Uncategorized

എന്തുകൊണ്ട് വിനായകന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്? പി.ആര്‍ രാജ് എഴുതുന്നു

2016ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഉടന്‍ പ്രഖ്യാപിക്കാനിരിക്കേ മികച്ച നടനായി വിനായകനെ ഉറപ്പിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ അഭിനയം വിനായകനെ അവാര്‍ഡിന് അര്‍ഹനാക്കുമെന്നാണ് പ്രചാരണം. ചിത്രത്തിലെ വിനായകന്റെ രംഗങ്ങളും ഡയലോഗുകളും ഉള്‍പ്പെടുന്ന ഗ്രാഫിക്സ് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം റിലീസ് ചെയ്ത മികച്ച ചിത്രങ്ങളിലൊന്നായിരുന്നു രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം. ചിത്രത്തില്‍ നായക കഥാപാത്രം ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നെങ്കിലും വിനായകന്റെ ഗംഗയെന്ന കഥാപാത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

ശരീരഭാഷ കൊണ്ടും ശൈലീകൃത അഭിനയത്തിന്റെ ഗാംഭീര്യത്തിലും നേരത്തെ തന്നെ പ്രേക്ഷകരുടെ അംഗീകാരം നേടിയ നടനാണ് വിനായകന്‍. എന്നാല്‍ ഭൂരിഭാഗം സിനിമകളിലും ക്വട്ടേഷന്‍ കഥാപാത്രമായി ടൈപ്പ് ചെയ്യപ്പെടാനായിരുന്നു ഈ നടന്റെ വിധി. അതേസമയം തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കമ്മട്ടിപ്പാടത്തിലൂടെ വിനായകന് കഴിഞ്ഞിരിക്കുന്നു. ഈ നടന്റെ അഭിനയശേഷി കൊച്ചുറോളുകളില്‍ തളയ്ക്കപ്പെടേണ്ടതല്ലെന്ന് മലയാള സിനിമക്ക് കാട്ടിത്തരുകയായിരുന്നു കമ്മട്ടിപ്പാടം. സിനിമയുടെ കഥ വികസിക്കുന്നത് ദുല്‍ഖര്‍ അവതരിപ്പിച്ച കൃഷ്ണന്‍ എന്ന കഥാപാത്രത്തിന്റെ വീക്ഷണത്തിലൂടെയാണെങ്കിലും കേന്ദ്ര കഥാപാത്രം വിനായകന്‍ അവതരിപ്പിച്ച ഗംഗ തന്നെയാണ്. തന്റെ മണ്ണും കൂടെയുള്ള മനുഷ്യരും നഷ്ടപ്പെടുമ്പോള്‍ ഒറ്റപ്പെട്ടു പോകുന്ന നഗരസന്തതിയായി വിനായകന്‍ അവിശ്വസനീയ പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ചിത്രത്തില്‍ പാതിരാത്രി കൃഷ്ണനെ ഫോണ്‍ ചെയ്യുന്ന സമയത്തും അച്ഛന്റെ മുഖത്ത് നോക്കാതെ ഇറങ്ങിപ്പോകുന്ന രംഗത്തുമൊക്കെ വിനായകന്‍ ഗംഗനെന്ന കഥാപാത്രമായി ജീവിക്കുകയായിരുന്നു.

കമ്മട്ടിപ്പാടത്തെ പാര്‍ശ്വവത്കരിക്കപ്പെട്ട ജീവിതത്തില്‍നിന്നും എറണാകുളം മെട്രോയിലെത്തുമ്പോള്‍ ഗംഗ കരയിലെടുത്തെറിയപ്പെട്ട മത്സ്യത്തെപ്പോലെ പിടയുന്നത് ഒരു നീറ്റലായി ചിത്രം അനുഭവവേദ്യമാക്കുന്നുണ്ട്. മറ്റുള്ളവര്‍ തന്നിലവശേഷിപ്പിച്ച് പോയ പാപകര്‍മ്മങ്ങളുടെ കൂമ്പാരം കൊണ്ട് ഒഴുക്ക് നിലച്ച ഗംഗയുടെ നിശ്ശബ്ദമായ നിലവിളി അത്രമേല്‍ ആവാഹിച്ച വിനായകന്‍ അത് കൃത്യമായി പ്രേക്ഷകരിലേക്ക് പകരുകയായിരുന്നു. ഗംഗനായി മൂന്ന് കാലഘട്ടങ്ങളിലും അമ്പരപ്പിക്കുന്ന പ്രകടനമാണ് വിനായകന്‍ കാഴ്ചവച്ചത്. കഥയെത്തി നില്‍ക്കുന്ന കാലത്ത് ഭയം വരിഞ്ഞുമുറുക്കിയ ശരീരഭാഷയുമായി തോല്‍ക്കാന്‍ മനസ്സില്ലാതെ നീങ്ങുന്ന ഗംഗന്‍ സിനിമ വിട്ടിറങ്ങിയാലും പ്രേക്ഷക മനസ്സില്‍നിന്നും ഇറങ്ങിപോയിരുന്നില്ല. പോയവര്‍ഷത്തെ സിനിമകളുടെ കണക്കെടുക്കുമ്പോള്‍ വെള്ളിത്തിരയില്‍ ജീവിതം കൊണ്ട് അഭിനയത്തെ കടത്തിവെട്ടിയ നടന്‍മാരുടെ പട്ടികയില്‍ വിനായകന്‍ എന്തുകൊണ്ടും മുന്നിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button