ന്യൂയോര്‍ക്ക് : അമേരിക്കയുടെ ഭരണത്തലപ്പത്ത് ബരാക് ഒബാമയുടെ ദിനങ്ങള്‍ അവസാനിക്കുകയാണ്. ഇന്ന് വൈറ്റ് ഹൗസില്‍ ഒബാമയ്ക്ക് അവസാന ദിവസമാണ്.
ചരിത്രത്തില്‍ ബരാക് ഹുസൈന്‍ ഒബാമയുടെ ഇടം എന്തായിരിക്കും എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം, 2008 നവംബര്‍ അഞ്ചിന് 52.3 ശതമാനം ജനങ്ങളുടെ പിന്തുണയോടെ അമേരിക്കയുടെ നാല്‍പത്തി നാലാമത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍തന്നെ ചരിത്രത്തിലേക്ക് അദ്ദേഹം ഓടിക്കയറിയിരുന്നു.
ഏതാണ്ട് 18 ലക്ഷം പേര്‍ 2008ലെ ഒബാമയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കാണാനെത്തിയത് അമേരിക്കയുടെ ആദ്യ കറുത്തവര്‍ഗ്ഗക്കാരനായ പ്രസിഡന്റിനുമേലുള്ള പ്രതീക്ഷ കാരണമാണ്. സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ മുറിവുകള്‍ മാഞ്ഞിരുന്നില്ല അന്നും, ഭീതി രാജ്യമൊട്ടാകെ ശേഷിച്ചു. ഇറാഖ്, അഫ്ഗാന്‍ യുദ്ധങ്ങള്‍ രാജ്യത്തെ രണ്ടുതട്ടിലാക്കി. ആയിരക്കണക്കിന് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. യുദ്ധം വേണ്ടെന്ന മുദ്രാവാക്യവുമായി പതിനായിരങ്ങള്‍ തെരുവിലിറങ്ങി. അതേസമയം തന്നെ ഗ്വണ്ടനാമോയിലെ പീഡനങ്ങളോടും പ്രതിഷേധമുയര്‍ന്നു. ഇതിനെല്ലാമിടയിലെ വെള്ളിവെളിച്ചമായിരുന്നു കെനിയക്കാരന്‍ അച്ഛന്റെയും വെളുത്ത വര്‍ഗക്കാരി അമ്മയുടേലും മകനായ ബരാക് ഒബാമ.
ഒബാമ സ്ഥാനമേല്‍ക്കുമ്പോള്‍ അമേരിക്കയുടെ സമ്പദ് രംഗം കടുത്ത പ്രതിസന്ധിയുടെ പിടിയിലായിരുന്നു. പരിഹാരമായി നടപ്പാക്കിയ ഉത്തേജകപാക്കേജായിരുന്നു ഒബാമയുടെ ആദ്യ കാല്‍വെയ്പ്. പക്ഷേ പ്രതീക്ഷിച്ച വേഗം ഉണ്ടായില്ല വീണ്ടെടുക്കലിന്. തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു എന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ആരോഗ്യപരിഷ്‌കരണം നടപ്പാക്കുന്നതില്‍ വിജയിച്ചു. അത് പിന്‍വലിക്കാന്‍ നടപടികള്‍ക്ക് തുടക്കംകുറിച്ചുകഴിഞ്ഞു ജനപ്രതിനിധിസഭ.
സെപ്റ്റംബര്‍ 11ന്റെ സൂത്രധാരനായ ഒസാമ ബിന്‍ ലാദനെ ഏറ്റുമുട്ടിലിലൂടെ വധിച്ചത് ഒബാമയുടെ ഭരണകാലത്താണ്. പക്ഷേ അതേസമയം ന്യൂനപക്ഷങ്ങളുടെ വോട്ടോടെ ഭരണത്തിലേറിയ ഒബാമയുടെ ഭരണകാലത്താണ് ഏറ്റവും കൂടുതല്‍ വംശീയവൈരത്തിലൂന്നിയ മരണങ്ങള്‍ നടന്നത്. ഫെര്‍ഗുസണിലെ മൈക്കല്‍ ബ്രൗണിന്റെ മരണം കലാപമായി കത്തിപ്പടര്‍ന്നു. സ്വവര്‍ഗവിവാഹമാണ് മറ്റൊരു വിവാദമായത്. സെനറ്ററായിരുന്നപ്പോള്‍ അതിനെ എതര്‍ത്ത ഒബാമ പ്രസിഡന്റായി സ്ഥാനമേറ്റ് പതുക്കെപ്പതുക്കെ അഭിപ്രായം മയപ്പെടുത്തി. അഭിപ്രായം രൂപീകരിക്കുന്നതേയുള്ളൂ എന്നു വ്യകതമാക്കി. പിന്നെ പിന്തുണച്ചു. കാലാവസ്ഥാ വ്യതിയാനത്തലെ പാരിസ് ഉടമ്പടിയും ഇറാന്‍ ധാരണയും ഒബാമയുടെ നേട്ടങ്ങളാണ്. പക്ഷേ സിറിയയുടെ കാര്യത്തില്‍ പ്രസിഡന്റിന് അടിതെറ്റി. തീരുമാനമെടുക്കാനും ഇടപെടാനും അറച്ചുനിന്ന അമേരിക്കയുടെ വിടവ് നികത്തി റഷ്യ രംഗം കൈയടക്കി. അതൊരു ദുരന്തമായി വ്യാഖ്യാനിക്കുന്നവരുണ്ട്.
ചൈനയുടെ ആധിപത്യം ചെറുക്കാന്‍ ഏഷ്യയിലേക്ക് ശ്രദ്ധതിരിച്ച നയംമാറ്റം പൂര്‍ണമായി നടപ്പായിട്ടില്ല ഇതുവരെ. ക്യൂബയുമായുള്ള ശീതയുദ്ധം അവസാനിപ്പിച്ചതും ഒബാമയാണ്. കുടിയേറ്റപരഷ്‌കരണങ്ങളാണ് മറ്റൊരു നേട്ടം. പക്ഷേ തോക്കുനിയന്ത്രണം കൊണ്ടുവരുന്നതില്‍ പ്രസിഡന്റ് പരാജയപ്പെട്ടു. ലോബികള്‍ പരാജയപ്പെടുത്തി എന്നതാണ് സത്യം. ഒബാമയുടെ പ്രസിഡന്‍സി കാലം രാജ്യത്തെ പലതട്ടിലാക്കിയോ എന്ന ചോദ്യത്തിന് ഉത്തരമില്ല, പക്ഷേ ആരോപണങ്ങള്‍ ശേഷിക്കുന്നു. എങ്കിലും വൈറ്റ് ഹൗസിന് നഷ്ടബോധമാണ്. ഒബാമയെ അടുത്തറിഞ്ഞവര്‍ക്കും. ഇത്രയും മാന്യനായ ഒരു പ്രസിഡന്റ് ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. വിവാദങ്ങളുടെ ചെറുകാറ്റ് പോലുമേല്‍ക്കാത്ത കുടുംബവും.
Post Your Comments