തിരുവനന്തപുരം: സിനിമാ പ്രതിസന്ധിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ചലച്ചിത്ര വ്യവസായ രംഗത്തെ സ്തംഭനാവസ്ഥ മാറാന്‍ ആ സ്തംഭനാവസ്ഥ ഉണ്ടാക്കിയ ഏകപക്ഷീയമായ സമരം പിന്‍വലിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ചലച്ചിത്ര വ്യവസായരംഗത്തെ സ്തംഭനാവസ്ഥ മാറാന്‍ ആ സ്തംഭനാവസ്ഥയുണ്ടാക്കിയ ഏകപക്ഷീയമായ സമരം പിന്‍വലിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സമരം പ്രഖ്യാപിച്ചപ്പോള്‍ തന്നെ സര്‍ക്കാര്‍ ഒരുകാര്യം വ്യക്തമാക്കിയിരുന്നു. ഏകപക്ഷീയമായി സമരത്തിനു പോകുന്നത് ശരിയല്ല എന്നതായിരുന്നു അത്. സാംസ്കാരിക വകുപ്പ് മന്ത്രി യോഗം വിളിച്ച് പ്രശ്നപരിഹാരത്തിനുള്ള ശ്രമം നടത്തുമെന്നും അതുവരെ സമരത്തിനു പോകരുതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
സാംസ്കാരിക വകുപ്പ് മന്ത്രി യോഗം വിളിക്കുകതന്നെ ചെയ്തു. പ്രശ്നപരിഹാര ശ്രമങ്ങള്‍ മുമ്പോട്ടുപോയി. എന്നാല്‍, വരുമാനം പങ്കുവെക്കുന്ന കാര്യത്തില്‍ ഏകപക്ഷീയമായി ഒരു അനുപാതം പ്രഖ്യാപിക്കുകയും അതില്‍നിന്നു പുറകോട്ടുപോകുന്ന പ്രശ്നമില്ലെന്നും അറിയിക്കുകയുമായിരുന്നു ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്. മറ്റു സംഘടനകളെല്ലാം സര്‍ക്കാര്‍ നിലപാടിനോടു യോജിക്കുകയാണുണ്ടായത്.
ചലച്ചിത്ര നിര്‍മാതാക്കള്‍, തിയറ്റര്‍ ഉടമകളുടെ ഏകപക്ഷീയ തീരുമാനം അംഗീകരിക്കാത്ത സാഹചര്യത്തില്‍ ഒരു വസ്തുതാ പരിശോധനാ സമിതിയെ വെച്ച് പ്രശ്നത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കാമെന്നും ആവശ്യമെങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ ഒരു റഗുലേറ്ററി കമ്മീഷനെ തന്നെ നിയോഗിക്കാമെന്നും സാംസ്കാരികവകുപ്പ് മന്ത്രി യോഗത്തിലറിയിച്ചു. സമരത്തിലേക്കു പോകരുതെന്നും അഭ്യര്‍ഥിച്ചു. ഇതര സംഘടനകളൊക്കെ അത് അംഗീകരിച്ചപ്പോഴും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് സര്‍ക്കാരിന്റെ ആ നിലപാടിനെ എതിര്‍ത്തു. എല്ലാം ലംഘിച്ച് സമരത്തിലേക്കിറങ്ങുകയാണ് ഫെഡറേഷന് ചെയ്തത്.
സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാന്‍ തയ്യാറായാല്‍ സമരത്തിനാധാരമായ പ്രശ്നങ്ങള്‍ വസ്തുതാ പഠന സമിതിയെ വെച്ച് പരിശോധിക്കാം എന്നും പിന്നീടു വേണ്ടിവരുന്നെങ്കില്‍ അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നതുപോലുള്ള റഗുലേറ്ററി കമ്മീഷനെ വയ്ക്കാമെന്നുമുള്ള നിര്‍ദേശങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ സമരം നിര്‍ത്തിവെച്ച് എല്ലാവര്ക്കും സ്വീകാര്യമാവുന്ന ഒരു അനുരഞ്ജനത്തിലേക്ക് വഴിതുറക്കുകയാണ് സമരത്തിലുള്ള സംഘടന ചെയ്യേണ്ടത്. ഇതാകട്ടെ സര്‍ക്കാര്‍ നേരത്തെതന്നെ വ്യക്തമാക്കിയിരുന്ന നിലപാടാണുതാനും. സര്‍ക്കാരിന്റെ നിലപാടോ മനോഭാവമോ അല്ല മറിച്ച് ഫെഡറേഷന് കൈക്കൊണ്ടിട്ടുള്ള ഏകപക്ഷീയ നിലപാടാണ് സ്തംഭനാവസ്ഥ മുറിച്ചുകടക്കുന്നതിനുള്ള തടസ്സം. അത് നീക്കേണ്ടതും അവര്‍ തന്നെയാണ്.
പോസ്റ്റിൽ മുഖ്യമന്ത്രി പറയുന്നു .
Post Your Comments