KeralaNews

സമരത്തില്‍ കുലുങ്ങാതെ ലക്ഷ്മി നായര്‍ : ലക്ഷ്മി നായരെ മുട്ടുകുത്തിക്കാനുറച്ച് വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: ലോ അക്കാദമിയിലെ പ്രിന്‍സിപ്പലും സെലിബ്രിറ്റി ഷെഫുമായ ലക്ഷ്മി നായരെ വീഴ്ത്താന്‍ ഏതറ്റവും വരെ പോകാന്‍ തയ്യാറായി വിദ്യാര്‍ത്ഥികള്‍. സമരം തുടങ്ങിയ വേളയില്‍ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നത് പ്രിന്‍സിപ്പല്‍ ജാതീയമായി അധിക്ഷേപിക്കുന്നു എന്നാണ്. ഈ ആരോപണം സമരക്കാര്‍ തുടര്‍ച്ചയായി ഉന്നയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇപ്പോള്‍ ലക്ഷ്മി നായര്‍ക്കെരെ പൊലീസില്‍ പരാതി നല്‍കി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്.

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ എന്ന നിലയില്‍ തങ്ങളെ പീഡിപ്പിക്കുകയും മാനസികാഘാതം ഏല്‍പ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് ലോ അക്കാദമിയിലെ രണ്ടു വിദ്യാര്‍ത്ഥികള്‍ പേരൂര്‍ക്കട പൊലീസിനാണ് പരാതി നല്‍കിയത്.

കോളേജില്‍ പല പരിപാടികളും നടക്കുമ്പോള്‍ തങ്ങളെ ഭക്ഷണം വിളമ്പാനും പെട്ടിയെടുക്കാനും പ്രിന്‍സിപ്പല്‍ നിര്‍ബന്ധിക്കാറുണ്ടെന്ന് പരാതിയില്‍ പറയുന്നു.

പ്രിന്‍സിപ്പല്‍ ആരംഭിച്ച ഹോട്ടലിന്റെ നോട്ടീസ് വിതരണംചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നും ഹോട്ടലില്‍ ജോലിചെയ്യിച്ചുവെന്നും പരാതിയിലുണ്ട്. അര്‍ഹതപ്പെട്ട വിദ്യാഭ്യാസ ഗ്രാന്റ് നല്‍കാതിരിക്കുകയും പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ താമസം നിഷേധിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ പരസ്യമായി പരിഹസിച്ചിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോ അക്കാദമി പ്രിന്‍സിപ്പലിനെതിരെ പട്ടിക വിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമമനുസരിച്ച് കേസെടുക്കണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അവയില്‍ അന്വേഷണം നടത്തിയ ശേഷം കേസെടുക്കുന്നതു സംബന്ധിച്ച് തീരുമാനിക്കുമെന്നും പേരൂര്‍ക്കട സിഐ സുരേഷ് ബാബു അറിയിച്ചു. അതേസമയം ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥിസമരങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും എന്നാല്‍, പ്രിന്‍സിപ്പല്‍സ്ഥാനം രാജിവച്ചുള്ള ചര്‍ച്ചയ്ക്കില്ലെന്നുമാണ് പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മിനായരുടെ വാദം. ഏത് അന്വേഷണത്തെയും സ്വാഗതംചെയ്യുന്നു. ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണ്. അക്കാദമിക്കെതിരെ ചരടുവലിക്കുന്നവര്‍ക്ക് അവരുടേതായ അജന്‍ഡകളുണ്ടെന്നും തന്നോട് വ്യക്തിവൈരാഗ്യമുള്ള ചിലരും പകപോക്കലിന് പിന്നിലുണ്ടെന്നും അവര്‍ പറഞ്ഞു.
ഇന്റേണല്‍ മാര്‍ക്ക് നിശ്ചയിക്കുന്നത് അദ്ധ്യാപകരാണ്. അവരിട്ട മാര്‍ക്ക് കൂട്ടാനേ പ്രിന്‍സിപ്പലിനാകൂ. പരീക്ഷാഹാളില്‍ ക്യാമറ നിര്‍ബന്ധമാക്കിയ യൂണിവേഴ്‌സിറ്റി ഉത്തരവിനുശേഷമാണ് കാമ്പസില്‍ കാമറവച്ചത്. ലേഡീസ് ഹോസ്റ്റലിന്റെ കവാടം, സ്റ്റോര്‍റൂം, കിച്ചണ്‍, ഡൈനിങ് റൂം എന്നിവിടങ്ങളിലാണ് ക്യാമറ. മകന്റെ കാമുകി കോളേജ് ഭരിക്കുന്നെന്ന ആരോപണം ശരിയല്ലെന്നും ലക്ഷ്മിനായര്‍ പറഞ്ഞു.

കാമ്പസില്‍ എസ്.എഫ്.ഐ നേതൃത്വത്തിലുള്ള അനിശ്ചിതകാല നിരാഹാരസമരം തുടരുകയാണ്. തിങ്കളാഴ്ചയോടെ പത്താംദിവസത്തിലേക്ക് പ്രവേശിക്കുകയാണ് സമരം. എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി അംഗം പ്രണവാണ് നിരാഹാരമിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ അകാരണമായി പീഡിപ്പിക്കുന്ന പ്രിന്‍സിപ്പലിനെ പുറത്താക്കുക, ഇന്റേണല്‍ മാര്‍ക്കും അറ്റന്റന്‍സും സുതാര്യമാക്കുക, വിദ്യാര്‍ത്ഥികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ക്യാമറകള്‍ നീക്കം ചെയ്യുക, നവമാദ്ധ്യമങ്ങളിലെ വിദ്യാര്‍ത്ഥി സ്വാതന്ത്യത്തില്‍ കൈകടത്താതിരിക്കുക, മാനേജ്‌മെന്റിന്റെ സദാചാര പൊലീസിങ് അവസാനിപ്പിക്കുക, വിദ്യാര്‍ത്ഥികളോടുള്ള പക്ഷപാതിത്തം മാനേജ്‌മെന്റ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

shortlink

Post Your Comments


Back to top button