ന്യൂഡല്‍ഹി : ഇന്ത്യയിലെ ട്രെയിനുകളുടെ വേഗം കൂട്ടാന്‍ സഹായവുമായി റഷ്യന്‍ റെയില്‍വേ. ഇന്ത്യയിലെ ട്രെയിനുകളുടെ വേഗം, മണിക്കൂറില്‍ ഇരുന്നൂറ് കിലോമീറ്റര്‍ വരെയായി ഉയര്‍ത്താനുള്ള പദ്ധതിക്ക് റഷ്യന്‍ റെയില്‍വേയാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. നാഗ്പൂര്‍ മുതല്‍ സെക്കന്ദരാബാദ് വരെയുള്ള 575 കിലോമിറ്റര്‍ പാതയില്‍ നടത്തിയ പഠനങ്ങളുടെ പ്രാഥമിക റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു.
കഴിഞ്ഞ ഒക്ടോബറിലാണ് ഇരു രാജ്യങ്ങളുടേയും റെയില്‍വേ മന്ത്രാലയങ്ങള്‍ ട്രെയിനുകളുടെ വേഗത വര്‍ദ്ധിപ്പിക്കുന്ന പദ്ധതിയില്‍ ഒപ്പു വച്ചത്. പദ്ധതിയുടെ നടത്തിപ്പിനു വേണ്ട പകുതി ചെലവ് വഹിക്കാനും റഷ്യ ധാരണയായിട്ടുണ്ട്. നിലവില്‍ ഗതിമാന്‍ എക്‌സ്പ്രസാണ് ഇന്ത്യയിലെ ഏറ്റവും വേഗതയില്‍ സഞ്ചരിക്കുന്നത്. മണിക്കൂറില്‍ 160 കിലോമീറ്ററാണ് വേഗത. ട്രെയിനിന്റെ വേഗത ഉയര്‍ത്താനായി, നവീന സാങ്കേതിക വിദ്യകള്‍ പ്രയോഗിക്കുന്നതിനോടൊപ്പം, നിലവിലുള്ള പാതയുടെ അലൈന്‍മെന്റില്‍ മാറ്റം വരുത്തുക, പാതയുടെ അടിത്തറ ബലപ്പെടുത്തുക തുടങ്ങിയ പരിഹാര നിര്‍ദ്ദേശങ്ങളും റഷ്യന്‍ റെയില്‍വേ മുന്നോട്ട് വയ്ക്കുന്നുണ്ട്.
നിലവിലുള്ള ഇന്ത്യന്‍ റെയില്‍വേയുടെ കോച്ചുകള്‍ 200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ പ്രാപ്തമല്ലാത്തതിനാല്‍, പുതിയ കോച്ചുകളും ഇതിനായി നിര്‍മ്മിക്കേണ്ടി വരും. കൂടാതെ, ബലക്ഷയമുള്ള പാലങ്ങളും പുതുക്കി പണിയണം. നിലവിലെ ആശയ വിനിമയത്തിനുള്ള സാങ്കേതിക വിദ്യകള്‍ ഡിജിറ്റലൈസ് ചെയ്യും.
Post Your Comments