ദുബായ്: ദുബായിലെ അന്താരാഷ്ട്ര മാനവിക നഗരം മൂന്നിരട്ടിയായി വലുതാക്കുന്നു. ജീവകാരുണ്യ രംഗത്തെ ആഗോള ആവശ്യത്തിന് സഹായകമായാണ് ദുബായ് അന്താരാഷ്ട്ര മാനവിക നഗരത്തെ മൂന്നിരട്ടിയായി വിശാലമാക്കുന്നത്.
ഐക്യരാഷ്ട്ര സഭ, റെഡ്ക്രസന്റ്, ലോക ഭക്ഷ്യപദ്ധതി തുടങ്ങിയ സന്നദ്ധസംഘങ്ങള്‍ ആവശ്യമുന്നയിച്ചതിനെ തുടര്‍ന്ന് യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമാണ് നഗര വിസ്തൃതിക്ക് അനുമതി നല്‍കിയത്. മൂന്നു ലക്ഷം ചതുരശ്ര അടിയിലേറെ വലിപ്പമുണ്ടാവുന്ന ഇവിടം ലോകത്തെ വിവിധ ഭാഗങ്ങളിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രഭവകേന്ദ്രമായി മാറും. വിവിധ സന്നദ്ധ സംരംഭങ്ങളുടെ സംഘാടനത്തിനും പരിശീലനത്തിനും ഐ.എച്ച്.സി സഹായകമാവും.
സിറിയ, യമന്‍, അഫ്ഗാനിസ്ഥാന്‍, നൈജീരിയ തുടങ്ങിയ മേഖലയിലെ കലാപങ്ങള്‍ ആറരക്കോടി ജനങ്ങളെ അഭയാര്‍ഥികളാക്കി മാറ്റിയിരിക്കുകയാണ്. ഇവര്‍ക്ക് ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യ പരിരക്ഷ എന്നിവ ഒരുക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ക്ക് അവരുടെ വിഭവ സമാഹരണത്തിനും വിതരണത്തിനും ദുബായിയെ ആശ്രയിക്കാം. 2003ല്‍ ജബല്‍ അലി പോര്‍ട്ടിന് സമീപം ദുബായ് വ്യവസായ മേഖലക്കും അല്‍ മക്തൂം വിമാനത്താവളത്തിനും അരികിലായാണ് നഗരം സ്ഥാപിതമായത്.
സമീപ മേഖലകള്‍ക്ക് പുറമെ വിദൂരങ്ങളിലുള്ള ഹൈതി, വാനുവാതു തുടങ്ങിയ മേഖലകളില്‍ സഹായമത്തെിക്കാനും ഐ.എച്ച്.സി ഉപകരിച്ചിരുന്നു.
Post Your Comments