കോഴിക്കോട്: മാവൂര്‍ റോഡില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച് വന്‍ നാശനഷ്ടം. മാവൂര്‍ റോഡിലെ ഷറാറ പ്ലാസ എന്ന നാലുനില കെട്ടിടത്തിലെ താഴത്തെ നിലയിലാണ് തീപ്പിടുത്തമുണ്ടായത്.
ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഗള്‍ഫ് സിറ്റി ബസാറിലെ മൂന്നു കടകള്‍ക്കാണ് തീപ്പിടിച്ചത്. ഇതില്‍ ഒരു കട ഏതാണ്ട് പൂര്‍ണമായും നശിച്ചു. അര്‍ധരാത്രി 12.20 നാണ് തീപ്പിടുത്തം ശ്രദ്ധയില്‍ പെട്ടത്. കെട്ടിടത്തിന്റെ കാവല്‍ക്കാരനാണ് ആദ്യം തീ കണ്ടത്.
വെള്ളിമാടുകുന്ന്, മീന്‍ചന്ത, നരിക്കുനി, മുക്കം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഫയര്‍ എഞ്ചിനുകളെത്തിയാണ് തീയണച്ചത്. തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ രണ്ട് അഗ്‌നിശമന സേന ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറ്റ് ആളപായമുള്ളതായി റിപ്പോര്‍ട്ടുകളില്ല. അതേസമയം തീപ്പിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം കാരണമെന്നാണ് വിലയിരുത്തല്‍.
Post Your Comments