കേരളത്തിലെ പ്രമുഖ വിദ്യാര്‍ഥി സംഘടനയാണ് എസ്.എഫ്.ഐ. സി.പി.എമ്മിന്റെ വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐക്ക് നിരവധി പ്രക്ഷോഭങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിച്ച പാരമ്പര്യവും ചരിത്രവുമുണ്ട്. അതേ പോരാട്ടവീര്യം തന്നെയാണ് എസ്.എഫ്.ഐ ലോ അക്കാദമി സമരത്തിലും പ്രകടമാക്കുന്നത്. ലോ അക്കാദമിയുടെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്നതിനൊപ്പം പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരെ പദവിയില്‍നിന്നു മാറ്റണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടിരുന്നു. തനിക്കെതിരേ നിലപാടെടുത്ത എസ്.എഫ്.ഐ നേതാക്കളെ കള്ളക്കേസില്‍ കുടുക്കിയ ചരിത്രമാണ് ലക്ഷ്മിനായര്‍ക്കുള്ളത്. അതേസമയം സംസ്ഥാനത്തെ ഉന്നത സി.പി.എം നേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തുന്ന ലക്ഷ്മിനായര്‍ക്കെതിരെ നിലപാട് എടുക്കേണ്ട എന്നതാണ് സമരത്തിന്റെ തുടക്കം മുതല്‍ സി.പി.എം സ്വീകരിച്ച രീതി. അതിനിടെ എസ്.എഫ്.ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ പ്രക്ഷോഭം ശക്തമാക്കുകയും സമരം ബി.ജെ.പി ഏറ്റെടുക്കുകയും ചെയ്തതോടെ സി.പി.എമ്മിനു പ്രശ്‌നത്തില്‍ ഇടപെടേണ്ടതായി വന്നു.
ലോ അക്കാദമിയും ലക്ഷ്മിനായരും സി.പി.എമ്മിലെ ഉന്നതര്‍ക്ക് അത്രമേല്‍ പ്രീയപ്പെട്ടതാണ്. ഇന്നലെ കുരുത്ത തകരകളായ ലോ അക്കാദമിയിലെ എസ്.എഫ്.ഐ പിള്ളേര്‍ക്ക് ആ ബന്ധമൊന്നും അറിയില്ല. ഉന്നത പിടിപാടുള്ള ലക്ഷ്മിനായരെ പിണക്കിയാല്‍ പാര്‍ട്ടിയിലെ പലയുവരക്തങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ നിയമബിരുദങ്ങളുടെ മുഖപടം അഴിഞ്ഞുവീഴും. സംസ്ഥാന കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും ബന്ധുക്കളുള്ള ലക്ഷ്മിനായര്‍ക്ക് സി.പി.എം എന്തുകൊണ്ടും പിന്തുണ നല്‍കും. പുറത്ത് പ്രക്ഷോഭങ്ങള്‍ എത്രത്തോളം ശക്തമായാലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ശക്തമായ പിന്തുണ ലക്ഷ്മിനായര്‍ക്കും ലോ അക്കാദമിക്കും ലഭിക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ എസ്.എഫ്.ഐ നടത്തുന്ന സമരത്തിനുമേല്‍ സി.പി.എമ്മിന്റെ കര്‍ശന നിയന്ത്രണം ഉണ്ടാകുമെന്നും ഉറപ്പാണ്. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം ലോ അക്കാദമി സമരത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ അഭിപ്രായപ്രകടനവും ശ്രദ്ധേയമാകുന്നത്.
ലക്ഷ്മിനായര്‍ രാജിവെക്കണമെന്ന അഭിപ്രായം സി.പി.എമ്മിനില്ലെന്നും ലോ അക്കാദമിയില്‍ നടക്കുന്നത് വിദ്യാര്‍ഥി സമരമാണെന്നുമായിരുന്നു കോടിയേരിയുടെ പ്രതികരണം. ഇത് അക്ഷരാര്‍ഥത്തില്‍ എസ്.എഫ്.ഐയെ ഞെട്ടിക്കുന്നതായിരുന്നു. ഇതോടെ തങ്ങള്‍ നടത്തുന്ന സമരത്തിനു സി.പി.എമ്മിന്റെ പിന്തുണ ഇല്ലെന്നു എസ്.എഫ്.ഐക്ക് ബോധ്യപ്പെട്ടു. എ.ബി.വി.പി നടത്തുന്ന സമരത്തിന് ബി.ജെ.പി നേതൃത്വം പിന്തുണക്കുമ്പോള്‍ എസ്.എഫ്.ഐക്കാരുടെ സമരത്തെ സി.പി.എം അവഗണിക്കുന്നു എന്ന രീതിയില്‍ വ്യാഖ്യാനങ്ങളും പുറത്തുവന്നു. ഇതോടെ ലക്ഷ്മിനായരെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത് എന്ന ആക്ഷേപവും ശക്തമായി. കോടിയേരിയുടെ പ്രതികരണത്തിനു പിന്നാലെ ഇക്കാര്യത്തില്‍ തങ്ങളുടെ പരിഭവം എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സി.പി.എം ജില്ലാ കമ്മിറ്റിയെ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് ലോ അക്കാദമി പ്രശ്നത്തില്‍ വിദ്യാര്‍ഥി സമരത്തെ അനുകൂലിച്ചു സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന ഇറക്കിയത്.
വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ന്യായമാണെന്നും സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു. ലോ അക്കാദമി വിഷയത്തില്‍ മാനേജ്മെന്റെ് പിടിവാശി ഉപേക്ഷിക്കണമെന്നും വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിച്ച് സമരം ഒത്തുതീര്‍പ്പാക്കാന്‍ മാനേജ്മെന്റ് തയറാകണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ പാര്‍ട്ടി ജില്ലാ ഘടകം കൂടി പിന്തുണ പ്രഖ്യാപിച്ചതോടെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇന്ന് ലോ അക്കാദമിയില്‍ എസ്.എഫ്.ഐയുടെ സമരപന്തല്‍ സന്ദര്‍ശിക്കേണ്ടിവന്നത്.
സമരത്തില്‍ പാര്‍ട്ടി ഇടപെടല്‍ വൈകിയതിലുള്ള ജാള്യതയും കോടിയേരിക്കുണ്ടായിരുന്നു. അവിടെയും താന്‍ കഴിഞ്ഞ ദിവസം പറഞ്ഞ അഭിപ്രായത്തെ അതേപടി നിലനിര്‍ത്താനാണ് കോടിയേരി ശ്രമിച്ചതെന്നും ശ്രദ്ധിക്കേണ്ടതാണ്. ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരത്തിനു നേതൃത്വം വഹിക്കുന്ന എസ്.എഫ്.ഐക്ക് സ്വതന്ത്രമായി സമരകാര്യങ്ങള്‍ തീരുമാനിക്കാന്‍ കഴിയുമെന്നും വിദ്യാര്‍ഥി സമരം വിജയിപ്പിക്കാന്‍ കരുത്തുള്ള സംഘടനയാണ് എസ്.എഫ്.ഐയെന്നും കോടിയേരി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ എസ്.എഫ്.ഐക്കു കീഴില്‍ അണിനിരക്കുന്ന വിദ്യാര്‍ഥി സമൂഹത്തിനു കോടിയേരിയോട് ചോദിക്കാനുള്ളതും അതുതന്നെയാണ്.
സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാനും കഴിവുള്ളവര്‍ എന്ന നിലക്ക് ഇനിയെങ്കിലും എസ്.എഫ്.ഐ കണ്ണുരുട്ടി ഭയപ്പെടുന്ന കീഴ്‌വഴക്കത്തില്‍നിന്നും സി.പി.എമ്മിനു പിന്തിരിഞ്ഞുകൂടേ? ഏതായാലും സമരത്തിന്റെ നിയന്ത്രണം ബി.ജെ.പി ഏറ്റെടുത്തിരിക്കുന്നുവെന്ന മാധ്യമവ്യാഖ്യാനങ്ങള്‍ പുറത്തുവരികയും സി.പി.എം നിലപാട് ചോദ്യം ചെയ്യപ്പെടുകയും ചെയ്തതോടെയാണ് സമരത്തിന് ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി സി.പി.എം സംസ്ഥാന നേതൃത്വം രംഗത്ത് എത്തിയിരിക്കുന്നതും എന്നതും ശ്രദ്ധേയമാണ്.
Post Your Comments