തിരുവനന്തപുരം : ആവശ്യമായ അളവില്‍ മഴ ലഭിക്കാതായതോടെ സംസ്ഥാനം വരള്‍ച്ചയുടെ പിടിയിലമര്‍ന്നു കഴിഞ്ഞു. സംസ്ഥാനത്തിന്റെ പല ഭാഗത്തും രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. ദാഹത്തിന് ഒരിറ്റ് ജലത്തിനായി നാട് ഓടുമ്പോള്‍ കുടിവെള്ള മാഫിയ വെള്ളം വിറ്റ് പണം കൊയ്യുകയാണ്.
ലൈസന്‍സോ പരിശോധനകളോ ഇല്ലാതെയാണ് കുടിവെള്ളം വില്‍പ്പന നടത്തുന്നത്. വീട്ടാവശ്യത്തിനും വ്യാപാരാവശ്യത്തിനും വെള്ളം ടാങ്കറുകളില്‍ എത്തിച്ചു നല്‍കുന്ന സംഘമാണ് സംസ്ഥാനത്ത് ഇപ്പോള്‍ സജീവമായിട്ടുള്ളത്.
ആയിരം ലിറ്ററിന്റെ ഒരു ടാങ്ക് വെള്ളത്തിന് 700 മുതല്‍ ആയിരം രൂപ വരെയാണ് പണം ഈടാക്കുന്നത്.
ലോറികളിലും ടെമ്പോകളിലും എത്തിക്കുന്ന വെള്ളത്തിന് ദൂരത്തിന് അനുസരിച്ച് വിലയിലും മാറ്റമുണ്ടാകും.
നഗരങ്ങളിലെ മിക്ക ഹോട്ടലുകളിലും വീടുകളിലും ടാങ്കറിലെത്തിക്കുന്ന വെള്ളമാണ് ആശ്രയം. എന്നാല്‍ ഇങ്ങനെ കൊണ്ടുവരുന്ന വെള്ളം ഗുണമേന്‍മ പരിശോധന ഇല്ലാതെയാണ് കൊണ്ടുവരുന്നത്. ശുദ്ധജല ക്ഷാമം മുതലെടുത്താണ് കുടിവെള്ള വിതരണ ലോബി അധിക ലാഭം കൊയ്യുന്നത്.
നാട്ടിന്‍പുറത്തെ കിണറുകളിലെ തെളിഞ്ഞ വെള്ളമാണ് വിതരണം ചെയ്യുന്നതെന്നാണ് ഇവരുടെ അവകാശവാദം. എന്നാല്‍ ഏത് തരത്തിലുള്ള വെള്ളമാണ് ഇവര്‍ കൊണ്ടുവരുന്നതെന്ന് ഹോട്ടലുകാര്‍ അന്വേഷിക്കാറും ഇല്ല. ഇത് കുടിവെള്ള മാഫിയക്കാര്‍ മുതലെടുക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെ അധികൃതര്‍ വേണ്ടത്ര മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് ജലജന്യരോഗങ്ങളും കോളറയും പടര്‍ന്ന് പിടിക്കാനിടയുണ്ട്.
Post Your Comments