നെടുമ്പാശേരി: മാർച്ച് പകുതിയോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ (സിയാൽ) പുതിയ ടെർമിനൽ(ടി ത്രി) പ്രവർത്തനമാരംഭിക്കും. പുതിയ ടെർമിനലിന്റെ സുരക്ഷാ പരിശോധനകൾ പൂർത്തിയായി. 15 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് ടെർമിനൽ നിർമ്മിച്ചിരിക്കുന്നത്. ടെർമിനൽ, ഫ്ളൈഓവർ, ഏപ്രൺ (വിമാനങ്ങൾ എത്തിച്ചേരുന്ന ഇടം) എന്നിവയുൾപ്പെടെ 1100 കോടി രൂപ മുതൽമുടക്കിലാണ് പുതിയ ടെർമിനലിന്റെ രൂപകൽപന.
2014 ഫെബ്രുവരിയിലാണ് ടെർമിനലിന് തറക്കല്ലിട്ടത്. റെക്കോർഡ് വേഗത്തിലാണ് ഇതിന്റെ നിർമാണം പൂർത്തിയാക്കിയത്. ചതുരശ്ര അടിയ്ക്കു 4250 രൂപയിൽ ടെർമിനൽ പൂർത്തിയാക്കാൻ സാധിച്ചു. അനുബന്ധ സൗകര്യ വികസനം, എയർപോർട്ട് സുരക്ഷാ ഉപകരണങ്ങൾ എന്നിവയ്ക്കായി ചെലവാക്കിയ തുക കൂടി ഉൾപ്പെടുത്തിയാൽ ചതുരശ്ര അടിക്കു 5700 രൂപ. പുതിയ ടെർമിനൽ ഏറ്റവും വേഗത്തിൽ ചെലവു കുറച്ചു നിർമിക്കാൻ കഴിഞ്ഞതാണ് സിയാലിന്റെ നേട്ടമെന്നു വിമാനത്താവള മാനേജിങ് ഡയക്ടർ വി.ജെ. കുര്യൻ പറഞ്ഞു.
അത്യാധുനിക സാങ്കേതിക വിദ്യയും സുരക്ഷാ സൗകര്യങ്ങൾക്കും പുറമെ കേരളീയ ശിൽപ സൗന്ദര്യവും ഉൾക്കൊള്ളിച്ചാണ് പുതിയ ടെർമിനൽ പണിചെയ്തിരിക്കുന്നത്. തൃശൂർ പൂരത്തിന്റെ മാതൃകയിൽ 15 ഗജവീരൻമാരുടെ ശിൽപമാണ് ടെർമിനൽ കവാടം കടന്നെത്തുമ്പോൾ നമ്മെ സ്വീകരിക്കുന്നത്. മൂന്നാം ടെർമിനലിനു നിലവിലുള്ള ആഭ്യന്തര-രാജ്യാന്തര ടെർമിനലുകളുടെ മൊത്തം വിസ്തൃതിയുടെ രണ്ടര ഇരട്ടിയുണ്ട്. അടുത്ത 20 വർഷം വരെയുള്ള യാത്രക്കാരുടെ വർധനവു കണക്കിലെടുത്താണ് ഇത്രയും സൗകര്യങ്ങൾ ഒരുക്കിയതെന്നു സിയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ (എൻജിനീയറിങ്) എ.എം. ഷബീർ പറയുന്നു. ടി-ത്രി പ്രവർത്തനം ആരംഭിക്കുന്നതോടെ നിലവിലുള്ള ടെർമിനലുകൾ ആഭ്യന്തര എയർലൈൻ സർവീസിനു മാറ്റിവയ്ക്കും.
ഇതോടെ സിയാലിനു 21 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ടെർമിനലുകൾ ലഭ്യമാകും. നിലവിൽ ഒരുലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ പ്രവർത്തിക്കുന്ന ആഭ്യന്തര ടെർമിനലിന് അതോടെ അഞ്ചു ലക്ഷം ചതുരശ്രയടി വിസ്തീർണമുണ്ടാകും. നിലവിലുള്ള ആഭ്യന്തര ടെർമിനൽ സ്വകാര്യ ജെറ്റുകളുടെയും ഹെലികോപ്റ്ററുകളുടെയും ടെർമിനലും വാണിജ്യ കേന്ദ്രവുമാക്കി മാറ്റാനാണ് ആലോചന. മികച്ച സൗകര്യങ്ങളോടു കൂടിയ ഡ്യൂട്ടി ഫ്രീ ഷോപ്പ്, 24 മണിക്കൂർ പ്രവർത്തിക്കുന്ന ഫുഡ് കോർട്ട് തുടങ്ങിയവയും പുതിയ ടെർമിനലിലുണ്ട്.
മാത്രമല്ല പുതിയ ടെർമിനൽ പ്രവർത്തനം തുടങ്ങുമ്പോൾ യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കു നേരിട്ടുള്ള വിമാന സർവീസുകൾ ഉണ്ടാകുമോയെന്നറിയാനുള്ള ആകാംക്ഷയിലാണു യാത്രക്കാർ. നിലവിൽ നേരിട്ടുള്ള സർവീസുകളില്ലാത്തത് യാത്രക്കാർക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. സർവീസുകൾ ആരംഭിക്കുന്ന കാര്യങ്ങളെക്കുറിച്ചു വിമാനക്കമ്പനികളുമായി ചർച്ച നടത്തി വരികയാണെന്നു വിമാനത്താവള എംഡി വി.ജെ. കുര്യൻ പറഞ്ഞു.ഒരു കൊല്ലത്തേക്കു ലാൻഡിങ് ഫീസ് ഒഴിവാക്കി കൊടുക്കാമെന്ന നിർദേശം സിയാൽ മുന്നോട്ടു വച്ചിട്ടുണ്ട്.
കൂടാതെ പുതിയ ടെർമിനൽ പ്രവർത്തനമാരംഭിക്കുമ്പോഴും പൂർണമായും സൗരോർജം ഉപയോഗിച്ചു പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമെന്ന പദവിയും സിയാൽ നിലനിർത്തും. 12 മെഗാവാട്ടിന്റെ സോളർ സംവിധാനം ഉപയോഗിച്ചാണ് ഇപ്പോൾ വിമാനത്താവളത്തിന്റ പ്രവർത്തനങ്ങൾക്കാവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കുന്നത്.
പുതിയ ടെർമിനൽ മൂന്നു നിലകളിലാണ്. താഴെ അറൈവൽ ഭാഗവും മുകളിൽ ഡിപാർച്ചർ വിഭാഗവും പ്രവർത്തിക്കും. മണിക്കൂറിൽ 4000 യാത്രക്കാരെ വരെ ഇവിടെ കൈകാര്യം ചെയ്യാനാകും. അഞ്ചു വലിയ വിമാനങ്ങളും 10 ചെറിയ വിമാനങ്ങളും പാർക്ക് ചെയ്യാവുന്ന 15 ബേയുണ്ടാകും. ഡിപാർച്ചർ വിഭാഗത്തിലേക്കു പ്രത്യേക എലിവേറ്റഡ് റോഡുമുണ്ട്.
Post Your Comments