സുന്ദരിയും സുശീലയുമായ ലക്ഷ്‌മി നായരെ ഇടതുസർക്കാർ വൈസ് ചാന്സിലറാക്കാനും മടിക്കില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ ജയശങ്കർ പറയുന്നു . ബ്രിട്ടാസ് മൊതലാളി പീപ്പിൾ ചാനലിലും പിണറായി മൊതലാളി ഹജൂർകച്ചേരിയിലും ഉള്ളയിടത്തോളംകാലം ലക്ഷ്മിക്കുട്ടി പ്രിൻസിപ്പലായി തുടരുമെന്നും ജയശങ്കർ ആക്ഷേപിക്കുന്നു . തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് പങ്കുവച്ചത്
ഫേസ്ബുക് പോസ്റ്റിനെ പൂർണ രൂപം
തിരുവനന്തപുരത്തിന്റെ തിലകക്കുറിയാണ് ലാ അക്കാദമി ലാക്കാളേജ്. പ്രകൃതി രമണീയമായ പേരൂർക്കടയിൽ, വിശ്വവിഖ്യാതമായ ഊളമ്പാറ ഭ്രാന്താശുപത്രിയിൽ നിന്നും വിളിച്ചാൽ കേൾക്കുന്ന ദൂരത്തു സ്ഥിതിചെയ്യുന്ന സരസ്വതീക്ഷേത്രം. പൊതുസ്ഥാപനമായി ആരംഭിച്ചു ഡോ.നാരായണൻ നായർ എന്ന മഹാമനീഷിയുടെ കുടുംബസ്വത്തായി പരിണമിച്ച സംസ്ഥാനത്തെ ആദ്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനം.
അക്കാദമിയുടെ ഐശ്വര്യമാണ്, പ്രിൻസിപ്പൽ ഡോ.ലക്ഷ്മി നായർ. ലക്ഷ്മി എന്ന് പറഞ്ഞാൽ മതിയാവില്ല സാക്ഷാൽ ശ്രീമഹാലക്ഷ്മി തന്നെ. നിയമവിദുഷി, പാചകപഞ്ചമി, വിദ്യാഭ്യാസ വിചക്ഷണ, ഭരണപടു എല്ലാത്തിനുമുപരി തറവാട്ടിൽ പിറന്ന കമ്മ്യൂണിസ്റ്റുകാരി.
സുന്ദരിയും സുശീലയും സകലഗുണസമ്പന്നയുമായ ലക്ഷ്മിയെ നമ്മുടെ ഇടതുസർക്കാർ വൈസ് ചാന്സിലറോ മറ്റോ ആയി നിയമിക്കുമെന്ന് അരിയാഹാരം കഴിക്കുന്ന സകല അനന്തപുരിവാസികൾക്കും അറിയാം. വേണ്ടിവന്നാൽ ഒരു പാചക സർവ്വകലാശാലതന്നെ അതിനുവേണ്ടി ആരംഭിക്കാനും മതി.
അതുകൊണ്ട് കുബുദ്ധികൾ ഉണർന്ന് പ്രവർത്തിച്ചു. പാമ്പാടി മോഡൽ സമരം പേരൂർക്കടയിലും ആരംഭിച്ചു. സരിതാനായരെക്കാൾ മോശക്കാരിയാണ് ലക്ഷ്മിനായരെന്ന് പറഞ്ഞുപരത്തി. പ്രിൻസിപ്പാൾ രാജിവെക്കുംവരെ സമരം എന്നാണ് കുട്ടിക്കുരങ്ങന്മാരും അവരെക്കൊണ്ട് ചുടുചോറുമാന്തിക്കുന്ന മൊച്ചകളും വീരവാദം പറയുന്നത്.
പക്ഷെ ഒരുകാര്യമുണ്ട്. പാമ്പാടിയല്ല പേരൂർക്കട; നെഹ്‌റു കോളേജല്ല ലാ അക്കാദമി. അവിടെ ചോദിക്കാനും പറയാനും ഡോ.നാരായണൻ നായരുണ്ട്. ബ്രിട്ടാസ് മൊതലാളി പീപ്പിൾ ചാനലിലും പിണറായി മൊതലാളി ഹജൂർകച്ചേരിയിലും ഉള്ളയിടത്തോളംകാലം ലക്ഷ്മിക്കുട്ടി പ്രിൻസിപ്പലായി തുടരും. ഇനി പിണറായി മാറി രമേശ് മുഖ്യമന്ത്രിയായാലും നാരായണൻ നായരദ്ദേഹത്തിനു വിപരീതമായി ഒന്നും ചെയ്യില്ല.
പിണറായി വിജയൻ ഒന്നമർത്തിമൂളിയാൽ സമരസഖാക്കൾ പായും ചുരുട്ടി വീട്ടിൽ പോകും. പുറകെ ബാക്കിയുള്ളവരും പോകും. ഒടുവിൽ മാധ്യമ സിന്ഡിക്കേറ്റുമാർ മാത്രം ബാക്കിയാകും.
Post Your Comments