കൊച്ചി : വിമാനം റദ്ദായതിനെത്തുടര്‍ന്ന് നെടുമ്പോശേരിയിലെ ഹോട്ടലില്‍ താമസിക്കേണ്ടി വന്ന പ്രവാസി മലയാളി കുടുംബത്തിന്റെ ലഗേജ് മോഷ്ടിച്ചു.ബ്രിട്ടനിലേക്ക് പോകാനെത്തിയ തൊടുപുഴ സ്വദേശിയുടെ ഹാന്‍ഡ് ബാഗില്‍ നിന്നാണ് നാലു ലക്ഷം രൂപയുടെ സ്വര്‍ണവും എണ്ണൂറ് പൗണ്ടും മോഷ്ടിക്കപ്പെട്ടത്. നെടുമ്പോശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസം നെടുമ്പോശേരി വഴി ബ്രിട്ടനിലേക്ക് പോകാനെത്തിയതാണ് തൊടുപുഴ സ്വദേശി ജോസ് ജയിംസും കുടുംബവും. എന്നാല്‍ സൗദി എയര്‍ലൈന്‍സ് വിമാനം യാത്ര റദ്ദാക്കിയതിനെ തുടര്‍ന്ന് ജോസ് ജയിംസിനെയും കുടുംബത്തെയും വിമാനത്താവളത്തിനടുത്തുളള ലോട്ടസ് എട്ട് ഹോട്ടലില്‍ വിമാനകമ്പനി അധികൃതര്‍ താമസിപ്പിച്ചു. രാവിലെ ഉറക്കമുണര്‍ന്നപ്പോഴാണ് ഹാന്‍ഡ് ബാഗിലെ സ്വര്‍ണവും പൗണ്ടും മോഷ്ടിക്കപ്പെട്ട വിവരം അറിയുന്നത്.ഭാര്യയുടെയും കുട്ടികളുടെയും സ്വര്‍ണാഭരണങ്ങളും എണ്ണൂറ് പൗണ്ടും മോഷണം പോയി.
മോഷണദൃശ്യങ്ങള്‍ ഹോട്ടലിലെ സി സി ടി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.മോഷ്ടാവിന്റെ മുഖം വ്യക്തമല്ല.മോഷണം നടന്ന കാര്യം അറിയിച്ചിട്ടും ഹോട്ടല്‍ അധികാരികള്‍ പോലീസിനെ അറിയിക്കാന്‍ വൈകിയെന്നും പരാതിയുണ്ട്.മോഷ്ടാവിനെരക്ഷിക്കാന്‍ ഹോട്ടലുകാര്‍ സമയം നല്‍കിയെന്നാണ് പരാതി. സംഭവത്തെക്കുറിച്ച് നെടുമ്പോശേരി പോലീസ് അന്വേഷണം തുടങ്ങി. മോഷണത്തില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
Post Your Comments