തൃശൂര്‍ നഗരമദ്ധ്യത്തിലാണ് ദക്ഷിണഭാരതത്തിലെ പ്രശസ്തമായ വടക്കുംനാഥ ക്ഷേത്രം. പൂരോത്സവം കൊണ്ട് വിശ്രുതമായ മഹാക്ഷേത്രം. തൃശൂര്‍ ഒരുകാലത്ത് തൃശ്ശിവപേരുരായിരുന്നുവെന്നാണ് പറയപ്പെടുന്നുത്. പേരൂര്‍-പെരിയ ഊര്‍, എന്ന തമിഴ്പദത്തിനോട് തിരുശിവ എന്ന വിശേഷണം കൂടി ചേര്‍ത്തപ്പോള്‍ തൃശ്ശിവ പേരൂര്‍ ആയി എന്ന് പഴമ. തിരുശിവ പെരിയോര്‍ എന്ന് തമിഴ്നാട്ടുകാര്‍ വടക്കുംനാഥനെ വിളിച്ചിരുന്നതായും ഐതിഹ്യം. ഇന്ന് തൃശൂരിന്റെ മുഖമുദ്രപോലും വടക്കും നാഥക്ഷേത്രമാണ്. ഒരിക്കലെങ്കിലും തൃശൂരില്‍ വന്നുപോയിട്ടുള്ളവര്‍ ക്ഷേത്രം കാണാതിരിക്കാന്‍ വഴിയില്ല.
തൃശ്ശൂര്‍ നഗരഹൃദയത്തിലുള്ള തേക്കിന്‍കാട് മൈതാനത്തിന്റെ മദ്ധ്യത്തിലാണ് വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിയ മതില്‍ക്കെട്ട് ഉള്ള വടക്കുംനാഥക്ഷേത്രം 20 ഏക്കര്‍ വിസ്താരമേറിയതാണ്. നാലുദിക്കുകളിലുമായി നാലു മഹാഗോപുരങ്ങള്‍ ഇവിടെ പണിതീര്‍ത്തിട്ടുണ്ട്. വടക്കുംനാഥന്റെ മഹാപ്രദക്ഷിണവഴിയാണ് സ്വരാജ് റൗണ്ട് എന്നറിയപ്പെടുന്നത്. അതിനാല്‍ തൃശ്ശൂര്‍ നഗരത്തില്‍ വരുന്ന ഒരാള്‍ക്കും വടക്കുന്നാഥക്ഷേത്രത്തിന് മുന്നിലൂടെയല്ലാതെ കടന്നുപോകാന്‍ കഴിയില്ല. 108 ശിവാലയ സ്തോത്രത്തില്‍ ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തെ ശ്രീമദ്ദക്ഷിണ കൈലാസം എന്നാണ് അതില്‍ പ്രതിപാദിച്ചിരിക്കുന്നത്.
ശക്തന്‍ തമ്പുരാന്റെ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം ഇന്നു കാണുന്ന രീതിയില്‍ പുനര്‍നിര്‍മ്മിച്ചത്.
ശിവന്‍ (വടക്കുംനാഥന്‍), ശങ്കരനാരായണന്‍, ശ്രീരാമന്‍, പാര്‍വ്വതി എന്നിവരാണ് പ്രധാനദേവതകള്‍.
ഇരുപത്തൊന്ന് വട്ടം ക്ഷത്രിയരെ കൂട്ടക്കൊല ചെയ്തതിന്റെ പ്രായശ്ചിത്തമായി പരശുരാമന്‍ തനിയ്ക്ക് ലഭിച്ച ഭൂമിയെല്ലാം ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തു. അവിടങ്ങളിലെല്ലാം അദ്ദേഹം അവര്‍ക്ക് ആരാധന നടത്താന്‍ ക്ഷേത്രങ്ങളും നിര്‍മ്മിച്ചുകൊടുത്തു. കൂട്ടത്തില്‍ പ്രധാനപ്പെട്ടതായിരുന്നു അദ്ദേഹം തന്നെ മഴുവെറിഞ്ഞ് സൃഷ്ടിച്ച കേരളഭൂമി. കേരളത്തിലെ ബ്രാഹ്മണര്‍ക്ക് ആരാധന നടത്താനായി പരശുരാമന്‍ നൂറ്റെട്ട് ശിവക്ഷേത്രങ്ങളും നൂറ്റെട്ട് ദുര്‍ഗ്ഗാക്ഷേത്രങ്ങളും അഞ്ച് ശാസ്താക്ഷേത്രങ്ങളും ഏതാനും വിഷ്ണുക്ഷേത്രങ്ങളും നിര്‍മ്മിച്ചുകൊടുത്തു. അവയില്‍ നൂറ്റെട്ട് ശിവക്ഷേത്രങ്ങളില്‍ ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തിന്റെ ഉത്ഭവത്തിനുപിന്നില്‍ ഒരുഐതിഹ്യമുണ്ട്. അതിങ്ങനെ:
ഒരുദിവസം കൈലാസത്തിലെത്തിയ പരശുരാമന്‍ താന്‍ പുതുതായി നിര്‍മ്മിച്ച ഭൂമിയെക്കുറിച്ച് ശിവഭഗവാനോട് സംസാരിയ്ക്കുകയും അവിടെ വാണരുളണമെന്ന് അഭ്യര്‍ത്ഥിയ്ക്കുകയും ചെയ്തു. എന്നാല്‍ ആദ്യം ശിവന്‍ വിസമ്മതിച്ചു. പിന്നീട് പാര്‍വ്വതീദേവി അഭ്യര്‍ത്ഥിച്ചപ്പോള്‍ മാത്രമാണ് ഭഗവാന്‍ സമ്മതം മൂളിയത്. ഉടനെത്തന്നെ ശിവപാര്‍ഷദന്മാരായ നന്തികേശ്വരന്‍, സിംഹോദരന്‍, ഭൃംഗീരടി തുടങ്ങിയവരും ശിവപുത്രന്മാരായ ഗണപതിയും സുബ്രഹ്മണ്യനും അടക്കം കൈലാസവാസികളെല്ലാവരും കൂടി ഭാര്‍ഗ്ഗവഭൂമിയിലേയ്ക്ക് പുറപ്പെട്ടു. അവര്‍ ഭാര്‍ഗ്ഗവഭൂമിയില്‍ ഒരു സ്ഥലത്തെത്തിയപ്പോള്‍ പെട്ടെന്നൊരു സ്ഥലത്തുവച്ച് പെട്ടെന്ന് യാത്ര നിന്നു. അവിടെ ഒരു ഉഗ്രതേജസ്സ് കണ്ട പരശുരാമന്‍ പ്രതിഷ്ഠയ്ക്ക് ഏറ്റവും ഉചിതമായ സ്ഥലം അതുതന്നെയെന്ന് മനസ്സിലാക്കി. ഉടനെത്തന്നെ അദ്ദേഹം ശിവനോട് അവിടെ കുടികൊള്ളണമെന്ന് അഭ്യര്‍ത്ഥിച്ചു. ശിവന്‍ ഉടനെത്തന്നെ പാര്‍വ്വതീസമേതം അങ്ങോട്ട് എഴുന്നള്ളി. ആ സമയത്ത് അവിടെ പ്രത്യക്ഷപ്പെട്ട മഹാവിഷ്ണുവിനോട് തന്റെ തെക്കുഭാഗത്തിരിയ്ക്കാന്‍ പറഞ്ഞ ശിവന്‍ സ്വയം ഒരു ജ്യോതിര്‍ലിംഗമായി മാറി വടക്കുഭാഗത്ത് കുടികൊണ്ടു. അങ്ങനെയാണ് പ്രതിഷ്ഠയ്ക്ക് വടക്കുംനാഥന്‍ എന്ന പേരുണ്ടായത്.
ക്ഷേത്രമതില്‍ക്കെട്ടിനുപുറത്ത് വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു ആല്‍മരത്തിന്റെ തറയിലാണ് ഇത് സംഭവിച്ചതെന്ന് പറയപ്പെടുന്നു. ഇന്ന് അവിടം ശ്രീമൂലസ്ഥാനം എന്നറിയപ്പെടുന്നു. ശ്രീമൂലസ്ഥാനത്ത് ഇന്നും ദിവസവും വിളക്കുവയ്പുണ്ട്. തുടര്‍ന്ന് ശ്രീമൂലസ്ഥാനത്തുനിന്നും ശൈവവൈഷ്ണവതേജസ്സുകളെ ആവാഹിച്ച് പരശുരാമന്‍ തന്നെ ഇന്നത്തെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു. അതിനുശേഷം യഥാവിധി പൂജകള്‍ കഴിച്ച അദ്ദേഹം തുടര്‍ന്ന് ക്ഷേത്രത്തിന്റെ വടക്കുകിഴക്കേമൂലയില്‍ അന്തര്‍ദ്ധാനം ചെയ്തു. ഇന്ന് അവിടെ പരശുരാമസ്മരണയില്‍ ദീപപ്രതിഷ്ഠ നടത്തിയിട്ടുണ്ട്.
വടക്കുംനാഥക്ഷേത്ര നിര്‍മ്മാണം പന്തിരുകുലത്തിലെ പെരുന്തച്ചന്റെ കാലത്ത് നടന്നതാണെന്ന് പറയപ്പെടുന്നു. പെരുന്തച്ചന്റെ കാലം ഏഴാം നൂറ്റാണ്ടിലാകയാല്‍ ക്ഷേത്രത്തിനും കൂത്തമ്പലത്തിനും 1300 വര്‍ഷത്തെ പഴക്കം ഉണ്ടാകുമെന്ന് കരുതുന്നു.. ചരിത്രകാരനായ വി.വി.കെ. വാലത്തിന്റെ അഭിപ്രായത്തില്‍ വടക്കുംനാഥക്ഷേത്രം ആദിദ്രാവിഡക്ഷേത്രമായ കാവുകളില്‍ ഒന്നായിരുന്നു. പിന്നീട് ബുദ്ധ-ജൈന പാരമ്പര്യം നിലനില്‍ക്കുകയും അതിനുശേഷം ശൈവ-വൈഷ്ണവ സ്വാധീനത്തിലമരുകയും ചെയ്തു. പാറമേക്കാവ് ഭഗവതിയും ആദ്യകാലങ്ങളില്‍ ഈ ക്ഷേത്രത്തില്‍ തന്നെയായിരുന്നു പ്രതിഷ്ഠിക്കപ്പെട്ടിരുന്നത്.
ശിവപെരുമാളിന്റെ സ്ഥലം എന്നര്‍ത്ഥമുള്ള തിരു-ശിവ-പേരൂര്‍ ആണ് തൃശ്ശിവപേരൂരും പിന്നീട് തൃശ്ശൂരും ആയിതീര്‍ന്നത്. തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തിലെ പ്രതിഷ്ഠാമൂര്‍ത്തികള്‍ മൂന്നാണ്; ശ്രീപരമശിവന്‍, ശ്രീരാമസ്വാമി, ശങ്കരനാരായണമൂര്‍ത്തി. ശിവപെരുമാള്‍ ഏറ്റവും വടക്കുഭാഗത്തും ശ്രീരാമന്‍ തെക്കുഭാഗത്തും ശങ്കരനാരായണസ്വാമി മദ്ധ്യഭാഗത്തും കുടികൊള്ളുന്നു. വടക്കുഭാഗത്തുള്ള ശിവപെരുമാള്‍ക്കാണ് ഇവിടെ ക്ഷേത്രാചാരപ്രകാരം പ്രാധാന്യവും, പ്രശസ്തിയും. വടക്കേ അറ്റത്തുള്ള ശിവന്റെ പേരില്‍ അറിയപ്പെട്ട ക്ഷേത്രം പിന്നീട് വടക്കുംനാഥക്ഷേത്രമായതായും കരുതുന്നു .കേരളം ശൈവാധിപത്യത്തില്‍ ആയിരുന്നതിനാല്‍ വടക്കെ അറ്റത്ത് പ്രതിഷ്ഠിച്ച ശിവനാണ് നാഥന്‍ എന്നു പിന്നീട് സങ്കല്പമുണ്ടായി. ”വടക്ക് നാഥന്‍” എന്ന ശൈവ സങ്കല്പം കാലാന്തരത്തില്‍ വടക്കുന്നാഥന്‍ എന്ന പേര്‍ നേടിക്കൊടുത്തു.
20 ഏക്കറിലധികം വിസ്തീര്‍ണ്ണം വരുന്ന അതിവിശാലമായ മതിലകമാണ് ഈ ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഇത്രയും വലിയ മതിലകം കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിനുമില്ല. ഗംഭീരമായ ആനപ്പള്ളമതിലാണ് ക്ഷേത്രത്തിനുചുറ്റും പണിതീര്‍ത്തിരിയ്ക്കുന്നത്. ക്ഷേത്രസങ്കേതത്തില്‍ ധാരാളം മരങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ക്ഷീണം തോന്നുന്ന ഭക്തര്‍ക്ക് അതിന്റെ തണലിലിരുന്ന് വിശ്രമിയ്ക്കാവുന്നതാണ്. നാലുഭാഗത്തും വലിയ ഗോപുരങ്ങള്‍ പണിതീര്‍ത്തിട്ടുണ്ട്. അതിമനോഹരമായ നിര്‍മ്മിതികളാണ് അവയിലെല്ലാം. നാലുഗോപുരങ്ങള്‍ക്കും കൂറ്റന്‍ ആനവാതിലുകളുണ്ട്. പടിഞ്ഞാറേ ഗോപുരമാണ് അവയില്‍ പ്രധാനം. ഗോപുരത്തിന് സമീപം ദേവസ്വം ഓഫീസ് സ്ഥിതിചെയ്യുന്നു.
പടിഞ്ഞാറേ ഗോപുരത്തിലൂടെ അകത്തുകടന്നാല്‍ ആദ്യം കാണുന്നത് ഒരു ശിലയാണ്. കലിശില എന്നറിയപ്പെടുന്ന ഈ ശില ഓരോ ദിവസവും വലുതായിക്കൊണ്ടിരിയ്ക്കുകയാണെന്നും ഇത് ഗോപുരത്തോളം ഉയരം വച്ചാല്‍ അന്ന് ലോകം അവസാനിയ്ക്കുമെന്നും വിശ്വസിയ്ക്കപ്പെടുന്നു. അതുകഴിഞ്ഞാല്‍ വടക്കുഭാഗത്ത് കൂത്തമ്പലം കാണാം. കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്നവയില്‍ വച്ച് ഏറ്റവും വലുതും ലക്ഷണയുക്തവുമായ കൂത്തമ്പലമാണിത്. വിശേഷദിവസങ്ങളില്‍ ഇവിടെ കൂത്തും കൂടിയാട്ടവുമുണ്ടാകും. കൂത്തമ്പലത്തിലെ ശില്പങ്ങള്‍ വളരെ മനോഹരമായി നിര്‍മ്മിച്ചിരിയ്ക്കുന്നു. ചെമ്പ് മേഞ്ഞ ഈ നാട്യഗൃഹത്തിന് 23½ മീറ്റര്‍ നീളവും 17½ മീറ്റര്‍ വീതിയുമുണ്ട്. കേരളത്തിലെ പ്രസിദ്ധരായ കൂടിയാട്ട വിദഗ്ദ്ധന്മാര്‍ ഇവിടെ പല തവണ കൂത്തും കൂടിയാട്ടവും അവതരിപ്പിച്ചിട്ടുണ്ട്.
നാലമ്പലത്തിന്റെ വലുപ്പവും വളരെ രസകരമായ ഒരു പ്രത്യേകതയാണ്. കേരളത്തിലെ ഏറ്റവും വലിയ നാലമ്പലവും ഇവിടെത്തന്നെയാണ്. നാലമ്പലത്തിന്റെ പുറംചുവരുകളെ ചുറ്റി വിളക്കുമാടം പണിതീര്‍ത്തിരിയ്ക്കുന്നു. അകത്തേയ്ക്ക് കടന്നാല്‍ വലിയ മൂന്ന് ശ്രീകോവിലുകള്‍ കാണാം. അവയില്‍ വടക്കേയറ്റത്തെ ശ്രീകോവിലില്‍ അനഭിമുഖമായി ശിവനും പാര്‍വ്വതിയും, നടക്കുള്ള ശ്രീകോവിലില്‍ ശങ്കരനാരായണനും, തെക്കേയറ്റത്തെ ശ്രീകോവിലില്‍ ശ്രീരാമനും കുടികൊള്ളുന്നു. മൂന്ന് ശ്രീകോവിലുകളും അത്യപൂര്‍വ്വമായ ചുവര്‍ച്ചിത്രങ്ങളാലും ദാരുശില്പങ്ങളാലും അലംകൃതമാണ്. എന്നാല്‍ ഫലപ്രദമായ ഇടപെടലില്ലാത്തതുമൂലം അവയില്‍ പലതും നാശോന്മുഖമാണ്. ഏറ്റവും വലിയ ശ്രീകോവില്‍ ശിവന്റേതാണ്. മൂന്ന് ശ്രീകോവിലുകള്‍ക്കുമുന്നിലും നമസ്‌കാരമണ്ഡപങ്ങളുണ്ട്. ശിവന്റെ ശ്രീകോവിലിന് തെക്കുകിഴക്കുഭാഗത്ത് തിടപ്പള്ളി സ്ഥിതി ചെയ്യുന്നു.
നാലമ്പലത്തിനും പ്രവേശനദ്വാരത്തിനുമിടയില്‍ ഇടുങ്ങിയ ഒരു വിടവുണ്ട്. അവയില്‍ ശിവന്റെ നടയ്ക്കുനേരെയുള്ള വിടവിനുസമീപമായി ഭഗവദ്വാഹനമായ നന്തിയുടെ ഒരു കൂറ്റന്‍ പളുങ്കുവിഗ്രഹമുണ്ട്. നന്തിയെ ഇവിടെ ഉപദേവനായി കരുതിവരുന്നു. നന്തിവിഗ്രഹത്തിന്റെ ഇരുവശത്തുമായി രണ്ട് ചുവര്‍ച്ചിത്രങ്ങളുണ്ട്. ഒന്ന്, അത്യപൂര്‍വ്വമായ വാസുകീശയനരൂപത്തിലുള്ള ശിവനാണ്; മറ്റേത്, 20 കൈകളോടുകൂടിയ നൃത്തനാഥനും. രണ്ടിടത്തും വിശേഷാല്‍ പൂജകളും വിളക്കുവയ്പും നടത്തിവരുന്നു.
വടക്കുകിഴക്കുഭാഗത്ത് ഒരു വലിയ കുഴിയുണ്ട്. കാട്ടാളനായി വന്ന് തന്നെ പരീക്ഷിച്ച ശിവന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ അര്‍ജുനന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വില്ലായ ഗാണ്ഡീവം തട്ടിയുണ്ടായതാണ് ഈ കുഴിയെന്ന് വിശ്വസിയ്ക്കപ്പെടുന്നു. അതിനാല്‍ വില്‍ക്കുഴിയെന്ന് പറയപ്പെടുന്നു. ഇവിടെ സ്ഥിരം ജലമുണ്ടാകും. ഏത് കടുത്ത വേനല്‍ക്കാലത്തും ഇത് വറ്റിപ്പോകില്ല എന്നതാണ് അദ്ഭുതം. ഇവിടെ കാലുകഴുകിവേണം ക്ഷേത്രദര്‍ശനം നടത്താന്‍ എന്നതാണ് ആചാരം. വടക്കേഗോപുരത്തോടുചേര്‍ന്ന് ശിവന്റെ ഒരു പളുങ്കുശില്പം കാണാം. അതിനുചുറ്റും വെള്ളം പരന്നുകിടക്കുന്നു. ഭഗവാന്റെ ജടയില്‍ നിന്ന് ഗംഗ ഉതിര്‍ന്നുവീഴുന്ന രൂപമാണ് ഇത്.
ക്ഷേത്രമതില്‍ക്കെട്ടിനുപുറത്ത് വടക്കുകിഴക്കേമൂലയിലായി രണ്ട് കുളങ്ങളുണ്ട്. ഒന്ന് സൂര്യപുഷ്‌കരിണിയെന്നും മറ്റേത് ചന്ദ്രപുഷ്‌കരിണിയെന്നും അറിയപ്പെടുന്നു. രണ്ട് കുളങ്ങളും ഒരുകാലത്ത് ശോച്യാവസ്ഥയിലായിരുന്നു. ഒടുവില്‍ 2015ല്‍ നടന്ന നവീകരണകലശത്തിന്റെ ഭാഗമായാണ് അവ വൃത്തിയാക്കിയത്. ശാന്തിക്കാരും ഭക്തരും ഈ കുളങ്ങളില്‍ കുളിച്ചുവേണം ദര്‍ശനം നടത്താന്‍ എന്നാണ് ആചാരം.
കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുര്‍ദ്ദശിദിവസം ലക്ഷദീപങ്ങള്‍ തെളിയിച്ചും പുഷ്പങ്ങളാല്‍ അലങ്കരിച്ചും ആഘോഷിക്കുന്ന ശിവരാത്രി ഉത്സവമാണ് ഇവിടെ പ്രധാനം. അന്ന് തൃശ്ശൂര്‍ പൂരത്തിനു വരുന്ന ക്ഷേത്രങ്ങളില്‍ നിന്ന് ദേവിദേവന്മാര്‍ എഴുന്നള്ളിവന്ന് വടക്കുംനാഥനെ വന്ദിച്ച് മടങ്ങുന്നു. അവ പാറമേക്കാവ്, തിരുവമ്പാടി, ചെമ്പുക്കാവ്, കണിമംഗലം, ലാലൂര്‍, അയ്യന്തോള്‍, നൈതലക്കാവ്, ചൂരക്കോട്, കാരമുക്ക്, പനേക്കമ്പിള്ളി, അശോകേശ്വരം എന്നീ ക്ഷേത്രങ്ങളില്‍ നിന്നാണ്. ശിവരാത്രിയോടനുബന്ധിച്ച് രാവിലെയും വൈകുന്നേരവും 1001 കതിനവെടിയും ദിവസം മുഴുവന്‍ നെയ്യഭിഷേകവും നടത്താറുണ്ട്. ശിവരാത്രിയോടനുബന്ധിച്ച് വിശേഷാല്‍ കലാപരിപാടികളുമുണ്ടാകും.
ലോക പ്രസിദ്ധമായ തൃശൂര്‍ പൂരം ശ്രീവടക്കുംനാഥന്റെസാനിധ്യത്തിലാണ് നടക്കുക. തൃശൂര്‍ പൂരം നാളില്‍ കൈലാസനാഥനെ കണ്ട് വന്ദിക്കാന്‍ ചുറ്റുവട്ടത്തില്‍നിന്നു ദേവിദേവന്മാര്‍ എഴുന്നള്ളിയെത്തും. തൃശൂര്‍ പൂരമെന്നത് പല പല ക്ഷേത്രങ്ങളില്‍ നിന്ന് എഴുന്നെള്ളിച്ച് വന്ന ക്ഷേത്രമൈതാനിയിലേക്ക് തിരിച്ചുപോകുന്നതിനെയാണ് സൂചിപ്പിക്കുന്നത്. അതില്‍ തന്നെ പാറമേക്കാവ് പൂരം മാത്രമേ ക്ഷേത്രമതില്‍ക്കെട്ടിനകത്തേക്ക് പ്രവേശിക്കുന്നുള്ളൂ. വടക്കുന്നാഥന്‍ ഈ പൂരത്തിന്റെ സാക്ഷി മാത്രമാണ്. ഓരോരുത്തരും വന്നുപോകുന്നു, അത്രമാത്രം.
Post Your Comments