NewsIndia

സഹകരണബാങ്കുകളിലെ കര്‍ഷകരുടെ പലിശ എഴുതി തള്ളാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം

ന്യൂഡല്‍ഹി : സഹകരണ ബാങ്കുകളില്‍ നിന്നു ഹ്രസ്വകാല വായ്പയെടുത്ത കര്‍ഷകരുടെ 2016 നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പലിശ ഇനത്തില്‍ 660.50 കോടി രൂപ എഴുതിത്തള്ളാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്നു കര്‍ഷകര്‍ അനുഭവിച്ച ബുദ്ധിമുട്ടു കണക്കിലെടുത്താണു തീരുമാനം. ഇതിനു പുറമേ സഹകരണ ബാങ്കുകള്‍ക്കു വായ്പ നല്‍കാന്‍ 20,000 കോടി രൂപ കടമെടുക്കുന്നതിനുള്ള ചെലവുകള്‍ക്കായി നബാര്‍ഡിനു 400 കോടി രൂപ നല്‍കാനും തീരുമാനിച്ചു. നോട്ട് അസാധുവാക്കലിന്റെ പ്രത്യാഘാതങ്ങളില്‍ ആശ്വാസം പകരാനായി 1060.50 കോടി രൂപയാണു കേന്ദ്രമന്ത്രിസഭ അനുവദിച്ചത്.

കൃത്യമായി തിരിച്ചടയ്ക്കുന്ന ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്കു പലിശ ഇളവു നല്‍കാനായി അനുവദിച്ച 15,000 കോടി രൂപ ചെലവിട്ടു കഴിഞ്ഞു. പൊതുമേഖലാ, ഗ്രാമീണ, സഹകരണ ബാങ്കുകള്‍ മുഖേനയാണു പലിശയിളവ്. മൂന്നുലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ഏഴു ശതമാനം പലിശയാണ് ഈടാക്കുന്നത്. കൃത്യമായി തിരിച്ചടയ്ക്കുന്ന കര്‍ഷകര്‍ക്കു മൂന്നു ശതമാനം പലിശ ഇളവു ലഭിക്കും.

സഹകരണ ബാങ്കുകള്‍ക്കു നാലര ശതമാനം പലിശനിരക്കില്‍ വായ്പ അനുവദിക്കാനായി 20,000 കോടി രൂപ കടമെടുക്കാനുള്ള തീരുമാനത്തിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. നബാര്‍ഡിനുള്ള കേന്ദ്ര ധനസഹായമായി 500 കോടി രൂപ ഉടന്‍ അനുവദിക്കുന്നതിനു പുറമേ ബജറ്റില്‍ 2000 കോടി രൂപ വകയിരുത്തും.സഹകരണ ബാങ്കുകളുടെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളെ റുപേ ക്രെഡിറ്റ് കാര്‍ഡുകളാക്കി മാറ്റാനുള്ള നടപടികള്‍ നബാര്‍ഡ് ഏകോപിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button