NewsUncategorized

ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ പിളര്‍പ്പ്; അവസാനിക്കുന്നത് ലിബര്‍ട്ടി ബഷീറിന്റെ ഏകാധിപത്യം

സ്വന്തം ലേഖകന്‍
കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പിളര്‍പ്പിലേക്ക് നീങ്ങിയതോടെ നഷ്ടമാകുന്നത് സംഘടനയുടെ തലപ്പത്തിരുന്ന് ലിബര്‍ട്ടി ബഷീര്‍ എന്ന ഫെഡറേഷന്‍ പ്രസിഡന്റ് കാലങ്ങളായി പുലര്‍ത്തിവന്ന ഏകാധിപത്യമാണ്. കേരളത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അരങ്ങേറുന്ന സിനിമാ പ്രതിസന്ധിയുടെയും സിനിമാ സമരത്തിന്റെയുമൊക്കെ ഒരറ്റത്ത് എന്നും ലിബര്‍ട്ടി ബഷീര്‍ ഉണ്ടായിരുന്നു. കേവലം തീയേറ്റര്‍ ഉടമയില്‍നിന്നും സംഘടനാ ഭാരവാഹിത്വത്തിലേക്ക് എത്തിയ ലിബര്‍ട്ടി ബഷീര്‍ എന്നും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാന്‍ ആഗ്രഹിച്ച വ്യക്തിത്വമായിരുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ ഏകപക്ഷീയ നിലപാടുകള്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലെ മറ്റുള്ളവരെപ്പോലും പ്രതിരോധത്തിലാക്കിയിരുന്നു. ലിബര്‍ട്ടി ബഷീറിന്റെ വ്യക്തിപരമായ താല്‍പര്യത്തിനു പുറത്താണ് അമ്പതുശതമാനം ലാഭവിഹിതം എന്ന കടുത്ത നിലപാടില്‍ തീയേറ്ററുകള്‍ അടച്ചിട്ട് സമരം ചെയ്യാന്‍ എ ക്ലാസ്സ് തീയേറ്ററുടമകള്‍ തയ്യാറായതെന്ന ആക്ഷേപം ശക്തമാണ്. നിര്‍മാതാക്കാളെ പ്രതിസന്ധിയിലാക്കുന്ന എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ തീരുമാനത്തിനെതിരേ സകല സിനിമാ സംഘടനകളും രംഗത്തുവന്നിട്ടും സമരം ശക്തമാക്കാനാണ് ലിബര്‍ട്ടി ബഷീറും സംഘവും തീരുമാനിച്ചത്. പ്രശ്‌നം രൂക്ഷമായതോടെ സാംസ്‌കാരിക മന്ത്രി എ.കെ ബാലനും ഒടുവില്‍ സാക്ഷാല്‍ മുഖ്യമന്ത്രി തന്നെയും ഫെഡറേഷന്‍ ഭാരവാഹി എന്ന നിലയില്‍ ലിബര്‍ട്ടി ബഷീറുമായി ചര്‍ച്ച നടത്തി. എന്നാല്‍ സമരത്തില്‍നിന്നും പിന്നോട്ടില്ല എന്നു മാത്രമല്ല, ചലച്ചിത്ര മേഖലയുടെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്ന ഫിലിം റെഗുലേറ്ററി അതോറിറ്റി എന്ന നിര്‍ദേശത്തെ പൂര്‍ണമായും തള്ളിക്കളയുകയും ചെയ്തു.

അതേസമയം സമരം ശക്തമായി മുന്നേറുന്നതിനിടെ സിനിമകളുടെ റിലീസ് പോലും പ്രതിസന്ധിയിലായ സാഹചര്യത്തില്‍ തീയേറ്ററുടമകളുടെ പുതിയ സംഘടന എന്ന ആശയം പിറവിയെടുത്തത് ലിബര്‍ട്ടി ബഷീര്‍ എന്ന സംഘടനാ നേതാവിന് അക്ഷരാര്‍ഥത്തില്‍ തിരിച്ചടിയായിരിക്കുകയാണ്. ലിബര്‍ട്ടി ബഷീറിന്റെ ഏകപക്ഷീയ നിലപാടുകളോട് വിയോജിപ്പുള്ള അമ്പതിലധികം എ ക്ലാസ്സ് തീയേറ്ററുകള്‍ വിജയ് നായകനായ ഭൈരവ എന്ന ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ടുതന്നെ തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തി. ഇതിനുപിന്നാലെ മുത്തൂറ്റും ഇ.വി.എമ്മും അടക്കമുള്ള പ്രമുഖ ഗ്രൂപ്പുകള്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ അംഗത്വം ഉപേക്ഷിക്കുകയും ചെയ്തു. എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ ട്രഷറര്‍ കവിതാ സാജു കൂടി പദവിയില്‍നിന്നും രാജിവെച്ചതോടെ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നിലനില്‍പ്പുതന്നെ അവതാളത്തിലാവുകയാണ്. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ അംഗത്വമുള്ള മുന്നൂറോളം തീയേറ്ററുകളില്‍ പകുതിയിലേറെയും പുതിയ സംഘടനയുടെ ഭാഗമാകുമെന്നാണ് വിലയിരുത്തല്‍. പുതിയ സംഘടനയില്‍ മള്‍ട്ടിപ്ലക്‌സുകളും എ ക്ലാസ്സ് തീയേറ്ററുകളും ഭാഗമാകും. ബി,സി ക്ലാസ്സ് തീയേറ്ററുകളുടെ സംഘടനയായ സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷനും പുതിയ സംഘടനക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയതും സംഘടനക്ക് തിരിച്ചടിയായിരിക്കുന്നു. സിനിമാപ്രതിസന്ധിക്ക് കാരണം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നിലപാടാണെന്നും ഏകപക്ഷീയമായ സമരം അംഗീകരിക്കാനാകില്ലെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. സര്‍ക്കാരിനെപ്പോലും സമ്മര്‍ദത്തിലാക്കുന്ന അവസ്ഥയിലേക്ക് സിനിമാ സമരം എത്തിച്ചതും സര്‍ക്കാര്‍ മുന്നോട്ടുവച്ച നിലപാടുകള്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചതുമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ എന്ന സംഘടനയും അതിന്റെ തലപ്പത്തിരിക്കുന്ന ലിബര്‍ട്ടി ബഷീറും കൂടുതല്‍ ഒറ്റപ്പെടുകയാണ്.

അതേസമയം നേരത്തെ സൂചിപ്പിച്ചതുപോലെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ അധ്യക്ഷ സ്ഥാനത്തിരുന്ന് ലിബര്‍ട്ടി ബഷീര്‍ സൃഷ്ടിച്ച പ്രതിസന്ധികളും ചര്‍ച്ചയാവുകയാണ്. പലപ്പോഴും ലിബര്‍ട്ടി ബഷീറിന്റെ ഏകപക്ഷീയ നിലപാടുകള്‍ സംഘടനയിലെ മറ്റു തീയേറ്ററുകളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 2014ല്‍ മിസ്റ്റര്‍ ഫ്രോഡ് എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട പ്രശ്‌നം ഒരു ഉദാഹരണം മാത്രം. നിര്‍മാതാക്കളുമായി കരാറിലേര്‍പ്പെട്ടശേഷമായിരുന്നു ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്നു അന്നു ബഷീര്‍ വാശിപിടിച്ചത്. അതേസമരം ഫെഡറേഷന്‍ ഭാരവാഹിയായിരിക്കേ നിരവധി ആരോപണങ്ങളും ലിബര്‍ട്ടി ബഷീറിനുനേരെ ഉയര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ലിബര്‍ട്ടി പാരഡൈസ് തീയേറ്ററുകളില്‍ 80രൂപയുടെ ടിക്കറ്റിന് നൂറു രൂപ ഈടാക്കുന്നതായി ആരോപണമുയര്‍ന്നത് അടുത്തിടെയാണ്. സെസ്, വിനോദ നികുതി ഇനത്തില്‍ പിരിച്ചെടുക്കുന്ന തുക തീയേറ്ററുകള്‍ ഉടമകള്‍ സര്‍ക്കാരിലേക്ക് അടക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് വിജിലന്‍സ് ലിബര്‍ട്ടി ബഷീറിന്റെ തീയേറ്ററുകളില്‍ ഉള്‍പ്പടെ പരിശോധന നടത്തിയിരുന്നു. സംസ്ഥാനത്തെ തീയേറ്ററുകളില്‍ വില്‍ക്കുന്ന ഒരു ടിക്കറ്റില്‍ സെസ് ഇനത്തില്‍ മൂന്നുരൂപയും വിനോദ നികുതിയായി 32ശതമാനം തുകയും സര്‍ക്കാരിലേക്ക് അടക്കണമെന്നാണ് നിയമം.

പുലിമുരുകന്‍ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനു ലിബര്‍ട്ടി ബഷീറിന്റെ തീയേറ്ററുകളില്‍ അധിക നിരക്ക് ഈടാക്കിയിരുന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയത് സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ശ്രീകുമാറാണ്. തീയേറ്ററുകളില്‍ ഇ-ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ രംഗത്തുവന്നതും ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലാണ്. നികുതി വെട്ടിപ്പ് നടത്താന്‍വേണ്ടിയാണ് തീയേറ്ററുടമകള്‍ ഇ-ടിക്കറ്റ് സംവിധാനത്തെ എതിര്‍ക്കുന്നതെന്ന് നിര്‍മാതാക്കളും വിതരണക്കാരും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ടിക്കറ്റ് വില്‍പനയില്‍ കടുത്ത കൃത്രിമമാണ് ചില എ-ക്ലാസ് തീയേറ്ററുകള്‍ നടത്തുന്നതെന്ന ആക്ഷേപവും ശക്തമാണ്. വിറ്റ ടിക്കറ്റുകള്‍പോലും വീണ്ടും വില്‍ക്കുന്നതായി അടുത്തിടെ വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. സിനിമാസമരം മുറുകുന്നതിനിടേയാണ് ഓള്‍ കേരള സിനിമ പ്രൊജക്ഷനിസ്റ്റ് യൂണിയന്‍ ലിബര്‍ട്ടി ബഷീറിനെതിരേ രംഗത്തുവന്നത്. തീയേറ്ററുകളില്‍ പ്രൊജക്ഷനിസ്റ്റായി ജോലിചെയ്യുന്നവര്‍ക്ക് ഇരുപതിനായിരം രൂപ പ്രതിമാസ ശമ്പളം നല്‍കുന്നുവെന്ന ലിബര്‍ട്ടി ബഷീറിന്റെ അഭിപ്രായമാണ് യൂണിയനെ ചൊടിപ്പിച്ചത്. ഓപ്പറേറ്റര്‍മാര്‍ക്ക് ഏഴായിരം മുതല്‍ പതിനായിരം വരെയും ടിക്കറ്റ് കൗണ്ടറില്‍ സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് അയ്യായിരം രൂപയും മാത്രമാണ് നല്‍കുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികളായ പി.രാജു എക്‌സ്.എം.എല്‍.എയും കെ.ബി അശോകനും വ്യക്തമാക്കിയിരുന്നു. അതേസമയം തീയേറ്റര്‍ ജീവനക്കാര്‍ക്ക് മിനിമം കൂലി നടപ്പാക്കണമെന്ന 2010ലെ സര്‍ക്കാര്‍ ഉത്തരവിനെതിരേ ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തില്‍ ഒരു സംഘം ഹൈക്കോടതിയെ സമീപിച്ചിരുന്നതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button