റിയാദ്: സൗദിയിലെ വിദേശികള്‍ പാര്‍ട് ടൈം ജോലിയും ഓവര്‍ടൈമും ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്ന് ശൂറ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. വിഷയം നാളെ ശൂറ ചര്‍ച്ചക്ക് എടുത്തേക്കും. തൊഴിലാളികള്‍ ഏത് ജോലിക്ക് വേണ്ടിയാണോ റിക്രൂട്ട് ചെയ്യപ്പെട്ടത് അതേ ജോലിയില്‍ മാത്രം അവരുടെ സേവനം പരിമിതപ്പെടുത്തുക എന്നതാണ് നിര്‍ദേശം. അധികസമയ ജോലിയും അനധികൃത വരുമാനവും തടയാന്‍ വേണ്ടിയാണ് ഇത്. കൂടാതെ വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് ആറ് ശതമാനം ടാക്സ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും ശൂറ കൗണ്‍സിലില്‍ നിര്‍ദേശം വന്നിട്ടുണ്ട്.
ശൂറയിലെ സാമ്പത്തിക സമിതി മേധാവിയും മുന്‍ ഓഡിറ്റ് ബ്യൂറോ മേധാവിയുമായ ഹുസാം അല്‍അന്‍ഖരിയുടെ നിര്‍ദേശപ്രകാരമാണ് ചൊവ്വാഴ്ച ശൂറ വീണ്ടും വിഷയം ചര്‍ച്ചക്ക് എടുക്കുന്നത്.
നാട്ടിലേക്കയക്കുന്ന പണത്തിന്റെ ആറ് ശതമാനം തുടക്കത്തില്‍ ടാക്സ് ഈടാക്കുമ്പോള്‍ ഭാവിയില്‍ ഇത് കുറച്ചുകൊണ്ടുവരണമെന്നും ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ അവരുടെ വരുമാനത്തിന്റെ മുഖ്യ പങ്കും സൗദിയില്‍ ചെലവഴിക്കണമെന്നതാണ് പുതിയ ടാക്സ് ഏര്‍പ്പെടുത്തുന്നതിനുള്ള പ്രചോദനമെന്ന് അല്‍അന്‍ഖരി വിശദീകരിച്ചു. സൗദിയില്‍ നിന്ന് വിദേശത്തേക്ക് ഒഴുകുന്ന പണത്തിന്റെ തോത് ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ ടാക്സിനെക്കുറിച്ച് ശൂറ ആലോചിക്കുന്നത്. 2004ല്‍ 57 ബില്യന്‍ റിയാല്‍ വിദേശി ജോലിക്കാര്‍ നാട്ടിലേക്കയച്ചയപ്പോള്‍ 2013ല്‍ ഇത് 135 ബില്യനായി ഉയര്‍ന്നുവെന്നാണ് കണക്ക്.
Post Your Comments