KeralaNews

ജി.സുധാകരന്റെ ഒറ്റപ്പെടുത്തലില്‍ മനം മടുത്ത സി.പി.എം എം.എല്‍.എ പ്രതിഭാഹരി രാഷ്ട്രീയം വിടുന്നു

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ ഒറ്റപ്പെടുത്തലില്‍ മനം മടുത്ത് കായംകുളം എം.എല്‍.എയായ പ്രതിഭാഹരി രാഷ്ട്രീയപ്രവര്‍ത്തനത്തില്‍നിന്നും പിന്‍മാറാന്‍ ഉദ്ദേശിക്കുന്നതായി സൂചന. മന്ത്രിയുമായി ഇടഞ്ഞതിനെ തുടര്‍ന്നു ആലപ്പുഴ ജില്ലയിലെ വിവിധ പൊതുപരിപാടികളിലും പാര്‍ട്ടി പരിപാടികളിലും എം.എല്‍.എ എന്ന നിലയില്‍ പ്രതിഭാ ഹരിക്ക് വേണ്ട പരിഗണന നല്‍കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. മന്ത്രി സുധാകരന്റെ നിര്‍ദേശപ്രകാരം ആലപ്പുഴ ജില്ലയിലെ സി.പി.എം പരിപാടികളില്‍പോലും പ്രതിഭാഹരിയെ തഴയുന്ന സാഹചര്യമാണ്. കായംകുളം മണ്ഡലത്തിലെ പാര്‍ട്ടിപ്രവര്‍ത്തകരില്‍നിന്നുപോലും വേണ്ടത്ര പരിഗണന കിട്ടുന്നില്ല എന്നാണ് എം.എല്‍.എ സുഹൃത്തുക്കളോടും അടുത്ത ബന്ധുക്കളോടും വ്യക്തമാക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം രാഷ്ട്രീയവിയോജിപ്പുകളെ തുടര്‍ന്ന് മന്ത്രിയും എം.എല്‍.എയുമായി തെറ്റിയിരുന്നു. ഇതിനിടെ പ്രതിഭയെ സി.പി.എം ഏരിയാകമ്മിറ്റി അംഗത്വത്തില്‍നിന്നും ഒഴിവാക്കി. മന്ത്രി സുധാകരനെ പരോക്ഷമായി വിമര്‍ശിക്കാനെപോലെ കാമകഴുതകള്‍ കരഞ്ഞുകൊണ്ടു ജീവിക്കുമെന്നും ആ കരച്ചിലിനെ ചിലര്‍ കവിതയെന്നു കരുതുമെന്നും പ്രതിഭാഹരി അടുത്തിടെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. സൂരി നമ്പൂതിരി എന്ന കഥാപാത്രത്തെ കൂട്ടുപിടിച്ച് പ്രതിഭ ഫേസ്ബുക്കില്‍ നടത്തിയ വിമര്‍ശനം ജി.സുധാകരനെ ഉദ്ദേശിച്ചാണെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെയും അടക്കം പറച്ചില്‍. ഈ സാഹചര്യത്തിലാണ് സുധാകരന് പ്രതിഭയോട് അരിശം മൂത്തതെന്നും പാര്‍ട്ടിയില്‍ അപ്രഖ്യാപിത വിലക്ക് ഉണ്ടായതെന്നുമാണ് വിലയിരുത്തല്‍. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി അലങ്കരിച്ച പ്രതിഭാഹരി ഈ പദവിയിലെത്തുന്ന പ്രായം കുറഞ്ഞ വനിതയാണ്. നേരത്തെ തകഴി ഗ്രാമപഞ്ചായത്ത് പ്രിസഡന്റായിരുന്ന പ്രതിഭ ഇതാദ്യമായാണ് നിയമസഭയില്‍ എത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം മടുത്തതായി വ്യക്തമാക്കുന്ന പ്രതിഭാ ഹരി ഇനി തെരഞ്ഞെടുപ്പ് മത്സരരംഗത്തുണ്ടാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button