KeralaEast Coast SpecialInterviews

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെ രൂക്ഷമായി വിമര്‍ശിച്ച് വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ- അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം

 മലയാളത്തിലെ ശ്രദ്ധേയനായ കവിയും ഗാനരചയിതാവും പ്രശസ്ത കവി വയലാര്‍ രാമവര്‍മയുടെ മകനുമായ വയലാര്‍ ശരത് ചന്ദ്രവര്‍മ്മ അടുത്തിടെ ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റ് വിവാദമായിരുന്നു. ശരത് ചന്ദ്രവര്‍മ്മയെ പോലെ ഒരാളുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിക്കെതിരെ ആയിരുന്നു ആ പോസ്റ്റ്. എന്നാല്‍ ആ സംഭവത്തില്‍ ക്ഷമ ചോദിക്കുകയാണെന്നു വയലാര്‍ ശരത്ചന്ദ്രവര്‍മ്മ വ്യക്തമാക്കി. ഇതുസംബന്ധിച്ചു അടുത്തിടെ കുവൈത്തില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ പരസ്യമായി ഖേദപ്രകടനം നടത്തിയ അദ്ദേഹം ഇക്കാര്യം ഈസ്റ്റ് കോസ്റ്റ് ഡെയിലിയോട് നടത്തിയ പ്രതികരണത്തില്‍ സ്ഥിരീകരിച്ചു.

വയലാര്‍ ശരത്ചന്ദ്രവര്‍മ്മ ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലിക്ക് നല്‍കിയ അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം

*എന്തായിരുന്നു വാസ്തവത്തില്‍ എല്‍.കെ അദ്വാനിക്കെതിരേ ഫേസ്ബുക്കില്‍ പോസ്റ്റിടാനുള്ള സാഹചര്യം?

ആദ്യം തന്നെ പറയട്ടെ, എനിക്ക് ആരോടും രാഷ്ട്രീയവിരോധമില്ല. എനിക്ക് ആരോടും വിരോധിക്കാനുമാകില്ല. വയലാര്‍ കുടുംബം തന്നെ നിലനില്‍ക്കുന്നത് എല്ലാവരുടെയും സഹായം കൊണ്ടാണ്. വയലാറിന്റെ കുടുംബം എല്ലാവരെയും സ്നേഹിക്കുന്നവരാണ്. അവിടെ ജാതിമതമോ രാഷ്ട്രീയമോ ഇല്ല. സമൂഹത്തോടു മുഴുവന്‍ കടപ്പാടുള്ള ഒരു കുടുംബമാണ്. ആരോടും രാഷ്ട്രീയവിരോധം പുലര്‍ത്താന്‍ വയലാറിന്റെ കുടുംബത്തിനു കഴിയില്ല. എനിക്ക് അദ്വാനിയോടോ ബി.ജെ.പിയോടെ ഒരു ദേഷ്യവുമില്ല. അപ്പോള്‍ അതുമായി ബന്ധപ്പെട്ട് എന്തോ വന്നപ്പോള്‍ അത്തരത്തില്‍ ഒരു പോസ്റ്റ് ഫേസ്ബുക്കിലിട്ടു എന്നുമാത്രം. എനിക്ക് ഒരു പ്രസ്ഥാനത്തോടും വിരോധമില്ല. എല്ലാ മനുഷ്യരോടും സ്നേഹമേ ഉള്ളൂ. അദ്വാനിക്കെതിരായ പരാമര്‍ശം ആരെയെങ്കിലും പ്രകോപിപ്പിച്ചിട്ടുണ്ടെങ്കിലോ വേദനിപ്പിച്ചിട്ടുണ്ടെങ്കിലോ ഞാന്‍ ക്ഷമചോദിക്കുന്നു. (ഒരു പാതിരാവില്‍ ഉന്മാദനിമിഷത്തില്‍ മദ്യപാനത്തിനിടെ തനിക്കു പറ്റിയ കൈപ്പിഴയാണ് ആ ഫേസ്ബുക്ക് പോസ്റ്റിനു പിന്നിലെന്നും പക്വതയും സമചിത്തതയും കൈവിടരുതെന്ന അച്ഛന്റെ ഉപദേശം ഒരു നിമിഷം മറന്നുവെന്നും അദ്ദേഹം കുവൈത്തിലെ ഒരു പൊതുപരിപാടിക്കിടെ വേദിയില്‍ പ്രതികരിച്ചിരുന്നു. ഒരിക്കലും ആരെപ്പറ്റിയും പറയാന്‍ പാടില്ലാത്ത വാക്കുകളാണ് താന്‍ പറഞ്ഞതെന്നും ആ പ്രസ്താവനയുടെ പേരില്‍ പൊതുസമൂഹത്തോട് ആയിരം വട്ടം മാപ്പുചോദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു)

*അഭിപ്രായ സ്വാതന്ത്ര്യം ഇന്നു വളരെയേറെ ചര്‍ച്ചചെയ്യപ്പെടുന്നു. കേള്‍ക്കുന്ന അഭിപ്രായത്തിന് എതിരഭിപ്രായം പറയുന്നവര്‍ക്ക് അസഹിഷ്ണുതയാണെന്നു ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്?

അഭിപ്രായ വ്യത്യാസമുണ്ടാകുന്നത് ഏറ്റെടുക്കുന്ന മനസ്സിന്റെ പ്രശ്നമാണ്. കാലഘട്ടം മാറി. ആളുകളുടെ മനസ്സിന്റെ പ്രശ്നമാണത്. മനുഷ്യത്വം നശിച്ച് ഓരോരുത്തരും ഓരോ മതത്തിന്റെ ക്യാമ്പുകളിലേക്കു പോകുന്ന അവസ്ഥയാണ്. മാനസിക ധ്രുവീകരണം വന്‍തോതില്‍ വര്‍ധിക്കുന്നു. എന്നെ സംബന്ധിച്ച് എനിക്ക് വ്യക്തിപരമായി രാഷ്ട്രീയം ഉണ്ട്. പക്ഷേ മറ്റുരാഷ്ട്രീയപാര്‍ട്ടികളോടോ അതിലെ നേതാക്കളോടോ എനിക്ക് യാതൊരു വിരോധവുമില്ല. അങ്ങനെ വിരോധിച്ചിട്ട് കാര്യവുമില്ല. ആയിരക്കണക്കിന് കൂട്ടുകാര്‍ എനിക്ക് ബി.ജെ.പി എന്ന പാര്‍ട്ടിയിലുണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ ഞാന്‍ അഭിപ്രായം പറഞ്ഞത് ഒരു ഇഷ്യുവിന്റെ മേല്‍ മാത്രമാണ്. ഒരു ഇഷ്യുവില്‍ നമുക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് അവരെക്കുറിച്ച് മൊത്തത്തിലുള്ള അഭിപ്രായമല്ല.

*കണ്ണൂര്‍ രാഷ്ട്രീയം കേരളത്തില്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. എന്താണ് കണ്ണൂരിലെ സമകാലിക രാഷ്ട്രീയത്തോടുള്ള പ്രതികരണം?

കണ്ണൂരിന്റെ ഒരു ഗുണമായി ഞാന്‍ കാണുന്നത് എന്തില്‍ വിശ്വസിക്കുന്നുവോ അതില്‍ തീവ്രമായി വിശ്വസിക്കും അവര്‍. അത് കോണ്‍ഗ്രസുകാരനായാലും ബി.ജെ.പികാരനായാലും കമ്മ്യൂണിസ്റ്റുകാരനായാലും. അതാത് പ്രസ്ഥാനങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണവര്‍. ആലപ്പുഴക്കാരെപ്പോലെ വെള്ളം ചേര്‍ക്കുന്നവരല്ല. അതുകൊണ്ടാണ് അവിടെ പ്രശ്നങ്ങള്‍ സംഭവിക്കുന്നത്. കണ്ണൂരില്‍ കഴിഞ്ഞദിവസം ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നല്ലോ? ഒരാളെ കൊന്നിട്ട് എന്തു കിട്ടാനാണ്? എന്തിനാണ് ഒരാളെ കൊല്ലുന്നത്? ഒരാളെ രക്ഷിക്കാന്‍ പറ്റുകയാണെങ്കില്‍ അതല്ലേ എപ്പോഴും നല്ലത്? ഒരാളെ കൊല്ലുക, ഒരു ജീവനെടുക്കുക അതൊക്കെ ആരു ചെയ്താലും അത് തെറ്റുതന്നെയാണ്. കണ്ണൂരിലെ പല സ്ഥലങ്ങളിലും ഞാന്‍ പോയിട്ടുണ്ട്. അവര്‍ക്ക് അവര്‍ വിശ്വസിക്കുന്ന പ്രസ്ഥാനം ജീവനാണ്. അതിനുവേണ്ടി അവര്‍ എന്തു ചെയ്യും. പണ്ടത്തെ കാലമല്ല ഇത്. വാക്കുകൊണ്ട് വാക്കിനെ എതിര്‍ക്കാന്‍ പഠിക്കണം. ആശയവിനിമയം നടക്കാത്തതുകൊണ്ടാണ് അക്രമങ്ങള്‍ ഉണ്ടാകുന്നത്. ഒരാള്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞു കഴിഞ്ഞാല്‍ വൈകുന്നേരം അഞ്ചുപേര്‍ ബൈക്കില്‍ വന്ന് ബോംബെറിഞ്ഞിട്ടുപോകുന്നതാണ് ഇപ്പോഴത്തെ രീതി. വാക്കുകൊണ്ട് വാക്കിനെ നേരിടുക. രസമല്ലേ അത്. അതല്ലേ വേണ്ടത്. അങ്ങനെയല്ലേ പുതിയൊരു ആശയം ഉണ്ടാകുകയുള്ളൂ. വായന ഇല്ലായ്മയുടെ ഒരു വലിയ വിഷയം കൂടി ഇപ്പോഴുണ്ട്. വായനയിലൂടെ മാത്രമേ വാക്കുകളെ നേരിടാനുള്ള അറിവ് ലഭിക്കുകയുള്ളൂ. അത് ഇല്ലാതെ വന്നപ്പോഴാണ് ആയുധം എടുക്കുന്നത്.

*ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഇടതുപക്ഷത്തിന്റെ പേരില്‍ പ്രതിചേര്‍ക്കപ്പെടുന്ന സാഹചര്യത്തെ എങ്ങനെ വിലിയിരുത്തുന്നു?

അത് രാഷ്ട്രീയമാണ്. രാഷ്ട്രീയമായി അഭിപ്രായം പറയാന്‍ എനിക്കു താല്‍പര്യമില്ല. അവര്‍ക്ക് അവരുടേതായ നിലനില്‍പ്പിന്റെ പ്രശ്നം കൂടിയുണ്ട്. ആ ഒരുവശത്തിലേക്ക് ഞാന്‍ കടക്കുന്നില്ല. എന്തു ചെയ്തു എന്നല്ല, ആര് ചെയ്തു എന്നാണ് സമൂഹം ചിന്തിക്കുന്നത്. രാഷ്ട്രീയത്തിനപ്പുറമുള്ള ഒരു സാഹോദര്യം കണ്ണൂരില്‍ ഇല്ലാതെ പോകുന്നുണ്ടോ? യേശുക്രിസ്തു നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കുക എന്നു പറഞ്ഞത് മറ്റുമതത്തിലെ എത്ര ആളുകള്‍ സ്വീകരിക്കുന്നുണ്ട്? എന്തുപറഞ്ഞു എന്നതല്ല, ആര് പറഞ്ഞു എന്നതാണ് വിഷയം. നീ തന്നെയാണ് നിന്റെ അയല്‍ക്കാരന്‍ എന്നറിയുക എന്നാണ് വേദത്തില്‍ പറയുന്നത്. അതു കുറച്ചുകൂടി വ്യക്തമാണ്. ഖുര്‍ആനില്‍ പറയുന്നത് തൊട്ടപ്പുറത്തുള്ളവന്‍ ഭക്ഷണം കഴിച്ചിട്ടേ നീ കഴിക്കാവൂ എന്നാണ്. ഇതൊക്കെ പാലിക്കുകയാണെങ്കില്‍ ഈ പറഞ്ഞ തല്ലൊന്നും ഉണ്ടാകില്ല. ഇതൊക്കെ ഇന്ന് ആരാണ് പാലിക്കുന്നത്? ഒരുത്തനെ തല്ലിക്കൊന്ന് അവന്റെ അഞ്ചുസെന്റ് ഇങ്ങോട്ട് അടിച്ചെടുക്കുക എന്നുവിചാരിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. അണുകുടുംബ സ്വഭാവം വന്നപ്പോഴേക്കും മറ്റു കുടുംബങ്ങളുമായി സമ്പര്‍ക്കം ഇല്ലാതെ പോയി. രാഷ്ട്രീയമായ സംഘടനാ വ്യത്യാസമുള്ളപ്പോള്‍ പോലും കുടുംബ സൗഹൃദങ്ങള്‍ കുറഞ്ഞു പോയതും കണ്ണൂരിന്റെ മറ്റൊരു പ്രശ്നമാണ്

shortlink

Post Your Comments


Back to top button