സുപ്രീം കോടതിയുടെ തന്നെ ചരിത്രത്തിലെ സുപ്രധാനമായ ഒരു വിധിയാണ് അടുത്ത കാലത്ത് ഉണ്ടായത്. മതത്തിന്റെയോ ജാതിയുടെയോ പേര് പറഞ്ഞ് സമ്മതിദായകനെ സാധീനിക്കാന്‍ ശ്രമിക്കുന്നത് ജനപ്രാതിനിധ്യ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണെന്നും അപ്രകാരമുള്ള ചെയ്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി എടുക്കാം എന്നുമായിരുന്നു വിധി. ഈ സാഹചര്യത്തില്‍ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എ.കെ നസീറുമായി രഞ്ജിത്ത് എബ്രഹാം തോമസ് നടത്തിയ അഭിമുഖം വായിക്കാം.
.സുപ്രീംകോടതി വിധി കേരളത്തില്‍ മുസ്ലീംലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണല്ലോ?
തീര്‍ച്ചയായും. ഈ വിധി വന്നയുടനെ രാജ്യത്തെ രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിച്ചത് മുസ്ലീംലീഗെന്ന രാഷ്ട്രീയ പ്രസ്ഥാനത്തെയാണ്. കേരളത്തിലെ പ്രത്യേകിച്ച് മലപ്പുറത്ത് മാത്രം ഒതുങ്ങുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്ലീംലീഗ് എങ്കിലും രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് തുരങ്കം വയ്ക്കുന്നതാണ് ആ പാര്‍ട്ടിയുടെ പല നടപടികളും. മാത്രമല്ല മുസ്ലീംലീഗിന്റെ ചെയ്തികള്‍ക്ക് മറുപടി പറയണ്ട ബാധ്യത ഇസ്ലാം മതത്തിനോ മതവിശ്വാസികള്‍ക്കോ ഇല്ല. കാരണം, കേരളത്തിലെ മുസ്ലീം ജനസംഖ്യയുടെ വെറും 29 ശതമാനം മാത്രമാണ് മുസ്ലീംലീഗെന്ന രാഷ്ട്രീയ പ്രസ്ഥാനത്തില്‍ ഉള്ളത്. അതായത് ബാക്കിയുള്ള 71ശതമാനം മുസ്ലീങ്ങളും ആ പാര്‍ട്ടിയുടെ അംഗങ്ങളല്ലെന്ന് സാരം. അതുകൊണ്ട് തന്നെ സമുദായത്തിന്റെ പേര് ലീഗ് ദുരുപയോഗം ചെയ്യുകയാണെന്ന പരാതിയാണ് ഭൂരിപക്ഷം ഇസ്ലാം മത വിശ്വാസികള്‍ക്കും ഉള്ളത്.
.ലീഗിനെതിരായ ആരോപണങ്ങള്‍ ഇസ്ലാംമത വിശ്വാസികളെ പ്രതിരോധത്തിലാക്കുന്നു എന്നൊരു ആക്ഷേപമുണ്ടല്ലോ?
ശരിയാണ്. മുസ്ലീം ലീഗിനെതിരെയുള്ള പല ആരോപണങ്ങളും ഇസ്ലാം മത വിശ്വാസികളെ കൂടിയാണ് പ്രതിരോധത്തില്‍ ആക്കുന്നത്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ലീഗ് ചതിക്കുന്നത് വിശ്വാസികളെയാണെന്ന് പറയേണ്ടി വരും. വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന ഭൂരിപക്ഷം മുസ്ലീങ്ങളും ലീഗിന് വോട്ട് ചെയ്യുന്നത് ലീഗിന് മുമ്പുള്ള മുസ്ലീം എന്ന പേര് മാത്രം നോക്കിയാണ്. ഇത് ഇന്ത്യന്‍ ജനാധിപത്യത്തോട് തന്നെയുള്ള വെല്ലുവിളിയാണ്.
.മതസ്വഭാവം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് എത്രമാതം ഭൂഷണമാണ്?
മതത്തെ ചൂഷണം ചെയ്യുന്ന നിലപാട് തീര്‍ച്ചയായും തിരുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയണം. ലീഗ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സ്വയം തിരുത്തികഴിഞ്ഞാല്‍ അതുവഴി സമുദായത്തിനും രാജ്യത്തിനും ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ഈ സാഹചര്യത്തിലാണ് ബി.ജെ.പിയുടെ ആദ്യരൂപമായ ജനസംഘത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ച ചില ചര്‍ച്ചകള്‍ പ്രസക്തമാകുന്നത്. ഹിന്ദു മഹാസഭ എന്ന പേരിലുള്ള രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഡോ.ശ്യാമ പ്രസാദ് മുഖര്‍ജിയുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു, ഇത്തരത്തില്‍ ഒരു പേര് തങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് പാടില്ല എന്നത്. അങ്ങനെ ചെയ്യുന്നത് രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് എതിരാണെന്ന് വാദിച്ചാണ് അദ്ദേഹം ജനസംഘം രൂപീകരിക്കുന്നതുതന്നെ. 80 ശതമാനത്തില്‍ അധികം ഹൈന്ദവ വിശ്വാസികള്‍ ഉള്ള ഭാരതത്തില്‍ അത്തരമൊരു പേര് ഉപയോഗിച്ചാല്‍ കിട്ടുന്ന ആനുകൂല്യം ചൂഷണം ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ല. അതാണ് ഭാരതത്തിന്റെ മഹത്തായ പൈതൃകം. ആ സംസ്‌കാര സമ്പന്നതയാണ് ബി.ജെ.പിയും പിന്തുടരുന്നത്.
Post Your Comments