പാലക്കാട്ടുകാര്‍ക്ക് മയില്‍വാഹനം നൊസ്റ്റാള്‍ജിയയാണ്. ജില്ലയിലെ നിരത്തുകളില്‍ മയില്‍വാഹനത്തിനായി അവര്‍ ഏറെ കാത്തുനിന്നിട്ടുണ്ട്. ഷൊര്‍ണൂറിന്റെ സ്വകാര്യഅഹങ്കാരമായി മാറിയ മയില്‍വാഹനം പ്രൈവറ്റ് ബസ് സര്‍വീസ് സേവനം അവസാനിപ്പിക്കുകയാണ്. കേരളപ്പിറവിക്കുമുമ്പേ പാലക്കാടിന്റെ നിരത്തുകളില്‍ മയില്‍വാഹനം ബസുകള്‍ ഓടിത്തുടങ്ങിയിരുന്നു. ആളുകളെ കയറ്റാനും ഇറക്കാനും നിര്‍ത്തേണ്ടിവന്നാല്‍ ഡ്രൈവര്‍ പുറത്തിറങ്ങിവന്ന് എന്‍ജിന്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്യുന്നതായിരുന്നു ആദ്യകാല ബസുകള്‍. കയറ്റമെത്തുമ്പോള്‍ യാത്രക്കാരെല്ലാം ഇറങ്ങി വണ്ടി തള്ളുന്ന കാഴ്ച. അവിടെനിന്നാണ് നൂറ്റിഇരുപതോളം ബസുകളുള്ള വലിയ കമ്പനിയായി മയില്‍വാഹനം മോട്ടോര്‍ സര്‍വീസ് മാറിയത്.
1935ല്‍ പത്തനംതിട്ടയില്‍നിന്നും പാലക്കാടേക്ക് കുടിയേറിയ സി.എ മാത്യു എന്നയാളായിരുന്നു ഈ ബസുകള്‍ക്ക് പിന്നില്‍. അന്ന് തമിഴ്‌നാട്ടിന്റെ ഭാഗമായിരുന്ന പാലക്കാട് ജില്ലക്കാര്‍ക്ക് മുരുകനായിരുന്നു കണ്‍കണ്ട ദൈവം എന്നിരിക്കേ, മന്നത്ത് ഗോവിന്ദന്‍ നായരാണ് സി.എ മാത്യുവിന് മുരുകവാഹനമായ മയിലിനെ അനുസ്മരിപ്പിച്ച് മയില്‍വാഹനം എന്ന പേര് ബസിനിടാന്‍ നിര്‍ദേശിച്ചത്. പാലക്കാടിന് പുറമേ മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലും മയില്‍വാഹനം ബസ് സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ ഡീസല്‍ വില വര്‍ധനവും തൊഴിലാളികളുടെ ശമ്പളവും വിവിധ നികുതികളുടെയും ഇന്‍ഷ്വറന്‍സിന്റെയും ബാധ്യതകളും വര്‍ധിച്ചതോടെ ബസുകള്‍ ഓരോന്നായി പിന്‍വലിക്കാന്‍തുടങ്ങി. ഇപ്പോള്‍ ഓടുന്ന പതിനഞ്ച് ബസുകള്‍കൂടി പിന്‍വലിച്ച് മയില്‍വാഹനം ബസ് സര്‍വീസിന് തിരശ്ശീല ഇടാനാണ് ഉടമകളുടെ തീരുമാനം.
Post Your Comments