കേരളത്തില്‍ നടന്ന രാഷ്ട്രീയകൊലപാതകങ്ങളില്‍ സി.പി.എമ്മിനെ പൊതുജനവും എതിരാളികളും സംശയിക്കുമ്പോഴൊക്കെ പാര്‍ട്ടി നേതാക്കള്‍ പറയുന്ന ഒരു ന്യായമുണ്ട് – കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിലാണ് സി.പി.എം നേതാക്കളുടെ വാദം ഏറ്റവും ശക്തമായി മുഴങ്ങിക്കേട്ടത്. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് ക്വട്ടേഷന്‍ സംഘമാണെന്നായിരുന്നു പാര്‍ട്ടിയുടെ ആദ്യപ്രതികരണം. എന്നാല്‍ ആ ക്വട്ടേഷന്‍ സംഘത്തിനു പിന്നാലെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും അറസ്റ്റിലായപ്പോള്‍ സി.പി.എം സംസ്ഥാന നേതൃത്വത്തിനുപോലും ഉത്തരം മുട്ടി. തുടര്‍ന്നു നടന്ന എത്രയോ രാഷ്ട്രീയ കൊലപാതകങ്ങള്‍. പലതും പ്രാദേശികമായ പ്രശ്‌നങ്ങളുടെ പേരില്‍. അവിടെയെല്ലാം സി.പി.എം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനു സംസ്ഥാനതലത്തില്‍ നേതൃത്വം വഹിക്കുന്നവര്‍ ഉത്തരവാദിത്തം നിഷേധിച്ചുകൊണ്ടിരുന്നു. ആദ്യം പ്രാദേശിക നേതൃത്വം നിഷേധിക്കും. പിന്നെ ജില്ലാ നേതൃത്വം നിഷേധിക്കും. ഒടുവില്‍ സംസ്ഥാന നേതൃത്വം നിഷേധിക്കും. ഇതാണ് കഴിഞ്ഞ കുറേ കാലങ്ങളായുള്ള കീഴ്‌വഴക്കം.
ഏറ്റവും ഒടുവില്‍ സി.പി.എമ്മിന്റെ മുതിര്‍ന്നനേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ ധര്‍മ്മടം മണ്ഡലത്തില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. ബി.ജെ.പിയുടെ അണ്ടല്ലൂര്‍ ബൂത്ത് പ്രസിഡന്റായ സന്തോഷ് കുമാറാണ് കൊല്ലപ്പെട്ടത്. കൊലപാതക വിവരം പുറത്തുവന്നതിനു പിന്നാലെ സംഭവത്തില്‍ സി.പി.എമ്മിനു പങ്കില്ലെന്നും സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുക്കളാണ് സന്തോഷിനെ കൊലപ്പെടുത്തിയതെന്നും സി.പി.എമ്മിലെ വിവിധ തലത്തിലുള്ള നേതൃത്വങ്ങള്‍ ആണയിട്ടുകൊണ്ടിരുന്നു. ജില്ലാ സെക്രട്ടറി പി.ജയരാജനും മുതിര്‍ന്ന നേതാവ് എം.വി ജയരാജനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമെല്ലാം പാര്‍ട്ടിയുടെ പങ്ക് നിഷേധിച്ചവരാണ്. സന്തോഷ്‌കുമാറിന്റെ കൊലപാതകം അന്വേഷിക്കുന്ന പൊലീസ് സംഘത്തോടൊപ്പം ഉണ്ടായിരുന്ന ഡോഗ് സ്‌ക്വാഡിലെ നായ ചെന്നുനിന്നത് ആര്‍.എസ്സ്.എസ്സുകാരന്റെ വീട്ടുമുറ്റത്താണെന്നാണ് പി.ജയരാജന്‍ പറഞ്ഞത്. എന്നാല്‍ ഏറ്റവും ഒടുവില്‍ ഇന്ന് കൊലപാതകത്തില്‍ സി.പി.എമ്മിന്റെ ആറ് പ്രവര്‍ത്തകര്‍ അറസ്റ്റിലായപ്പോള്‍ ആ ഗര്‍ഭം ഞങ്ങളുടേതല്ല എന്ന വാദത്തില്‍നിന്നും സി.പി.എമ്മിനു പിന്‍മാറേണ്ടി വന്നിരിക്കുന്നു.
സി.പി.എം നേതൃത്വം വഹിക്കുന്ന ആഭ്യന്തരവകുപ്പിന്റെ കീഴിലുള്ള പൊലീസ് കൊലനടന്ന് മൂന്നാംദിവസം പ്രതികളായ സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരിക്കുന്നു എന്നു പറയുമ്പോള്‍ ആ പൊലീസിനെ മനസ്സറിഞ്ഞുതന്നെ സല്യൂട്ട് ചെയ്യാം. രാഷ്ട്രീയകാരണങ്ങള്‍കൊണ്ടാണ് സന്തോഷിനെ കൊലപ്പെടുത്തിയതെന്നു പിണറായിയുടെ പൊലീസ് തന്നെ പറയുമ്പോള്‍ ഇനി ഇതേക്കുറിച്ച് സി.പി.എമ്മിനു എന്താണ് പറയാനുള്ളത്? അറസ്റ്റിലായ പ്രതികള്‍ സി.പി.എമ്മുകാരല്ല എന്ന് നേതൃത്വത്തിനു നിഷേധിക്കാന്‍ കഴിയുമോ? ഏതായാലും മുന്‍കാലങ്ങളില്‍ സംഭവിക്കാറുള്ളതുപോലെ കൊലപാതകത്തില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ യാതൊരു കാരണവശാലും സംരക്ഷിക്കില്ല എന്ന ഉറച്ച നിലപാട് സ്വീകരിക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യാന്‍ സി.പി.എമ്മിനു കഴിഞ്ഞാല്‍ അത് പുതിയൊരു രാഷ്ട്രീയരീതിയുടെ തുടക്കമാകും. അതുവഴി കണ്ണൂരില്‍ അടക്കം സംസ്ഥാനത്ത് അരങ്ങേറുന്ന രാഷ്ട്രീയ കൊലപാതകങ്ങളെ ഒരളവുവരെ തടയാനും സാധിക്കും. സി.പി.എം അധികാരത്തിലിരിക്കുമ്പോഴും പാര്‍ട്ടിയുടെ ബാനറില്‍ കൊലപാതകങ്ങള്‍ നടക്കുന്നു എന്ന വസ്തുതയും നേതൃത്വം ഗൗരവത്തോടെ പരിശോധിക്കേണ്ടതാണ്.
Post Your Comments