NewsInternational

ഇന്ത്യ നിര്‍മിക്കുന്ന ജലവൈദ്യുത പദ്ധതികളെ കുറിച്ച് പാകിസ്ഥാന് ആശയകുഴപ്പം : വിവരങ്ങള്‍ കൈമാറണമെന്ന് ഇന്ത്യയോട് പാകിസ്ഥാന്റെ ഭീഷണി

ഇസ്ലാമാബാദ്: സിന്ധു നദീതട കരാര്‍ പ്രകാരം ഇന്ത്യ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ജലവൈദ്യുത പദ്ധതികളെ കുറിച്ച് പാകിസ്ഥാന് ആശയകുഴപ്പം. പദ്ധതിയുടെ വിവരങ്ങള്‍ അറിയിക്കണമെന്ന് പാകിസ്ഥാന്‍, ഇന്ത്യയോടും ലോകബാങ്കിനോടും ആവശ്യപ്പെട്ടു. ഇസ്ലാമാബാദില്‍ കഴിഞ്ഞ ദിവസം നടന്ന മന്ത്രാലയ യോഗത്തില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു. തര്‍ക്കമുള്ള രണ്ട് പദ്ധതികളുടെ കാര്യവും പാകിസ്ഥാന്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു.

ജല, ഊര്‍ജ മന്ത്രിമാരെ കൂടാതെ ഉന്നത ഉദ്യോഗസ്ഥരും വിദേശകാര്യ- നിയമ-നീതിന്യായ വകുപ്പുകളിലുള്ളവരും യോഗത്തില്‍ പങ്കെടുത്തു. നദീജല വൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട് പാകിസ്ഥാന്റെ നിലപാട് ലോകബാങ്ക് അംഗീകരിച്ചതിനാലാണ് മദ്ധ്യസ്ഥരെ നിയമിക്കാനുള്ള നീക്കം രണ്ടു മാസങ്ങള്‍ക്ക് മുമ്പ് നിര്‍ത്തി വച്ചതെന്ന് അറ്റോര്‍ണി ജനറല്‍ അഷ്തര്‍ ഔസഫ് അറിയിച്ചു.

കിഷന്‍ഗംഗ, റാറ്റില്‍ പദ്ധതികളുടെ വിവരങ്ങള്‍ മാത്രമല്ല, ഇന്ത്യ ഭാവിയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന എല്ലാ പദ്ധതികളുടേയും വിവരങ്ങളും പാകിസ്ഥാനുമായി ഇന്ത്യ പങ്കുവയ്ക്കണമെന്നാണ് ആവശ്യം.

തര്‍ക്ക പദ്ധതികള്‍ ഭാവിയില്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നതു സംബന്ധിച്ച് നയം രൂപീകരിക്കാന്‍ അറ്റോര്‍ണി ജനറലിന്റെ നേതൃത്വത്തില്‍ ടാസ്‌ക് ഫോഴ്‌സിനേയും രൂപീകരിച്ചു.

shortlink

Post Your Comments


Back to top button