Kerala

ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കണം : വി. മുരളീധരന്‍

തിരുവനന്തപുരം : അഴിമതിയും വിദ്യാര്‍ത്ഥിപീഡനവും നടത്തുന്ന മാനേജ്മെന്റില്‍ നിന്ന് ലോഅക്കാദമി ലോ കോളേജ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന്‍ ആവശ്യപ്പെട്ടു. പേരൂര്‍ക്കട ലോ അക്കാദമി പരിസരത്ത് വിദ്യാര്‍ത്ഥികളുടെ നിരാഹാര സമരത്തെ പിന്തുണച്ചുള്ള 48 മണിക്കൂര്‍ ഉപവാസം തുടങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്കാദമി ഗേറ്റില്‍ നിരാഹാര സമരം നടത്തുന്ന വിവിധ വിദ്യാര്‍ത്ഥിസംഘടനാ നേതാക്കളെ അവരുടെ സമരപന്തലുകളില്‍ പോയി കണ്ട ശേഷമാണ് വി.മുരളീധരന്‍ ഉപവാസം തുടങ്ങിയത്. വിദ്യാര്‍ത്ഥികളുടെ സമര പന്തലിലെത്തിയ മുരളീധരനെ മുദ്രാവാക്യം വിളികളോടെയാണ് അവര്‍ സ്വീകരിച്ചത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പി.മുരളീധര്‍ റാവു ഉദ്ഘാടനം ചെയ്തു. അഴിമതിയും ക്രമക്കേടും നടത്തുകയും വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുകയും ചെയ്യുന്ന സ്വാശ്രയകോളേജ് മാനേജുമെന്റുമായി സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് പി. മുരളീധര്‍ റാവു ആരോപിച്ചു. വിദ്യാര്‍ത്ഥികളുന്നയിക്കുന്ന ആവശ്യങ്ങളെ അവഗണിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ബിജെപി വിദ്യാര്‍ത്ഥികളുടെ കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥി സമരം തോറ്റ ചരിത്രം കേട്ടിട്ടില്ല എന്ന മുദ്രാവാക്യം ശാശ്വതമാക്കാന്‍ കൂടിയാണ് താനും സമരത്തിനിറങ്ങിയതെന്ന് മുരളീധരന്‍ പറഞ്ഞു. ”ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളുടെ സമരം പൊതു സമൂഹം ഏറ്റെടുക്കുകയാണ്. മറ്റ് സ്വാശ്രയകോളേജുകള്‍ക്കില്ലാത്ത പരിഗണനയാണ് അക്കാദമിക്ക് നല്‍കുന്നത്. സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നു. അക്കാദമിക് കൗണ്‍സിലിലും സെനറ്റിലും പ്രാതിനിധ്യം നല്‍കുന്നു. ഇതെന്തിനാണെന്ന് ചോദിച്ചാല്‍ മറുപടിയില്ല. കോളേജ് ട്രസ്റ്റ് അനധികൃതമായി കൈവശം വച്ച 11.5 ഏക്കര്‍ സ്ഥലത്തെക്കുറിച്ച് ചോദിച്ചാല്‍ വിവരാവകാശത്തിനും മറുപടികൊടുക്കില്ല. ഇവിടത്തെ പ്രിന്‍സിപ്പലിന്റെ പിഎച്ച്ഡിയുടെ തിസീസ് മാത്രം ലൈബ്രറിയില്‍ കാണില്ല. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് നിഷേധിക്കുമ്പോള്‍ ക്ളാസില്‍ ഹാജരാകാതിരുന്ന, മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ പെട്ട ജോണ്‍ ബ്രിട്ടാസിന് അധികമാര്‍ക്ക് കൊടുക്കുന്നു. ലോ യൂണിവേഴ്സിറ്റിയില്‍ അഴിമതി നടത്തിയെന്ന് ചീഫ് ജസ്റ്റിസ് തന്നെ കുറ്റപ്പെടുത്തിയ എന്‍.കെ. ജയകുമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്നു ലോ അക്കാദമി പ്രിന്‍സിപ്പലിന് അനുകൂലമായി നീക്കം നടത്തുകയാണ്. നേരത്തെ ഗവര്‍ണറും മുഖ്യമന്ത്രിയുമൊക്കെയായിരുന്നു കോളേജ് ഭരണസമിതിയുടെ തലപ്പത്തുണ്ടായത്. ഇതെപ്പോഴാണ് മാറ്റിയത് ” – മുരളീധരന്‍ ചോദിച്ചു.

ഇപ്പോള്‍ കോളേജിന്റെ പ്രവര്‍ത്തനം ദുരൂഹമാണ്. അക്കാദമിയിലെ മാനേജ്മെന്റിന്റെ ഏറാന്‍മൂളികളായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം നല്ല മാര്‍ക്ക് ലഭിക്കുന്നു. മറ്റ് ലോ കോളേജുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഈ പരാതി ഉണ്ടെന്ന് വി.മുരളീധരന്‍ പറഞ്ഞു. ജെഎന്‍യുവിലേയും ഹൈദരാബാദിലേയും വിദ്യാര്‍ത്ഥികളുടെ സമരത്തെ പിന്‍തുണയ്ക്കാന്‍ അവിടെ വരെ പോയ പല യുവനേതാക്കളും തങ്ങളുടെ സ്വന്തം നാട്ടില്‍ മാനേജ്മെന്റിന്റെ ക്രൂരതക്കിരയാവുന്ന വിദ്യാര്‍ത്ഥികളുടെ സമരത്തെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ സ്വാശ്രയ കോളേജുകള്‍ക്കെതിരെ നിലപാടെടുത്തവര്‍ ഇപ്പോള്‍ മൗനം പാലിക്കുകയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button