KeralaNews

ചെയ്ത തെറ്റുകള്‍ക്ക് പരിഹാരമായി ഇസ്ലാമും ക്രിസ്ത്യാനിയും എന്ന് നോക്കാതെ തോളോട്‌തോള്‍ ചേര്‍ന്ന് അവര്‍ മലചവിട്ടി

നെട്ടുകാല്‍ത്തേരി: മകരവിളക്ക് ദിനത്തില്‍ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന ഒരാഘോഷമുണ്ട് കേരളത്തില്‍. നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ വളപ്പിലാണ് ഈ ആഘോഷം നടക്കുന്നത്. ജീവിതത്തില്‍ പല വഴികളിലൂടെ സഞ്ചരിച്ചവര്‍ സമസ്താപരാധങ്ങളും പൊറുക്കണമേയെന്ന പ്രാര്‍ത്ഥനയുമായി നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ വളപ്പിലെ നെഹ്‌റു മലയിലെ അയ്യപ്പക്ഷേത്രത്തിലേക്ക് തടവുകാര്‍ മലകയറി.

അയ്യപ്പവിഗ്രഹത്തില്‍ അഭിഷേകം ചെയ്യാനുള്ള നെയ്യ് കുംഭം ചുമന്ന് ശരണം വിളികളോടെയാണ് മലകയറ്റം. ഒപ്പം ഭജനയും കരഘോഷങ്ങളും നാടന്‍ കലാരൂപങ്ങളും അകമ്പടിയായി. മതസൗഹാര്‍ദ്ദത്തിന്റെ അടയാളപ്പെടുത്തലുമായി നെയ്യ് കുംഭത്തിന് ഓരത്ത് വാവരുടെ വേഷം ധരിച്ച ഭക്തനെയും കൂട്ടിയായിരുന്നു യാത്ര. ഇരുമുടിക്കെട്ടേന്തി ആചാരനുഷ്ഠാനങ്ങളോടെയയിരുന്നു ആഘോഷം

ഇവിടെ ഹിന്ദുവും ക്രിസ്ത്യനും ഇസ്ലാമും ഒരേ മനസ്സോടെ ഒന്നിക്കുന്നു. സംഘാടകരും കാഴ്ചക്കാരും എല്ലാം തടവുപുള്ളികളും പിന്നെ അവര്‍ക്ക് നേര്‍വഴി കാട്ടുന്ന ജീവനക്കാരും മാത്രം. കുരുത്തോലകളും വര്‍ണ പ്രകാശവും കൊണ്ട് ജയില്‍ വളപ്പിനെ അവര്‍ ഉത്സവഭൂമിയാക്കി . വര്‍ഷങ്ങളായി നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലെ തടവുപുള്ളികള്‍ക്കായി നടത്തുന്ന ആചാരമാണ് മകരവിളക്ക് ദിനത്തില്‍ നെഹ്‌റുമല അയ്യപ്പക്ഷേത്ര ദര്‍ശനം

തുറന്ന ജയില്‍ വളപ്പില്‍ നിന്നു ഘോഷയാത്രയായാണ് അയ്യപ്പസന്നിധിയിലേക്ക് പുറപ്പെട്ടത്. സന്ധ്യയോടെ നെഹ്‌റുമല അയ്യപ്പക്ഷേത്രത്തിലെത്തിയ ഭക്തര്‍ കര്‍പ്പൂരാഴി തെളിച്ച് മകരവിളക്ക് ദര്‍ശിച്ച് വിഗ്രഹത്തില്‍ നെയ്യഭിഷേകവും നടത്തിയാണ് അവര്‍ മലയിറങ്ങിയത്. ജയില്‍ വളപ്പില്‍ നാടന്‍പാട്ടിന്റെ താളത്തിനൊത്ത് ചുവടുകള്‍ വെച്ച് ആടിതിമിര്‍ത്താണ് തടവുകാരുടെ മകരവിളക്ക് ഉത്സവം അവസാനിച്ചത്.

shortlink

Post Your Comments


Back to top button