Interviews

സൗജന്യ സേവനവുമായി 17 ആംബുലന്‍സുകള്‍; രക്തദാനത്തിന് തയ്യാറായി 36,000 പേര്‍ അപകടത്തില്‍പെട്ട 4 ലക്ഷത്തിധികം ആളുകളെ ആശുപത്രിയില്‍ എത്തിച്ച് സേവന പാതയില്‍ ചരിത്രമെഴുതി തൃശൂരിലെ ആക്ട്സ്

ആക്ട്സ് ജനറല്‍ സെക്രട്ടറി ഫാ.ഡേവിസ് ചിറമ്മലുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം

അവയവ ദാനം എന്ന ജീവകാരുണ്യ മേഖലക്കൊപ്പം എഴുതി ചേര്‍ക്കപ്പെട്ട പേരാണ് ഫാ.ഡേവിസ് ചിറമ്മല്‍ എന്നത്. സ്വന്തം കിഡ്നി ദാനം ചെയ്ത് അവയവ ദാനത്തിന്റെ മാഹാത്മ്യം സമൂഹത്തെ അറിയിച്ച അച്ചന്റെ അടുത്ത ശ്രമം ഈ ഉദ്യമത്തിനായി കൂടുതല്‍ ആളുകളെ പ്രാപ്തരാക്കുക എന്നതായിരുന്നു. അങ്ങനെ 2009 ല്‍ അദ്ദേഹം ആരംഭിച്ച പ്രസ്ഥാനമാണ് ‘കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യ’. ഏതാണ്ട് 250 ല്‍ അധികം ആളുകള്‍ക്കാണ് ഇതുവഴി പുനര്‍ജന്മം കിട്ടിയത്. ഇന്ന് കിഡ്നി സംബന്ധമായ അസുഖം ബാധിച്ചാല്‍, അവര്‍ ആദ്യം വിളിക്കുന്നതും ചിറമ്മല്‍ അച്ചനെയാണ്. എന്നാല്‍ കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യ സ്ഥാപിക്കപ്പെടുന്നതിനും എത്രയോ മുമ്പ് തന്നെ ഫാ.ഡേവിസ് ചിറമ്മല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു എന്നതാണ് വാസ്തവം.

റോഡപകടങ്ങളില്‍പെട്ടവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കാന്‍ തൃശൂര്‍ കേന്ദ്രമാക്കി 2000 ല്‍ അദ്ദേഹം രൂപം കൊടുത്ത ജീവകാരുണ്യ പ്രസ്ഥാനമാണ് ആക്സിഡന്റ് കെയര്‍ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസ് അഥവാ ആക്ട്സ് . അപകടം പറ്റിയ നാല് ലക്ഷത്തിലധികം ആളുകളെയാണ് ആക്ട്സിന്റെ ശ്രമഫലമായി ഇതുവരെ ആശുപത്രിയില്‍ എത്തിച്ചത്. ആക്ട്സിനെ പറ്റിയും പ്രവര്‍ത്തനങ്ങളെ പറ്റിയും അച്ചന്‍ സംസാരിക്കുന്നു. കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യയുടെ ചെയര്‍മാനും ആക്ട്സിന്റെ ജനറല്‍ സെക്രട്ടറിയുമായ ഫാ.ഡേവിസ് ചിറമ്മലുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം.

? ആക്ട്സ് എന്ന ജീവകാരുണ്യ പ്രസ്ഥാനത്തിന്റെ തുടക്കം….?

? ഒരു സുഹൃത്തിന്റെ മരണം തന്നെയാണ് ആക്ട്സ് എന്ന പ്രസ്ഥാനം രൂപീകരിക്കാന്‍ മനസിന് പ്രേരണ നല്‍കിയത്. തന്റെ പിതാവ് മരണപ്പെട്ട് കൃത്യം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അപകടത്തില്‍ പെട്ട് ഇദ്ദേഹം മരിക്കുകയാണ്. രക്തം വാര്‍ന്ന് മണിക്കൂറുകള്‍ റോഡില്‍ കിടന്നിട്ടും ആശുപത്രിയില്‍ എത്തിക്കാന്‍ ആരും തയ്യാറായില്ല. അപകടത്തില്‍പെട്ടവരെ ആശുപത്രിയില്‍ എത്തിച്ച് കഴിഞ്ഞാലുള്ള നൂലാമാലകളാണ് പലരെയും ഇതില്‍ നിന്ന് പിന്തിരിപ്പിച്ചത്. ഈ മനോഭാവം മാറണമെന്ന ആഗ്രഹമാണ് ആക്ട്സിലേക്ക് നയിച്ചത്. പൂര്‍ണ്ണമായും സൗജന്യമാണ് ആക്ട്സിന്റെ സേവനങ്ങള്‍.

? ആക്ട്സിനെ പറ്റി കൂടുതല്‍ വിശദമാക്കുമോ?

? 2000 ല്‍ ഒരു സ്വകാര്യ ചിട്ടി കമ്പനി സൗജന്യമായി നല്‍കിയ ആംബുലന്‍സുമായിട്ടാണ് ആക്ട്സിന്റെ തുടക്കം. അഭ്യുദയകാംക്ഷികളുടെ സംഭാവനയായി 17 ആംബുലന്‍സുകള്‍ ഇന്ന് ആക്ട്സിന് സ്വന്തമായുണ്ട്. 365 ദിവസവും 24 മണിക്കൂറും കര്‍മ്മനിരതരാണ് ഇതിന്റെ സാരഥികളൊക്കെയും. 1099 എന്ന ടോള്‍ ഫ്രീ നമ്പറും സദാ സജ്ജമാണ്‌. അപകടപ്പെട്ടയാളെ ഒരു മണിക്കൂറിനുള്ളില്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയാണ് ആദ്യ ദൗത്യം. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തുന്നത് വരെ പരിചരിക്കുകയാണ് അടുത്തതായി ചെയ്യുന്നത്. ഗോള്‍ഡന്‍ അവര്‍ എന്നാണ് ഈ സമയത്തെ ഞങ്ങള്‍ വിളിക്കുന്നത്. ബന്ധുക്കള്‍ വരുന്നത് വരെ ആവശ്യമുള്ള ചെലവുകളും ആക്ട്സ് വഹിക്കും. രക്തദാനം നടത്താന്‍ സന്നദ്ധരായവരെയും ഈ സമയം കൊണ്ട് ആശുപത്രിയില്‍ എത്തിക്കും. ഇതിനായി വിവിധ രക്ത ഗ്രൂപ്പുകളില്‍ പെട്ട 36000 പേര്‍ പൂര്‍ണ്ണ സമയം സന്നദ്ധമാണ്. ഇന്ന് തൃശൂര്‍ കൂടാതെ ചേര്‍പ്പ്, കേച്ചേരി, തൃപയാര്‍, ഗുരുവായൂര്‍, ഒല്ലൂര്‍, ചെന്ത്രാപ്പിന്നി, വടക്കാഞ്ചേരി, എരുമപ്പെട്ടി, പുന്നയ്ക്കബസാര്‍, കൊടുങ്ങല്ലൂര്‍, പറപ്പൂര്‍, മുതുവറ, വാടാനപ്പള്ളി എന്നിവിടങ്ങളിലും ആക്ട്സിന് യൂണിറ്റുകള്‍ ഉണ്ട്.

? എങ്ങനെയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്?

? ജില്ലാ ഭരണകൂടത്തിന്റെയും പോലീസ് ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെയാണ് ആക്ട്സ് മുമ്പോട്ട് പോകുന്നത്. ജില്ലാ കളക്ടര്‍ പ്രസിഡന്റും പോലീസ് കമ്മീഷണര്‍ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു. പക്ഷേ , ആക്ട്സിന്റെ ജീവനാഡി എന്നത് സേവന സന്നദ്ധരായ ജനങ്ങള്‍ തന്നെയാണ്. ഈ പ്രവര്‍ത്തനത്തെ ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും കൈയ്യും മെയ്യും മറന്ന് സഹായിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് മാത്രമാണ് ഈ പതിനേഴാമത് വര്‍ഷവും സ്ത്യുത്യര്‍ഹമായി പ്രവര്‍ത്തിക്കാന്‍ ഞങ്ങളുടെ ടീമിന് സാധിക്കുന്നത്. ആക്ട്സിന്റെ പ്രവര്‍ത്തകരെ ‘ഗാര്‍ഡിയന്‍ ഓഫ് ഏയ്ഞ്ചല്‍സ് ‘ എന്നാണ് വിളിക്കുന്നത്.

?സുപ്രീം കോടതി നിയോഗിച്ച സ്കന്ദന്‍ കമ്മറ്റി ആക്ട്സിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്ന് വിലയിരുത്തുകയുണ്ടായല്ലോ…?

? അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് , അതിനെ തുടര്‍ന്നുണ്ടാകുന്ന കേസിന്റെ നൂലാമാലകളും നിയമനടപടികളും ഒഴിവാക്കുന്നതിന് കൈക്കൊള്ളേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയാണ് സ്കന്ദന്‍ കമ്മിറ്റി. ആക്ട്സിന്റെ പ്രവര്‍ത്തനങ്ങളെ പറ്റി പ്രസ്തുത കമ്മറ്റി സസൂക്ഷ്മം പഠിക്കുകും പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് വിലയിരുത്തി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി മൂന്ന് കാര്യങ്ങളാണ് പരാമര്‍ശിച്ചത്. അപകടത്തില്‍പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്നവരുടെ പേരില്‍ കേസെടുക്കുകയോ ബാധ്യത ചുമത്തുകയോ ചെയ്യരുത്. ചികിത്സക്ക് തടസം പറയുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണം. ആശുപത്രിയില്‍ എത്തിക്കുന്നവരോട് പേരും മേല്‍വിലാസവും ചോദിക്കാന്‍ പാടില്ല. ആശുപത്രിയില്‍ എത്തിക്കുന്നവര്‍, ആശുപത്രി അധികൃതരില്‍ നിന്ന് അഡ്മിഷന്‍ രേഖ ആവശ്യപ്പെട്ടാല്‍ കൊടുക്കണം.

? ജീവകാരുണ്യരംഗത്ത് ആക്ട്സ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഭാവി പദ്ധതികള്‍?

? ഇപ്പോള്‍ തൃശൂര്‍ ജില്ലയില്‍ മാത്രമാണ് ആക്ട്സിന്റെ സേവനം ലഭ്യമാകുന്നത്. ഇത് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കണമെന്ന് പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. പക്ഷേ , പ്രവര്‍ത്തന സന്നദ്ധരായി ആയിരക്കണക്കിന് വോളണ്ടിയേഴ്സിനെ ആവശ്യമുണ്ട്. ഞങ്ങള്‍ക്കൊപ്പം ജനങ്ങളും മുന്നിട്ടിറങ്ങിയാല്‍ മാത്രമേ ഇത് പ്രാവര്‍ത്തികമാവുകയുള്ളു. നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങളില്‍ ഒന്ന് ‘എയര്‍ ആംബുലന്‍സ് ‘ ആണ്. അമേരിക്കന്‍ ഹാര്‍ട്ട് ഫൗണ്ടേഷന്റെ സഹകരണത്തിലാണ് ഇത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ചര്‍ച്ചകള്‍ നടന്നു വരുന്നു. ഈ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ അവയവദാന രംഗത്ത് ഏറെ മുന്നോട്ടു പോകാന്‍ സാധിക്കും.

കര്‍മ്മപഥത്തില്‍ കര്‍മ്മോത്സുകനായി മുന്നോട്ട് പോവുകയാണ് ഫാ.ഡേവിസ് ചിറമ്മല്‍. വേദനിക്കുന്നവന് മുമ്പില്‍ സ്വാന്തന സ്പര്‍ശമായി, മാനവ സ്നേഹത്തിന്റെ ഉദാത്ത മാതൃകയാവുകയാണ് ഈ പുരോഹിതന്‍. അവിടെ ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്ക് സ്ഥാനമില്ല. സ്ത്രീപുരുഷ ഭേദമില്ല. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വ്യത്യാസം ഇല്ല. മനുഷ്യര്‍ മാത്രം ! അതുകൊണ്ടുതന്നെ ഫാ.ഡേവിസ് ചിറമ്മല്‍ ഒരു ജീവകാരുണ്യ പ്രവര്‍ത്തകന്‍ മാത്രമല്ല. മറിച്ച്, നന്മയുള്ള കുറച്ച് മനുഷ്യരെ കൂട്ടിയോജിപ്പിച്ച കാര്‍മ്മികന്‍ കൂടിയാണെന്ന് പറയേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button