ദമ്മാം•അനാരോഗ്യം മൂലം സ്പോൺസർ വനിതാഅഭയകേന്ദ്രത്തിൽ കൊണ്ടാക്കിയ വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദിയുടെയും, ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
തമിഴ്നാട് മധുര സ്വദേശിനിയായ അനിത ദേവരാജ് എട്ടു മാസങ്ങൾക്ക് മുൻപാണ് സൗദി അറേബ്യയിലെ ദമ്മാമിൽ ഹൌസ്മൈഡ് ആയി ജോലിയ്ക്കെത്തിയത്. ജോലിസാഹചര്യങ്ങൾ കുഴപ്പമില്ലായിരുന്നു. എന്നാൽ രണ്ടു മാസങ്ങൾക്കു മുൻപ് അനിതയുടെ കണ്ണിന് അസുഖം ബാധിയ്ക്കുകയും, കാഴ്ചശക്തി കുറഞ്ഞു വരികയും ചെയ്തു. ക്രമേണ അസുഖം മൂർച്ഛിയ്ക്കുകയും, പഴയതു പോലെ ജോലി ചെയ്യാനുള്ള ശേഷി അവർക്ക് നഷ്ടമാകുകയും ചെയ്തു. തുടർന്ന് സ്പോൺസർ അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തിൽ കൊണ്ടുപോയി ഉപേക്ഷിയ്ക്കുകയായിരുന്നു.
വനിതാ അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തകയായ മഞ്ജു മണിക്കുട്ടൻ ഈ കേസിൽ ഇടപെടുകയും, അനിതയുടെ സ്പോൺസറെ ഫോൺ വിളിച്ച് സംസാരിയ്ക്കുകയും ചെയ്തു. തുടർന്ന് നഷ്ടപരിഹാരം ഒന്നും വാങ്ങാതെ അനിതയ്ക്ക് ഫൈനൽ എക്സിറ്റ് അടിച്ച പാസ്സ്പോർട്ട് നൽകാൻ സ്പോൺസർ തയ്യാറായി. ജോലി ചെയ്ത എട്ടു മാസത്തിൽ, അനിതയ്ക്ക് ഏഴു മാസത്തെ ശമ്പളവും നൽകിയ സ്പോൺസർ, ബാക്കി ഒരു മാസത്തെ ശമ്പളം ഉപയോഗിച്ച് നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്തു നൽകുകയും ചെയ്തു.
നിയമനടപടികൾ പൂർത്തിയാക്കി അനിതയെ നാട്ടിലേയ്ക്ക് കയറ്റി വിടാൻ നവയുഗം ജീവകാരുണ്യപ്രവർത്തകൻ പദ്മനാഭൻ മണിക്കുട്ടനും, ഇന്ത്യൻ എംബസ്സി വോളന്റീർ ഷാജഹാനും മഞ്ജുവിനെ സഹായിച്ചു.
പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുമ്പോൾ, കൈയ്യിൽ ഒരു പ്ലാസ്റ്റിക്ക് കവറിൽ സ്വന്തം വസ്ത്രങ്ങൾ അല്ലാതെ, യാതൊന്നും കൈയ്യിലില്ലാതെ നാട്ടിലേയ്ക്ക്പോയ അനിതയുടെ അവസ്ഥ പരിതാപകരമായിരുന്നു.
Post Your Comments