ന്യൂഡല്‍ഹി•സ്വകാര്യ വിമാനക്കമ്പനിയായ സ്പൈസ് ജെറ്റ് 100 ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ കൂടി വാങ്ങുന്നു. നേരത്തെ ഓര്‍ഡര്‍ ചെയ്ത 55 737 മാക്സ് വിമാനങ്ങള്‍ക്ക് പുറമേ ആണിത്. ഈ കരാറില്‍ 50 ബോയിംഗ് 737 മാക്സ്, വൈഡ്-ബോഡി വിമാനങ്ങള്‍ കൂടി അധികമായി വാങ്ങാന്‍ വ്യവസ്ഥയുണ്ട്. ഇതോടെ പുതിയ വാങ്ങുന്ന വിമാനങ്ങളുടെ എണ്ണം 205 ആകും. 22 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 150,000 കോടി രൂപ) ഇടപാടാണിത്.
ഇന്ത്യന്‍ വ്യോമയാന ചിത്രത്തിലെ ഏറ്റവും വലിയ കരാറാണിതെന്ന് ഇടപാട് പ്രഖ്യാപിച്ചുകൊണ്ട് സ്പൈസ് ജെറ്റ് ചെയര്‍മാനും എം.ഡിയുമായ അജയ് സിംഗ് പറഞ്ഞു.
ബജറ്റ് എയര്‍ലൈനായ സ്പൈസ് ജെറ്റിന് നിലവില്‍ 32 നെക്സ്റ്റ് ജനറേഷന്‍ ബോയിംഗ് 737 വിമാനങ്ങളും 17 ബോംബാര്‍ഡിയര്‍ ക്യു400 വിമാനങ്ങളുമാണുള്ളത്. ഇന്ത്യന്‍ ആഭ്യന്തര വിമാന യാത്രികരില്‍ 13% പേരെ വഹിക്കുന്നത് സ്പൈസ് ജെറ്റ് ആണ്.
പുതിയ വിമാനങ്ങള്‍ 2018 നും 2024 നും ഇടയില്‍ ഡെലിവര്‍ ചെയ്യുമെന്ന് ബോയിംഗ് അറിയിച്ചു. നിലവിലെ ബോയിംഗ് 737 വിമാനങ്ങളെക്കാള്‍ കൂടുതല്‍ ഇന്ധനക്ഷമതയുള്ളതാണ് 737 മാക്സ്.
ഇന്ത്യന്‍ വ്യോമയാന രംഗത്തെ കുതിപ്പ് മുന്നില്‍ക്കണ്ട് ഇന്‍ഡിഗോ, ഗോ എയര്‍ തുടങ്ങിയ കമ്പനികള്‍ നൂറുകണക്കിന് വിമാനങ്ങള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഡിഗോ 410 എയര്‍ബസ് 320 നിയോ വിമാനങ്ങള്‍ക്കും 20 എയര്‍ബസ് 321 നിയോ വിമാനങ്ങള്‍ക്കും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 12 എയര്‍ബസ് 320 നിയോ വിമാനങ്ങള്‍ ഇതിനോടകം തന്നെ ഇന്‍ഡിഗോയ്ക്ക് ലഭിച്ചു കഴിഞ്ഞു.
നിലവില്‍ 124 വിമാനങ്ങളുള്ള ഇന്‍ഡിഗോ 42.6 ശതമാനം വിപണി വിഹിതവുമായി ഇന്ത്യന്‍ വിമാനക്കമ്പനികളില്‍ ഒന്നാംസ്ഥാത്താണ്.
Post Your Comments