തിരുവനന്തപുരം : നൂറ് ശതമാനം സാക്ഷരതയുള്ള നമ്മുടെ സംസ്ഥാനത്തെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് എന്തുപറ്റി? സ്‌കൂളുകളിലും കോളേജുകളിലും ഇപ്പോള്‍ വിദ്യയല്ല അഭ്യാസം മാത്രമാണ് പഠിപ്പിക്കുന്നത്. വിദ്യഭ്യാസ നിലവാരം വളരെ താഴ്ന്നു. സിലബസ് അനുസരിച്ച് പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ നിലവാരവും താഴ്ന്നു. സംസ്ഥാനത്തിന്റെ ഏത് മുക്കിലും മൂലയിലും ഇപ്പോള്‍ സി.ബി.എസ്.ഇ സ്‌കൂളുകളുടേയും സ്വാശ്രയ കോളേജുകളുടേയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ബഹളമാണ്. അവിടെ ചേരണമെങ്കില്‍ ലക്ഷങ്ങളാണ് തലവരിപ്പണം നല്‍കേണ്ടത്.
എന്നാല്‍ തലവരിപ്പണം നല്‍കി ചേര്‍ന്നു കഴിഞ്ഞ ഈ വിദ്യാര്‍ഥികള്‍ക്കു നേരിടേണ്ടി വരുന്നതോ മാനേജ്മെന്റിന്റെ കാടത്ത നടപടികളും. ഈയിടെ പുറത്തുവന്ന തിരുവില്വാമല പാമ്പാടി നെഹ്റു എന്‍ജിനിയറിംഗ് കോളേജിലെ മാനേജ്മെന്റിന്റെ കിരാത നടപടികളും കോട്ടയം മറ്റക്കര ടോംസ് എന്‍ജിനിയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെ ചെയര്‍മാന്റെ ക്രൂരനടപടികളും ഒരോ രക്ഷിതാവിനെയും ഞെട്ടിക്കുന്നതാണ്. ഈ രണ്ട് കോളേജുകളും കേവലം ഉദാഹരണം മാത്രം. എല്ലാ സ്വാശ്രയ കോളേജുകളിലേയും സ്ഥിതി ഇതു തന്നെയാണെന്നാണ് വിവരം. മാനേജ്മെന്റിനെതിരെ ഏതെങ്കിലും തരത്തില്‍ പരാതി പറഞ്ഞാല്‍ അത് തങ്ങളുടെ പരീക്ഷയെ ബാധിയ്ക്കുമെന്ന് ഭയന്ന് ആരും പുറത്തുപറയാന്‍ കൂട്ടാക്കുന്നില്ല എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ അവിടത്തെ കാര്യങ്ങള്‍ ആരും കാണാതെയും അറിയാതെയും പോകുന്നു.
വിദ്യാര്‍ത്ഥികളില്‍ നിന്നും മാത്രമല്ല അധ്യാപകരെ നിയമിക്കുന്നതും ലക്ഷങ്ങളുടെ തലവരിപണം വാങ്ങിയാണ്. ഇങ്ങനെ കണക്കില്ലാത്ത പണം സമ്പാദിക്കുക മാത്രമാണ് ഒരോ മാനേജ്മെന്റിന്റേയും ലക്ഷ്യം. തലവരിപ്പണത്തിനു പുറമെ, നിസാര കാര്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളില്‍ നിന്ന് വന്‍ തോതില്‍ പിഴ ഈടാക്കുകയും ചെയ്യുന്നുണ്ട്. മാനേജ്മെന്റ് പറഞ്ഞ പിഴ അടയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ പരീക്ഷ പോലും എഴുതിയ്ക്കില്ലെന്ന ഭീഷണിയാണ് പിന്നെ. ആ ഭീഷണിയ്ക്കു മുന്നില്‍ വഴങ്ങുകയല്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റൊരു പോംവഴിയില്ലതാനും. ഇങ്ങനെ കടുത്ത വിദ്യഭ്യാസ കച്ചവടമാണ് എല്ലാ സ്വാശ്രയ കോളേജുകളിലും നടക്കുന്നത്.
തലവരിപ്പണം വാങ്ങുന്ന സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും മൂക്കുകയറിടാന്‍ തലവരി പണം വാങ്ങുന്നതിനെതിരെ വിജിലന്‍സ് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. വിജിലന്‍സിന്റെ ഈ സര്‍ക്കുലര്‍ സ്വാശ്രയ കോളേജുകളുടെ പകല്‍കൊള്ളയ്‌ക്കെറ്റ കനത്ത തിരിച്ചടിയാണ്. ഈ സര്‍ക്കുലര്‍ പ്രകാരം ഇനി മുതല്‍ എല്ലാ കോളേജുകളിലും തലവരിപ്പണം വാങ്ങില്ലെന്ന് പ്രദര്‍ശിപ്പിക്കണം. ഇതിന്റെ മാര്‍ഗരേഖയും വിജിലന്‍സ് ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലറിനോടൊപ്പമുണ്ട്. കോളേജുകളിലും മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലും അധ്യാപക നിയമനത്തിനും ലക്ഷങ്ങള്‍ വാങ്ങുന്നത് അവസാനിപ്പിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
അതേസമയം തലവരിപ്പണം വാങ്ങുന്നതിനെതിരെ വിജിലന്‍സ് രംഗത്തെത്തിയിട്ടുണ്ടെങ്കിലും അത് ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷത്തിലേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചുകഴിഞ്ഞു. ലക്ഷങ്ങളാണ് ഒരോ സ്‌കൂളുകളും പ്രവേശനത്തിനായി ആവശ്യപ്പെടുന്നത്. ഈ പണം നല്‍കി പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കളുടെ ആശങ്കയും തുടരുകയാണ്… ഓരോ അധ്യയനവര്‍ഷം തീരുന്നതുവരെയും ആ ആശങ്ക തുടര്‍ന്നുകൊണ്ടേയിരിക്കും.
പൂജ മനോജ്
Post Your Comments