ഷാര്‍ജ•സോഷ്യല്‍ മീഡിയയില്‍ അശ്ലീല ചിത്രം പോസ്റ്റ് ചെയ്തതിന് അപ്പീല്‍ കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയ അറബ് യുവതിയുടെ ശിക്ഷ വിധി ഫെഡറല്‍ സുപ്രീംകോടതി ശരിവച്ചു.
ഒരു ഈജിപ്ഷ്യന്‍ യുവതിയാണ് താന്‍ ഒരു പുരുഷനോടൊപ്പം ഇരിക്കുന്ന ആഭാസകരമായ ചിത്രം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ഇത് ശ്രദ്ധയില്‍പ്പെട്ട ജി.സി.സി പൗരനായ യുവതിയുടെ ഭര്‍ത്താവാണ് യു.എ.ഇ നിയമപ്രകാരവും ശരിയ നിയമപ്രകാരവും യുവതിയ്ക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പോലീസിനെ സമീപിച്ചത്.
കേസില്‍ പ്രാഥമിക കോടതി നിരപരാധിയാണെന്ന് കണ്ടെത്തി യുവതിയെ കുറ്റവിമുക്തയാക്കിയിരുന്നു. ഈ വിധിക്കെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് അപ്പീല്‍ കോടതി യുവതിയെ നാടുകടത്താന്‍ ഉത്തരവിടുകയായിരുന്നു. ഇതിനെതിരെ യുവതി അപ്പീല്‍ നല്‍കിയതോടെയാണ് കേസ് ഫെഡറല്‍ സുപ്രീംകോടതിയിലേക്ക് നീങ്ങിയത്. ഒടുവില്‍ സുപ്രീംകോടതി അപ്പീല്‍ കോടതിയുടെ നടപടി ശരിവയ്ക്കുകയായിരുന്നു.
30 കളിലാണ് ദമ്പതികളുടെ പ്രായം. യുവതി അപരിചിതനോടൊപ്പം ഇരിക്കുന്ന ചിത്രം യാദൃശ്ചികമായി കാണാനിടയായ ഭര്‍ത്താവ് ഞെട്ടിപ്പോയെന്ന് ഭര്‍ത്താവിന്റെ അഭിഭാഷകന്‍ ഇമാന്‍ സബ്ത് പറഞ്ഞു. വിവാഹ വഞ്ചനയായാണ് പരാതി പരിഗണിച്ചതെന്നും അതിനനുസരിച്ചാണ് യുവതിയുടെ മേല്‍ കുറ്റം ചുമത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments