News

ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുന്ന നടപടി ഈ സര്‍ക്കാറിന്‍റെ കാലത്ത് നടക്കില്ല; പിണറായി വിജയൻ

തിരുവനന്തപുരം : ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുക, തസ്തികകള്‍ ഇല്ലാതാക്കുക തുടങ്ങിയവയൊന്നും ഈ സര്‍ക്കാറിന്‍റെ കാലത്ത് നടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ആ നയം പ്രകടനപത്രികയില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഡിപ്പാര്‍ട്ട്മെന്‍റലിസത്തിനും, ഡിപ്പാര്‍ട്ട്മെന്‍റ് കിടമത്സരത്തിനും സ്ഥാനമില്ലാത്ത രീതിയില്‍ വേണം ഭരണസംവിധാനം ചിട്ടപ്പെടുത്തേണ്ടത്. സര്‍ക്കാര്‍ ഉദ്യോഗം ജനങ്ങളോടുള്ള ചുമതല നിര്‍വ്വഹിക്കുന്നതിന് ഒരവസരമായിട്ടാണ് കാണേണ്ടത്.
സമഗ്രമായ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട ഭരണപരിഷ്കരണ ശുപാര്‍ശകള്‍ ക്രിയാത്മകമായി നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിന് പകരം എം.ജി.പി പോലുള്ള പരിപാടികളിലൂടെ സിവില്‍ സര്‍വ്വീസിനെ ദുര്‍ബലപ്പെടുത്തുന്ന നടപടികള്‍ പലപ്പോഴായി നടപ്പിലാക്കുകയുണ്ടായി. 11658 തസ്തികകള്‍ വെട്ടിക്കുറച്ചു. ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കി. ഇതിനെതിരെ ജീവനക്കാര്‍ക്ക് വലിയ സമരം നടത്തേണ്ടി വന്നു.
മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ അധ്യക്ഷനായുള്ള ഭരണ പരിഷ്കാര കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്നും അത് സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മേല്‍നോട്ട കമ്മീഷനെ നിയോഗിക്കുമെന്നും പ്രകടന പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലംമാറ്റത്തിന് മാനദഡം ആവിഷ്ക്കരിക്കുക എന്ന വാഗ്ദാനം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ശമ്പളപരിഷ്കരണം 10 വര്‍ഷത്തിലൊരിക്കല്‍ ആക്കണമെന്ന ശമ്പളപരിഷ്കരണ കമ്മീഷന്‍റെ നിര്‍ദ്ദേശം തള്ളിക്കളയുക എന്ന പ്രകടന പത്രികയില്‍ പറഞ്ഞ കാര്യവും സര്‍ക്കാര്‍ നടപ്പിലാക്കും. പ്രഖ്യാപിച്ച മറ്റ് കാര്യങ്ങളും സമയബന്ധിതമായി സര്‍ക്കാര്‍ പൂര്‍ത്തീകരിക്കും.
സെക്രട്ടറിയേറ്റ് അടക്കം വരുന്ന സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് കേഡര്‍ രൂപീകരിക്കുമെന്നും അതിനായി സര്‍വ്വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്ത് പൊതുധാരണ ഉണ്ടാക്കുമെന്ന കാര്യവും പ്രകടന പത്രികയില്‍ വ്യക്തമാക്കിയിരുന്നു. അത് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് സെക്രട്ടറിയേറ്റ് അടക്കം വരുന്ന സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് കേഡര്‍ രൂപീകരിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ ഏറെ മുമ്പേ കേരളത്തില്‍ ഉയര്‍ന്നു വന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. മന്ത്രിസഭാ യോഗം കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. അതോടൊപ്പം, അതിന്‍റെ ബന്ധപ്പെട്ട ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് ഒരു കമ്മിറ്റിക്കും രൂപം കൊടുത്തിട്ടുണ്ട്.
സെക്രട്ടറിയേറ്റ് ജീവനക്കാരിൽ പലര്‍ക്കും തോന്നുന്ന ആശങ്കകള്‍ പലതും വസ്തുതകള്‍ മനസ്സിലാക്കാത്തതുകൊണ്ടുള്ളതാണ്.
ആധുനിക സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ ഭരണ നിര്‍വ്വഹണത്തിന് അനുസൃതമായ ഒരു പുതിയ തലമുറ സര്‍ക്കാരിന്‍റെ സേവനത്തിന് ലഭ്യമാക്കാനാണ് ഈ സര്‍വ്വീസ് രൂപീകരിക്കുന്നത്.
നിലവില്‍ രണ്ടാംനിര ആയി പ്രവര്‍ത്തിക്കുന്നതിന് പ്രൊഫഷണലുകളുടെ അഭാവവും പ്രവൃത്തിമേഖലയിലെ പരിചയക്കുറവും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വികസന വകുപ്പുകളില്‍ പദ്ധതികള്‍ തയ്യാറാക്കുന്നതിനും അവ നടപ്പാക്കുന്നതിനും വരുന്ന പോരായ്മകള്‍ പരിഹരിക്കുവാന്‍ ഈ പുതിയ തലമുറയുടെ സേവനം പ്രയോജനപ്പെടുത്താനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇതിന് ഉതകുംവിധം ഈ സര്‍വ്വീസിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് ആ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനവും പ്രായോഗിക പരിജ്ഞാനവും ലഭ്യമാക്കും. അത്തരം നിയമന രീതിയാണ് പ്രധാനമായും ആവിഷ്കരിക്കുക.
ഈ സര്‍വ്വീസിലെ ആകെ എണ്ണം നിശ്ചയിക്കുക ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികയിലെ 10 ശതമാനം ജീവനക്കാരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ ആയിരിക്കും. അത് കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളതിനു പുറമെ, ഏതൊക്കെ വകുപ്പുകളാണെന്നും അവയില്‍ എത്ര തസ്തികകളാണ് ഉള്‍പ്പെടുത്തേണ്ടത് എന്നും ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള കമ്മിറ്റി പരിശോധിച്ച് അന്തിമ ശിപാര്‍ശ നല്‍കും. പറഞ്ഞ് പ്രചരിപ്പിക്കുന്നത് പോലുള്ള ആശങ്കകള്‍ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കും ഉണ്ടാകേണ്ട കാര്യമില്ല.
സെക്രട്ടറിയേറ്റിലെ രണ്ടാം ഗസറ്റഡ് പോസ്റ്റായ അണ്ടര്‍ സെക്രട്ടറി പോസ്റ്റിന്‍റെ 10 ശതമാനമാണ് കെ.എ.എസ് ലേക്ക് മാറ്റിവയ്ക്കുക. ഇത് ഏകദേശം 15 എണ്ണമേ വരൂ. അതുതന്നെ മൂന്നു ഘട്ടങ്ങളിലായാണ് വരിക.
സെക്രട്ടറിയേറ്റ് ഇതര സര്‍വ്വീസുകളില്‍ നിന്നുള്ള തസ്തികകളും കേരളസിവില്‍ സര്‍വ്വീസില്‍ ഉള്‍പ്പെടുന്നുണ്ട്. ഇവയിലേക്കും സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ കടന്ന് വരാനുള്ള അവസരമൊരുങ്ങും. ചില പോസ്റ്റുകള്‍ ഇല്ലാതാകുമ്പോള്‍ മറ്റ് മേഖലയില്‍ നിന്ന് വരുന്ന പോസ്റ്റുകളിലേക്ക് സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്ക് എത്തിച്ചേരാനുള്ള സാഹചര്യം കൂടി ഇത് സൃഷ്ടിക്കുന്നുണ്ട്. ഇത് കൂടി പരിഗണിച്ചാല്‍ ഫലത്തില്‍ മേല്‍ പറഞ്ഞ കുറവ് സാരമായി ബാധിക്കില്ലെന്ന് വ്യക്തമാണ്. മാത്രമല്ല സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍ക്ക് ഐ.എ.എസ് പോസ്റ്റുകളിലേക്ക് എത്തുന്നതിനുള്ള സാധ്യതകള്‍ തുറന്ന് വരുകയും ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങളെകൂടി ഉള്‍ക്കൊണ്ടുകൊണ്ട് വേണം പ്രശ്നങ്ങളെ കാണാന്‍.
ഐ.എ.എസ് തസ്തികകളിലേക്ക് പ്രൊമോഷന്‍ വഴി നികത്തപ്പെടാവുന്ന ഒഴിവുകളില്‍ ഇപ്പോള്‍ കേരള സിവില്‍ സര്‍വ്വീസില്‍ ഡെപ്യൂട്ടി കളക്ടര്‍മാര്‍ മാത്രമേ ഉള്‍പ്പെടുന്നുള്ളൂ. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് നിലവില്‍ വരുന്നതോടെ കെ.എ.എസ് ആകും കേരള സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ്. അതായത് ഐ.എ.എസിലേക്കുള്ള മൂന്നില്‍ രണ്ട് ഭാഗം പ്രമോഷന്‍ വഴി നികത്താവുന്ന ഒഴിവുകള്‍ കെ.എ.എസില്‍ നിന്നാകുന്നതോടെ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥര്‍ കൂടി ഉള്‍പ്പെടുന്ന കെ.എ.എസിനാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക. നിലവില്‍ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് മൂന്നില്‍ ഒരു ഭാഗം ഒഴിവുകളില്‍ മാത്രമാണ് ഐ.എ.എസിലേക്ക് പരിഗണിക്കപ്പെടുന്നത്. കെ.എ.എസ് വരുന്നതോടെ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് ഐ.എ.എസിലേക്ക് കൂടുതല്‍ പ്രമോഷന്‍ സാധ്യതകള്‍ തുറന്ന് കിട്ടുകയും, അതുകൊണ്ട് തന്നെ പ്രമോഷന്‍ തസ്തികകളുടെ കാര്യത്തില്‍ കുറവ് ഉണ്ടാകില്ല എന്നുമാണ് കരുതുന്നത്.
സംഘടനകള്‍ക്ക് പൊതുവായുള്ള പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതിനും ഇപ്പോള്‍ രൂപീകരിച്ചിട്ടുള്ള കമ്മിറ്റിയെ സമീപിക്കാവുന്നതാണ്. നിലവിലുള്ള വ്യവസ്ഥകള്‍ പ്രകാരം തന്നെ ഈ സര്‍വ്വീസ് ചട്ടങ്ങള്‍ രൂപം നല്‍കുന്നതിനു മുമ്പ് സര്‍വ്വീസ് സംഘടനകളുമായുള്ള ചര്‍ച്ചകള്‍ നിശ്ചയമായും ഉണ്ടാവും. പൂര്‍ണ്ണമായും പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വഴി നിയമനം നടത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ സമാന തസ്തികകളില്‍ ജോലി നോക്കുന്നവരെ മാത്രമാണ് ഇതിലേക്ക് പരിഗണിക്കുന്നത്.
പ്രകടന പത്രികയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കും. ജീവനക്കാരുടെ മേഖലയിലെ പ്രശ്നങ്ങളെ സംബന്ധിച്ച് നിങ്ങള്‍ക്ക് പ്രകടന പത്രികയില്‍ നല്‍കിയ ഉറപ്പുകളും പാലിക്കും. സംതൃപ്തവും, ക്രിയാത്മകവുമായ സിവില്‍ സര്‍വ്വീസ് എന്ന സമീപനം സര്‍ക്കാര്‍ സ്വീകരിക്കും. അതോടൊപ്പം ജനങ്ങള്‍ക്ക് സേവനങ്ങള്‍ ഉറപ്പ് വരുത്തുന്ന സംവിധാനമായി ഭരണയന്ത്രത്തെ രൂപപ്പെടുത്തുന്നതിനുള്ള ഇടപെടലും നടത്തും. ജനങ്ങളാണ് യജമാനന്‍മാര്‍ എന്ന ധാരണയോടെ സിവില്‍ സര്‍വ്വീസിനെ കാണുന്ന സര്‍ക്കാര്‍ നയത്തോട് സഹകരിക്കാന്‍ ജീവനക്കാരും തയ്യാറാകും എന്ന് പ്രതീക്ഷിക്കുന്നു.
തന്റെ ഫേസ്ബുക് പോസ്റ്റിൽ മുഖ്യമന്ത്രി പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button