ദമ്മാം•സ്പോൺസറുടെ വീട്ടിലെ ദുരിതജീവിതത്തിൽ നിന്നും രക്ഷപ്പെട്ട് വനിതാ അഭയകേന്ദ്രത്തിൽ എത്തിയ വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദിയുടെയും, ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
ഹൈദരാബാദ് സ്വദേശിനിയും ചെന്നൈയിൽ താമസക്കാരിയുമായ അങ്കമ്മ വെമുല ഒൻപതു മാസങ്ങൾക്ക് മുൻപാണ് ജുബൈലിൽ ഒരു സൗദി ഭവനത്തിൽ വീട്ടുജോലിക്കാരിയായി എത്തിയത്. എന്നാൽ വളരെ മോശം ജോലിസാഹചര്യങ്ങളാണ് അവർക്ക് നേരിടേണ്ടി വന്നത്. രാപകലില്ലാതെ ജോലി, സ്പോൺസറുടെ ഭാര്യയുടെ വക ശകാരം, വിശ്രമമില്ലായ്മ മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ എന്നിങ്ങനെ പ്രശ്നങ്ങൾ ഒന്നിനു മുകളിൽ ഒന്നായി അവർക്കു നേരിടേണ്ടി വന്നു. ആദ്യത്തെ മൂന്നു മാസം ശമ്പളം കിട്ടിയെങ്കിലും, പിന്നീട് അതും കിട്ടാതെയായി. അഞ്ച് മാസത്തോളം ശമ്പളം കിട്ടാതായപ്പോൾ, അതിനെതിരെ പ്രതിഷേധിച്ചതിന്, സ്പോൺസറുടെ ഭാര്യ തന്നെ മർദിച്ചതായി അങ്കമ്മ പറയുന്നു. ജീവിതം പൂർണ്ണമായും ദുരിതമയമായപ്പോൾ, ആരോടും പറയാതെ പുറത്തു കടന്ന അവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അഭയം തേടി. പോലീസ് അവരെ ദമ്മാമിലുള്ള വനിതാ അഭയകേന്ദ്രത്തിൽ കൊണ്ടുചെന്നാക്കി.
അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് അങ്കമ്മ സഹായം അഭ്യർത്ഥിച്ചു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവർത്തകരും അങ്കമ്മയുടെ സ്പോൺസറോട് സംസാരിച്ചെങ്കിലും, ഒരു തരത്തിലുള്ള സഹകരണത്തിനോ, ഒത്തുതീർപ്പിനോ സ്പോൺസർ തയ്യാറായില്ല. തുടർന്ന് മഞ്ജു മണിക്കുട്ടൻ ഇന്ത്യൻ എംബസ്സി വഴി ഇവർക്ക് ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനൽ എക്സിറ്റ് അടിച്ചു വാങ്ങുകയും ചെയ്തു.
ടിക്കറ്റ് എടുക്കാൻ പണമില്ലാത്തതിനാൽ അങ്കമ്മയുടെ മടക്കയാത്ര വീണ്ടും നീണ്ടു പോയി. അവരുടെ ദുരവസ്ഥ നവയുഗം പ്രവർത്തകരിൽ നിന്നും കേട്ട, ദമ്മാമിലെ സിറ്റി ഫ്ളവർ സൂപ്പർമാർക്കറ്റ് കമ്പനി അവർക്കുള്ള വിമാനടിക്കറ്റും, നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള സമ്മാനങ്ങളും സൗജന്യമായി നൽകി. എല്ലാവർക്കും നന്ദി പറഞ്ഞ് അങ്കമ്മ വെമുല നാട്ടിലേയ്ക്ക് മടങ്ങി.
Post Your Comments