തിരുവനന്തപുരം: സംസ്ഥാനത്തു മസ്തിഷ്ക മരണ സ്ഥിരീകരണത്തിന്റേയും അവയവദാനത്തിന്റേയും എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഇത് രണ്ടും പൂര്‍ണമായും സര്‍ക്കാര്‍ നിരീക്ഷണത്തിലാക്കുന്നു. മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിനുള്ള നാലംഗ പാനലില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സാന്നിധ്യം നിര്‍ബന്ധമാക്കി. പിന്നീടു പരാതി ഉണ്ടായാല്‍ പരിശോധിക്കാനായി നടപടികള്‍ ബന്ധുക്കളുടെ അനുമതിയോടെ വീഡിയോയില്‍ പകര്‍ത്താനും തീരുമാനിച്ചു. അവയവം സ്വീകരിക്കുന്നവരെ തുടര്‍ചികില്‍സയ്ക്കു വിധേയമാക്കുന്നതുപോലെ അവയവദാതാവിനെയും വൈദ്യസംഘം മേലില്‍ നിരീക്ഷിക്കും.
ഇന്ത്യയില്‍തന്നെ ആദ്യമായാണു മസ്തിഷ്ക മരണത്തിനും അവയവദാനത്തിനും കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്നത്.
അവയവ കച്ചവടത്തിനായി അനാവശ്യമായി മസ്തിഷ്ക മരണം റിപ്പോര്‍ട്ട് ചെയ്യുന്നെന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. അവയവദാതാവിനെ ചികിത്സിക്കുന്ന ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട്, ചികിത്സിക്കുന്ന ഡോക്ടര്‍, പുറമെനിന്നുള്ള ന്യൂറോളജിസ്റ്റ്, ഗവ. ആശുപത്രിയിലെ ഡോക്ടര്‍ എന്നിവരാണു പാനലില്‍ ഉണ്ടാവുക. ഇതിനു ഗവ. ഡോക്ടര്‍മാരുടെ പട്ടിക ഡിഎംഒമാര്‍ തയാറാക്കണം. ഇവര്‍ക്കു മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിനു വിദേശ മാതൃകയില്‍ പരിശീലനം നല്‍കും. അവയവദാതാവിന്റെ ആരോഗ്യനില പിന്നീട് ആരും പരിശോധിക്കാറില്ല. അതിനും മാറ്റം വരുത്താനാണു തീരുമാനം.
അവയവദാനത്തിന്റെ മറവില്‍ സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ച് കടുത്ത ചൂഷണവും കച്ചവടവും നടക്കുന്നതായുള്ള പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാര്‍ ഇടപെടുന്നതെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നയാളെ മസ്തിഷ്ക മരണം വിധിച്ച് മനഃപൂര്‍വം കൊല്ലാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന് പറഞ്ഞു. ഇതുസംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തിയശേഷമാണ് മസ്തിഷ്ക മരണം സ്ഥിരീകരിക്കാന്‍ സര്‍ക്കാര്‍ ഡോക്ടറുടെ സാന്നിദ്ധ്യം ഉണ്ടാകണമെന്ന് തീരുമാനിച്ചത്. ചര്‍ച്ചയില്‍ സ്വകാര്യ ആശുപത്രി പ്രതിനിധികളും പങ്കെടുത്തിരുന്നു.
സങ്കീര്‍ണവും ചെലവേറിയതുമായ ശസ്ത്രക്രിയയ്ക്ക് ശേഷം അവയവം സ്വീകരിക്കുന്നവര്‍ വൈകാതെ മരിച്ചാല്‍ വന്‍നഷ്ടമാണുണ്ടാകുന്നത്. അതിനാല്‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവരുടെ സ്ഥിതി ഓരോ വര്‍ഷവും പരിശോധിച്ച് വിവരങ്ങള്‍ പ്രസിദ്ധീകരിക്കും.
Post Your Comments