മലപ്പുറം: പാര്‍ട്ടിയെയും ഇടതുമുന്നണിയെയും കള്ളം പറഞ്ഞ് നാണം കെടുത്തിയതിന് പി.വി അന്‍വര്‍ എം.എല്‍.എക്ക് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ ശാസന. ഭൂമി തട്ടിപ്പുകേസില്‍ ഉടന്‍ പലിശസഹിതം പണമടച്ച് കേസ് തീര്‍ക്കണമെന്ന ശക്തമായ താക്കീതാണ് സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുന്നത്. 93 വയസുള്ള കുടിയേറ്റ കര്‍ഷകന്‍ മഞ്ചേരി മാലാംകുളം വാഴത്തോട്ടില്‍ സി.പി ജോസഫിന്റെ ഭൂമി തട്ടിയെടുത്ത കേസില്‍ മഞ്ചേരി സബ് കോടതി എം.എല്‍.എക്കെതിരെ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എം.എല്‍.എക്കെതിരെ ഈ കേസില്‍ കോടതി പുറപ്പെടുവിക്കുന്ന മൂന്നാമത്തെ അറസ്റ്റു വാറണ്ടായിരുന്നു ഇത്. ഇതോടെ എം.എല്‍.എയില്‍ നിന്നും സി.പി.എം നേതൃത്വം വിശദീകരണം തേടുകയായിരുന്നു.
പി.വി അന്‍വര്‍ നിലമ്പൂരില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ ഇതേ കേസില്‍ അറസ്റ്റു വാറന്റുണ്ടായിരുന്നു. അന്നു തന്നെ പണമടച്ച് പ്രശ്നം തീര്‍ക്കണമെന്നാണ് സി.പി.എം നേതൃത്വം നിര്‍ദ്ദേശിച്ചെങ്കിലും 10 ലക്ഷം രൂപ അടച്ച് ബാക്കി തുകക്ക് അഞ്ചു ഗഡുക്കള്‍ വാങ്ങുകയായിരുന്നു അന്‍വര്‍. വീണ്ടും അറസ്റ്റ് വാറണ്ട് വന്നതോടെ അവശേഷിക്കുന്ന മുഴുവന്‍ തുകക്കുമുള്ള ഡിമാന്റ് ഡ്രാഫ്റ്റ് 13ന് എടുത്തെങ്കിലും വാദിഭാഗം അഭിഭാഷകന്‍ പി.എ പൗരന്‍ ഓഫീസ് പൂട്ടിപോയതിനാല്‍ കൈമാറാനും വാറണ്ട് പിന്‍വലിപ്പിക്കാനുമായില്ലെന്നാണ് എം.എല്‍.എ അറിയിച്ചത്. പലിശസഹിതം 3,36,719 രൂപ അടക്കേണ്ടിടത്ത് 2,22804 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റാണ് കോടതിയില്‍ എം.എല്‍.എയുടെ അഭിഭാഷകന്‍ ഹാജരാക്കിയത്. ഇത് അംഗീകരിക്കാന്‍ ജഡ്ജി കെ.പി പ്രദീപ് തയ്യാറായില്ല. തുക പൂര്‍ണ്ണമായും അടക്കാതെ വാറണ്ട് പിന്‍വലിക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു.
പി.വി അന്‍വര്‍ എം.എല്‍.എയെ തേജോവധം ചെയ്യാന്‍ അഡ്വ .പി.എ പൗരന്‍ രാഷ്ട്രീയ ഗൂഢാലോചന നടത്തി എന്ന അന്‍വറിന്റെ അഭിഭാഷകന്‍ സഫറുള്ളയുടെ വാദം കോടതിയില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിക്കുകയും ഇതോടെ സി.പി.എം സംസ്ഥാന നേതൃത്വം പ്രശ്നത്തില്‍ ശക്തമായി ഇടപെട്ട് എം.എല്‍.എയെ ശാസിച്ച് പണമടക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.
Post Your Comments