്പിക്കില്ല. ബാക്കിയൊക്കെ നിങ്ങൾക്ക് കാത്തിരുന്ന് കാണുക” എന്നായിരുന്നു ട്രംപിന്റെ മറുപടി.
നിലവിലെ വിസ അനുവദിക്കുന്ന പ്രക്രിയയിൽ മാറ്റം വരുത്തും. വേൾഡ് ട്രേഡ് സെന്ററിന് എന്താണ് സംഭവിച്ചതെന്നും സാൻ ബർണാഡിനോയിൽ എന്താണ് നടന്നതെന്നും നിങ്ങൾക്ക് ഓരോ ഉദ്ദാഹരണമായി എടുത്ത് പരിശോധിക്കാവുന്നതാണ്.ഇനിയൊരു ഭീകരാക്രമണം തടയാൻ ചെയ്യാവുന്നതെല്ലാം താൻ ചെയ്യുമെന്നും ട്രംപ് അഭിമുഖത്തിൽ പറഞ്ഞു.
Post Your Comments