തിരുവനന്തപുരം: ലോ അക്കാദമി കോളേജിനെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച് ലക്ഷ്മിനായർ. തന്റെ മകന്റേത് വീട്ടുകാരറിഞ്ഞ് ഉറപ്പിച്ച വിവാഹമാണ്. ആ പെൺകുട്ടി ഒരിക്കലും അക്കാദമിക് പ്രവർത്തനങ്ങളിൽ ഇടപെടാറില്ല, തന്റെ മകനെ വിവാഹം കഴിക്കാൻ പോകുന്നു എന്നതുകൊണ്ട് മാത്രം ഈ സ്ഥാപനത്തിൽ പഠിക്കുന്ന പെൺകുട്ടിയെ മറ്റു വിദ്യാർഥികൾ ചേർന്ന് പൊതുസമൂഹത്തിന് മുന്നിൽ വ്യക്തി ഹത്യ നടത്തുന്നത് ശരിയല്ലെന്ന് ലക്ഷ്മി നായർ പറയുന്നു. കോളേജിന്റെ ഭരണം ആ പെൺകുട്ടിയാണ് നിയന്ത്രിക്കുന്നതെന്നും ,പെൺകുട്ടികൾക്ക് പുറത്തുപോകണമെങ്കിൽ ആ കുട്ടിയോട് അനുവാദം വാങ്ങണമെന്നൊക്കെയുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അവർ പറയുകയുണ്ടായി.
താൻ വിദ്യാർത്ഥികളോട് കാണിക്കുന്ന കരുതലിനെയാണ് അവർ പീഡനമായി ചിത്രീകരിക്കുന്നത്.ഇതിന്റെ പിന്നിൽ തന്നോട് വ്യക്തിവൈരാഗ്യമുള്ളവരാണ്. രാഷ്ട്രീയ മുതലെടുപ്പ് മുന്നിൽകണ്ടുകൊണ്ടാണ് തനിക്കെതിരെ ആരോപണമുന്നയിക്കുന്നതെന്നും ലക്ഷ്മിനായർ ആരോപിക്കുകയുണ്ടായി. നാളിതുവരെ കേട്ടിട്ടില്ലാത്ത ഒരു സമരാവശ്യമാണ് പ്രിൻസിപ്പൽ രാജിവയ്ക്കുക എന്നത്. കുട്ടികൾക്ക് പരാതി പറയാനുള്ള പല ഫോറങ്ങളും ഉണ്ട്.പ്രിൻസിപ്പലിൽ നിന്ന് തുടങ്ങി മാനേജ്‌മന്റ് ,യൂണിവേഴ്സിറ്റി,വിദ്യാഭ്യാസ വകുപ്പ് ,കോടതി മുതലായ പരിഹാരമാർഗങ്ങൾ ഇരിക്കെ അതിനൊന്നും മുതിരാതെ പഠിപ്പ് മുടക്കിയുള്ള പ്രക്ഷോഭത്തിനിറങ്ങിയതിന്റെ ചേതോവികാരം മനസിലാകുന്നില്ലെന്നും അവർ വ്യക്തമാക്കി.
Post Your Comments