കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങൾക്ക് ഏകദേശം 65 വർഷത്തിലേറെ ചരിത്രമുണ്ട്. 1948 മെയ് 11ന് സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന മൊയാരത്ത് ശങ്കരനെ കോൺഗ്രസുകാർ രാഷ്ട്രീയ വൈരാഗ്യം മൂലം തല്ലിച്ചതച്ചതിനെ തുടർന്ന് മൃതപ്രായനായ അദ്ദേഹം കണ്ണൂർ സെൻട്രൽ ജയിലിൽ മരണമടഞ്ഞതാണ് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യ കൊലപാതകം . 1969 ഏപ്രിൽ 21-ന് ഇന്നത്തെ ബി.ജെ.പിയുടെ പഴയ രൂപമായിരുന്ന ജനസംഘത്തിന്റെ പ്രവർത്തകനായിരുന്ന വാടിക്കൽ രാമകൃഷ്ണൻ ആണ് കണ്ണൂരിൽ ആദ്യമായി രാഷ്ട്രീയ വൈരാഗ്യം മൂലം കൊല്ലപ്പെടുന്നത്.കണ്ണൂർ അക്രമങ്ങളിൽ ജീവഹാനി സംഭവിക്കുന്നവരുടേയും പരിക്കേൽക്കുന്നവരുടെയും ചരിത്രം പരിശോധിച്ചാൽ അവരിൽ അധികവും സാധാരണക്കാരായ പ്രവർത്തകരാണെന്ന് കാണാനാവും. കണ്ണിന് കണ്ണ് ചോരയ്ക്ക് ചോര എന്ന ഗോത്ര നിയമം പോലെയാണ് രാഷ്ട്രീയ പാര്‍ട്ടികൾ തമ്മിൽ പരസ്പരം പോരടിച്ച് ജീവനെടുക്കുന്നത്. വര്‍ഷങ്ങളായി ചോരമണമില്ലാത്ത ദിവസങ്ങൾ കണ്ണൂരിലുണ്ടാലുയിട്ടില്ല.
ക്വാറികളുടെ ലൈസന്‍സ് ഉപയോഗിച്ചു വാങ്ങുന്ന അമോണിയം നൈട്രേറ്റും കോഡ് വയറുകളും ബാറ്ററിയും പെട്രോള്‍ തിരികളും ഉപയോഗിച്ചായിരുന്നു ആദ്യകാലങ്ങളില്‍ ബോംബ് നിര്‍മാണം നടന്നിരുന്നത്. തുടര്‍ന്ന് ബിജെപി- സിപിഎം ശക്തികേന്ദ്രങ്ങളില്‍ ബോംബ് നിര്‍മാണം നടക്കുന്നതായി സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. തലശേരി, പെരിങ്ങളം, കൂത്തുപറമ്പ് മേഖലകളില്‍ ആളൊഴിഞ്ഞ കുന്നിന്‍ പ്രദേശങ്ങളും വീടുകളും കേന്ദ്രീകരിച്ചാണ് ബോംബ് നിര്‍മാണം നടക്കുന്നത്. വിദേശരാജ്യങ്ങളില്‍ തീവ്രവാദികള്‍ ചാവേര്‍ സ്ഫോടനത്തിന് ഉപയോഗിക്കുന്ന സാധാരണ വെടിമരുന്നിനൊപ്പം നൈട്രോ മീഥെയ്നും ചേര്‍ത്ത വീര്യം കൂടിയ ബോംബുകള്‍ പോലും കണ്ണൂരില്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
അടുത്തിടെ കണ്ണൂരിലെ കേന്ദ്രങ്ങളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത ബോംബുകള്‍ പലതും സാങ്കേതിക തികവിലും സ്ഫോടന ശേഷിയിലും മാരകമായവയായിരുന്നു. ബോംബ് നിര്‍മാണത്തിനു പ്രത്യേക പരിശീലനം നല്‍കുന്നതായും പരിശീലനം സിദ്ധിച്ചവര്‍ ജില്ലയ്ക്കകത്തും പുറത്തും നിര്‍മാണത്തിനു പോകുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. അക്രമി സംഘങ്ങള്‍ക്കു പൂര്‍ണപിന്തുണയും ചെല്ലും ചെലവും നല്‍കാന്‍ വിവിധ പാര്‍ട്ടി നേതൃത്വങ്ങള്‍ തയാറാകുന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം.
ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം നടന്നാല്‍ പുറംലോകമറിയാതെ പൂഴ്ത്തി വയ്ക്കുന്നതും രഹസ്യകേന്ദ്രങ്ങളില്‍ ചികിത്സിക്കുന്നതും പതിവാണ്. ജില്ലയില്‍ കലാപമുണ്ടാക്കാനുളള ആസൂത്രിത ശ്രമത്തിന്‍റെ ഭാഗമായാണ് ബോംബ് നിര്‍മാണമെന്നാണു പൊലീസ് കണ്ടെത്തല്‍. രാഷ്ട്രീയ എതിരാളികളെ വകവരുത്താനായി ബോംബിനൊപ്പം പ്രത്യേകതരം ആയുധങ്ങള്‍ നിര്‍മിക്കാനും ജില്ലയില്‍ സംഘടിത പ്രവര്‍ത്തനമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
1980 മുതല്‍ 2015 വരെയുള്ള 35 വര്‍ഷ കാലയളവിനുള്ളില്‍ സിപിഐഎം – ബിജെപി കോണ്‍ഗ്രസ് രാഷ്ട്രീയ വൈര്യത്തിൽ ജീവന്‍ പൊലിഞ്ഞത് ഏതാണ്ട് 180 ഓളം ആളുകള്‍ക്കാണ്. 1971ല്‍ തലശ്ശേരിലിയിലുണ്ടായ കലാപത്തിന് പിന്നാലെ രാഷ്ട്രീയ വൈരാഗ്യം കലുഷിതമായത് സിപിഐഎമ്മും ബിജെപിയും തമ്മിലാണ്. പിന്നീട് ഇടക്കാലത്ത് ബിജെപി മാറി പോരാട്ടങ്ങള്‍ കോണ്‍ഗ്രസും സിപിഐഎമ്മും തമ്മിലായി.
ജില്ലയില്‍ മേധാവിത്വം തെളിയിക്കുന്നതിനായി പാര്‍ട്ടികള്‍ ബോംബുകളും വടിവാളും കത്തിയുമൊക്കെ ഉപയോഗിച്ച് തുടങ്ങിയപ്പോള്‍ കേരളത്തിലെ 14 ജില്ലകളില്‍, രാഷ്ട്രീയ അസമാധാനം നിലനില്‍ക്കുന്ന ജില്ലയായി കണ്ണൂര്‍ മാറി. 2008ല്‍ മാത്രം കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായത് 14 പേരാണ്.
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം കണ്ണൂര്‍ ജില്ലയില്‍ നടന്ന ഏറ്റവും വിവാദ കൊലപാതകം കതിരൂര്‍ മനോജ് വധമായിരുന്നു. ഇപ്പോഴത്തെ സിപിഐഎം ജില്ലാ സെക്രട്ടറിയായ പി. ജയരാജനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു കതിരൂര്‍ മനോജ്.
ജില്ലയില്‍ എന്നും ഭീതിയുടെ രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് എല്ലാവിഭാഗം രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും എല്ലായ്പ്പോഴുമുണ്ടാകുന്നത്. തങ്ങളുടെ ഒരു കൂട്ടം പ്രവര്‍ത്തകരില്‍ വളര്‍ന്നുവരുന്ന അസംതൃപ്തിയും കൊഴിഞ്ഞുപോക്കും ചിലര്‍ മറ്റു പാര്‍ട്ടികളില്‍ ചേരുന്നതും തടയിടാന്‍ ഭയപ്പാടിന്‍റെ അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ടെന്നാണ് പാര്‍ട്ടികളുടെ ഇടപെടലുകള്‍ ബോധ്യപ്പെടുത്തുന്നത്. അണികളുടെ കൊഴിഞ്ഞുപോക്ക് തടയാനായി സംഘര്‍ഷം സൃഷ്ടിക്കാന്‍ നേതൃത്വത്തിന്‍റെ അറിവോടെ നടക്കുന്ന നീക്കങ്ങളാണു പലപ്പോഴും കാര്യങ്ങള്‍ വഷളാക്കുന്നതെന്നാണ് പോലീസിന്‍റെ നിഗമനം.
Post Your Comments