ലോട്ടറിഫലം അറിയാന്‍ സ്വകാര്യസൈറ്റുകളെ ആശ്രയിക്കരുതെന്ന് ധനവകുപ്പ്. ഇതുവഴി ഉപഭോക്താക്കള്‍ വഞ്ചിതരാകുന്നുവെന്നാണ് സംസ്ഥാന ഭാഗ്യക്കുറിവകുപ്പ് വ്യക്തമാക്കുന്നത്. സ്വകാര്യവെബ്സൈറ്റുകളും മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനുകളും ഉത്തരവാദിത്വമില്ലാതെയാണ് നറുക്കെടുപ്പുഫലങ്ങള്‍ കൊടുക്കുന്നതെന്നാണ് വിവരം.
അത്തരം സൈറ്റുകളില്‍ വരുന്ന അബദ്ധങ്ങള്‍ ഭാഗ്യക്കുറിവകുപ്പിന്റെ തലയില്‍ കെട്ടിവച്ച് അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ നല്‍കി ആശയക്കുഴപ്പം സൃഷ്ടിക്കരുതെന്ന് മാദ്ധ്യമങ്ങളോടും വകുപ്പധികൃതര്‍ അഭ്യര്‍ത്ഥിച്ചു. പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ഫലങ്ങള്‍ ആശ്രയിക്കേണ്ടതാണ്. അതിനുംമുമ്പേ അറിയണമെന്നുള്ളവര്‍ ലോട്ടറിവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിനെ ആശ്രയിക്കുക.
ലൈവെന്ന് അവകാശപ്പെട്ടാണ് സ്വകാര്യസൈറ്റുകള്‍ ഫോണിലൂടെയും മറ്റും വിവരങ്ങള്‍ വിളിച്ചുപറഞ്ഞ് അപ്ലോഡ് ചെയ്യുന്നത്. സംസ്ഥാനഭാഗ്യക്കുറി നറുക്കെടുപ്പ് ലൈവായി നല്‍കാന്‍ ആരെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ധനവകുപ്പ് വ്യക്തമാക്കുന്നു. അയ്യായിരം രൂപ സമ്മാനം ലഭിക്കുന്ന നമ്പരുകളില്‍ വ്യാപകമായ ക്രമക്കേട് എന്ന മട്ടില്‍ കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസ് ചാനലില്‍ വന്ന വാര്‍ത്ത ഇത്തരത്തില്‍ വ്യാജ വെബ്സൈറ്റിനെ ആശ്രയിച്ചതുകാരണം ലേഖകനു പറ്റിയ അബദ്ധവും അടിസ്ഥാനരഹിതവുമാണ്.
ഇക്കാര്യം അപ്പോള്‍ത്തന്നെ അധികൃതര്‍ ലേഖകന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും വാര്‍ത്ത പിന്‍വലിക്കാന്‍ കൂട്ടാക്കിയില്ല. ഇക്കാര്യം വിശദീകരിച്ചു പത്രപ്പരസ്യം നല്‍കുമെന്ന് അറിയിച്ചപ്പോള്‍ മാത്രമാണ് വാര്‍ത്ത പിന്‍വലിച്ചത്. ഈ വാര്‍ത്ത വന്നശേഷം ലോട്ടറി വിട്ടഴിക്കാന്‍ കഴിയാത്തതായി ഏജന്റുമാര്‍ വകുപ്പുദ്യോഗസ്ഥരെ അറിയിച്ചു.
ടിക്കറ്റില്‍ കൂടുതല്‍ സുരക്ഷാഘടകങ്ങള്‍ ഉള്‍പ്പെടുത്തിയും നടത്തിപ്പും നറുക്കെടുപ്പും മെച്ചപ്പെടുത്തിയും സംസ്ഥാനഭാഗ്യക്കുറി കൃത്രിമവും ക്രമക്കേടുകളും ഇല്ലാതെ കുറ്റമറ്റതാക്കാന്‍ വിദഗ്ദ്ധസമിതിയെ സര്‍ക്കാര്‍ നിയമിച്ചിരിക്കുകയാണ്.
Post Your Comments