മലപ്പുറം•തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പ് സമയം മുതല്‍ മലപ്പുറം ജില്ലയില്‍ രൂപംകൊണ്ട സിപിഎം-ലീഗ് കൂട്ടുക്കെട്ട് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാന്‍ നീക്കം. യുഡിഎഫില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് മനസിലാക്കിയ ലീഗ് സിപിഎമ്മിനോട് കൂടുതല്‍ അടുക്കുകയാണ്. സിപിഎമ്മിനോട് മൃദുസമീപനം തുടരാന്‍ അണികള്‍ക്ക് ലീഗ് നേതൃത്വം രഹസ്യനിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. കുറച്ച് നാളുകളായി ലീഗിന്റെ എല്‍ഡിഎഫ് പ്രവേശനം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അന്നൊന്നും ഇരുപാര്‍ട്ടികളും ഇതിനെതിരെ യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല.
സംസ്ഥാനത്ത് ഭരണം സ്തംഭിച്ച സാഹചര്യത്തില്‍ ബിജെപി ശക്തമായി സമരരംഗത്തുണ്ട്. തങ്ങളാല്‍ ആകുംവിധം കോണ്‍ഗ്രസും സമരം ചെയ്യുന്നുണ്ട്, പക്ഷേ സര്‍ക്കാരിനെതിരെ ലീഗ് സ്വന്തമായ നിലയില്‍ സമരങ്ങള്‍ നടത്താതെ മാറി! നില്‍ക്കുകയാണ്. സിപിഎമ്മുമായുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് ലീഗ് മൗനം പാലിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. യുഡിഎഫ് സമരങ്ങളില്‍ പേരിന് പങ്കെടുക്കുമെന്നല്ലാതെ സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്താന്‍ ലീഗ് നേതാക്കള്‍ തയ്യാറായിട്ടില്ല.
എല്‍ഡിഎഫ് ഭരണം ആരംഭിച്ചത് മുതല്‍ വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു, എന്നാല്‍ ഇതിലൊന്നും ലീഗ് അഭിപ്രായം പോലും പറയുന്നില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. പീസ് സ്‌കൂള്‍ വിവാദം, നിര്‍ബന്ധിത മതപരിവര്‍ത്തനം, ഭീകരവാദം തുടങ്ങി ലീഗിന് നേരെ വിരല്‍ചൂണ്ടിയ വിഷയങ്ങളില്‍ പ്രതിരോധകവചം തീര്‍ത്തത് സിപിഎമ്മായിരുന്നു. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ സിപിഐയുടെ എതിര്‍പ്പ് മറികടന്നുകൊണ്ട് ലീഗ് എല്‍ഡിഎഫിന്റെ ഭാഗമാകാനുള്ള സാധ്യത ശക്തമാകുകയാണ്
Post Your Comments