ശ്രുതി പ്രകാശ്
കണ്ണൂര്‍: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി വിഷ്ണുവിന്റെ മരണം സംസ്ഥാനത്തെ ഒന്നടങ്കം ഉലച്ചിരിക്കുകയാണ്. ഇതിനെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ പല കോളേജുകള്‍ക്കുള്ളിലും നടക്കുന്ന വിചിത്ര നിയമങ്ങളും നടപടികളും പീഡനങ്ങള്‍ പുറത്തുവരികയാണ്. ടോംസ് എഞ്ചിനീയറിംഗ് കോളേജിനുപിന്നാലെ കണ്ണൂരിലുള്ള വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജും വാര്‍ത്തകളില്‍ ഇടംപിടിച്ചു.
തലശ്ശേരി അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെമ്പേരിയിലെ വിമല്‍ജ്യോതിയില്‍ വിദ്യാര്‍ത്ഥികളെ പിഴിയുന്ന അവസ്ഥയാണുള്ളത്. എന്തിനും ഏതിനും ഫൈന്‍ വാങ്ങിക്കുന്ന കോളേജ് അധികൃതര്‍. വിമല്‍ജ്യോതിയിലെ ഫൈന്‍ കഥകള്‍ വിചിത്രം തന്നെ. പ്രതിവര്‍ഷം ലക്ഷക്കണക്കിന് രൂപ ഫൈന്‍ ഇനത്തില്‍ മാനേജ്മെന്റ് സമ്പാദിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഇതിനുമുന്‍പും കോളേജിനെതിരെ പരാതികള്‍ വന്നിരുന്നു.
ഫൈന്‍ പിരിക്കാനും വിവരങ്ങള്‍ സൂക്ഷിക്കാനും പ്രത്യേക ഓണ്‍ലൈന്‍ സംവിധാനമാണ് മാനേജ്മെന്റ് ഉപയോഗിക്കുന്നത്. ഓരോ കുട്ടിക്കും ഒരു പിആര്‍എന്‍ നമ്പര്‍ ഉണ്ടാവും. ഇത് ഉപയോഗിച്ചാണ് വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നത്. ഇത് ഓപ്പണ്‍ ചെയ്താല്‍ ഫൈന്‍ വിവരങ്ങളാണ് കാണുക. ഇടയ്ക്കിടെ വിദ്യാര്‍ത്ഥി ഇത് പരിശോധിക്കും. ഏതു ഫാക്കല്‍റ്റിയാണ് പിടികൂടിയത്, എന്തായിരുന്നു കുറ്റം, ശിക്ഷ സംബന്ധിച്ച വിവരങ്ങള്‍, ഇതുമായി ബന്ധപ്പെട്ട വിവിധ നടപടിക്രമങ്ങളുടെ വിവരങ്ങള്‍ എന്നിങ്ങനെ എല്ലാം വിശദമായി കോളം തിരിച്ചു കാണാം.
ഫൈന്‍ ലഭിക്കാന്‍ വലിയ പണിയൊന്നുമില്ല. എപ്പോള്‍ പണികിട്ടുമെന്ന് ചോദിച്ചാല്‍ മതി. വൈകിയെത്തുന്നതിനും ക്ലാസ് കട്ടു ചെയ്യുന്നതിനും ഒക്കെ 100, 200 രൂപയാണ് ഫൈന്‍. ഹെയര്‍സ്‌റ്റൈല്‍ സ്റ്റാഫിന് ഇഷ്ടപ്പെട്ടില്ലെങ്കിലും ഫൈന്‍. 300 രൂപയൊക്കെയാണ് ഇതിനു നല്‍കേണ്ടത്. ഹെയര്‍കട്ട് ചെയ്ത രീതി സ്റ്റാഫിന് ഇഷ്ട്ടപ്പെടാതിരുന്നാല്‍ മാത്രം മതി. ഫൈനോട് ഫൈന്‍ എന്നു വേണമെങ്കില്‍ പറയാം.
പല തവണ ഫൈനില്‍ കുടുങ്ങിയാല്‍ ക്ലാസില്‍ നിന്നല്ല കോളേജില്‍ നിന്നുതന്നെ പുറത്താകാം. 2012-13 സാമ്പത്തിക വര്‍ഷത്തില്‍ കോളേജ് ഫൈന്‍ ഇനത്തില്‍ സമ്പാദിച്ചത് 333,422 രൂപയാണ്. 2013-14 സാമ്പത്തിക വര്‍ഷമെത്തുമ്പോഴേക്കും ഫൈന്‍ ഇനത്തിലെ വരുമാനം 621,936 രൂപയായി ഇരട്ടിച്ചു. 2014-15 അധ്യയന വര്‍ഷമാകുമ്പോഴേക്കും ഫൈന്‍ വരുമാനം 973,472 രൂപയായും ഉയര്‍ന്നുവെന്നാണ് കണക്ക്.
Post Your Comments