കറാക്കസ്: വെനിസ്വേലയില്‍ കുതിച്ചുയരുന്ന പണപ്പെരുപ്പം തടയുന്നതിന്റെ ഭാഗമായി ഉയര്‍ന്ന മൂല്യമുള്ള പുതിയ കറന്‍സി നോട്ടുകള്‍ പുറത്തിറക്കി. നോട്ടുകള്‍ പിന്‍വലിക്കാന്‍ എ.ടി.എമ്മുകള്‍ക്കു മുന്നില്‍ നീണ്ടനിരയാണ് അനുഭവപ്പെട്ടത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന 100 ബൊളിവര്‍ നോട്ടുകള്‍ വിപണിയില്‍നിന്ന് പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ മാസം പ്രസിഡന്റ് നികളസ് മദൂറോ പ്രഖ്യാപിച്ചിരുന്നു. പിന്‍വലിച്ച നോട്ടുകള്‍ക്കു പകരമായാണ് പുതിയ 500, 2000 ബൊളിവര്‍ നോട്ടുകള്‍ പുറത്തിറക്കിയത്.
രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ ഉദ്ദേശിച്ചായിരുന്നു പ്രസിഡന്റിന്റെ നീക്കം. മൂന്നക്ക നാണയപ്പെരുപ്പവും വിദേശവിനിമയത്തകര്‍ച്ചയും കടുത്ത ഭക്ഷ്യക്ഷാമത്തിനിടയാക്കിയിരുന്നു. അതിനിടെ ഉയര്‍ന്ന മൂല്യമുള്ള പുതിയ നോട്ടുകള്‍ ജനങ്ങളില്‍ അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. ഇത്രയും മൂല്യമുള്ള നോട്ട് കൈയില്‍ വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നാണ് പുതിയ 500 ബൊളിവര്‍ നോട്ട് പിന്‍വലിച്ച ശേഷം സെയില്‍സ് ക്ളര്‍ക്കായ മിലേന മോളിന പ്രതികരിച്ചത്.
പുതിയ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പണമിടപാട് എളുപ്പമാക്കുമെങ്കിലും ആശ്വസം കുറച്ചു കാലത്തേക്കു മാത്രമായിരിക്കുമെന്നാണ് വിലയിരുത്തല്‍. കരിഞ്ചന്തയില്‍ 20,000 ബൊളിവറിന് ആറ് ഡോളറില്‍ താഴെ മാത്രമാണ് വില ലഭിക്കുന്നത്. ഈ വര്‍ഷം രാജ്യത്ത് നാലക്ക നാണയപ്പെരുപ്പം അനുഭവപ്പെടുമെന്നാണ് അന്താരാഷ്ട്ര നാണയനിധിയുടെ പ്രവചനം.
Post Your Comments