തിരുവനന്തപുരം : സഹകരണബാങ്കുകള്‍ വഴി വിതരണംചെയ്യുന്ന വായ്പകള്‍ ഉദാരമാക്കാന്‍ സഹകരണവകുപ്പ് തീരുമാനിച്ചു. നിക്ഷേപം കൂടിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. നിക്ഷേപത്തിന്റെ തോതനുസരിച്ച് വ്യക്തികള്‍ക്ക് നല്‍കാവുന്ന പരമാവധിവായ്പ 10 മുതല്‍ 60 ലക്ഷം വരെയാക്കി. 500 കോടിക്കുമേല്‍ നിക്ഷേപമുള്ള സംഘങ്ങള്‍ക്കാണ് 60 ലക്ഷം രൂപ വായ്പ നല്‍കാവുന്നത്. നിലവില്‍ അത് 50 ലക്ഷമായിരുന്നു. ഇതില്‍ക്കൂടുതല്‍ വായ്പ നല്‍കുന്നതിന് പ്രത്യേക അനുമതിവേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്
സഹകരണബാങ്കുകള്‍ക്ക് 25,000 രൂപവരെയായിരുന്നു വിദ്യാഭ്യാസവായ്പ നല്‍കാനുള്ള അനുമതി. ഇത് ഒരു ലക്ഷമാക്കി ഉയര്‍ത്തി. ഭൂമിവാങ്ങുന്നതിന് 25 ലക്ഷം രൂപയായിരുന്നത് 35 ലക്ഷമാക്കി. ഭവനവായ്പ 25-ല്‍ നിന്ന് 35 ലക്ഷമായും വാഹനവായ്പ, ബിസിനസ് വായ്പ, പണയ വായ്പ എന്നിവ 10-ല്‍ നിന്ന് 20 ലക്ഷമായും ഉയര്‍ത്തി. കുടുംബശ്രീക്ക് നല്‍കാവുന്ന വായ്പ അഞ്ചുലക്ഷത്തില്‍ നിന്ന് ഇരട്ടിയാക്കി.
റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ വരാത്ത പ്രാഥമിക വായ്പാസംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കുമാണ് പുതിയ വ്യവസ്ഥ ബാധകമാകുക. കേന്ദ്ര-സംസ്ഥാന പദ്ധതി വായ്പകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കായിരിക്കും ബാധകം. വായ്പകള്‍ക്ക് തിരിച്ചടവ് ഉറപ്പാക്കണമെന്ന നിര്‍ദേശവും സഹകരണസംഘം രജിസ്ട്രാര്‍ നല്‍കിയിട്ടുണ്ട്.
500 കോടിയിലേറെ നിക്ഷേപമുള്ള സംസ്ഥാനത്തെ ഇരുപത്തഞ്ചോളം സംഘങ്ങള്‍ക്കാണ് പുതിയ നടപടി ഏറ്റവും ആശ്വാസമാവുക. ഇനി വാണിജ്യബാങ്കുകളോട് മത്സരിക്കാന്‍ പ്രാഥമികബാങ്കുകള്‍ക്കും കഴിയും.
80,000 കോടിയോളം രൂപയാണ് സംസ്ഥാനത്തെ പ്രാഥമിക സഹകരണബാങ്കുകളിലെയും സംഘങ്ങളിലെയും മൊത്തം നിക്ഷേപം. ഇടുക്കി ഒഴികെയുള്ള ജില്ലകളിലെല്ലാം സഹകരണ ബാങ്കുകളില്‍ നിക്ഷേപം കൂടുതലാണ്.
ഭവന-വാഹന വായ്പയ്ക്ക് പുതിയ പദ്ധതി ആവിഷ്‌കരിക്കാമെന്നതാണ് ഇതിലെ പ്രധാന നേട്ടം. 25 ലക്ഷമായിരുന്നു ഇതുവരെ പരമാവധി നല്‍കാനാവുന്ന ഭവനവായ്പ. ഇതില്‍ കൂടുതല്‍ വായ്പ ആവശ്യമുള്ളവര്‍ സഹകരണ ബാങ്കുകളെ ഒഴിവാക്കുകയാണ് പതിവ്. വീടുനിര്‍മാണത്തിന് ഒന്നിലേറെ ബാങ്കുകളില്‍ ;നിന്ന് വായ്പയെടുക്കാനാവില്ലെന്നതും ഇതിനു കാരണമാണ്. പരിധി 35 ലക്ഷമാക്കി ഉയര്‍ത്തിയതോടെ കൂടുതല്‍ പേര്‍ക്ക് ഭവനവായ്പ നല്‍കാന്‍ ബാങ്കുകള്‍ക്കാകും.
വാഹനവായ്പ വിപണയില്‍ സഹകരണ ബാങ്കുകളുടെ ഇടപെടല്‍ ഇതുവരെ കാര്യമായുണ്ടായിരുന്നില്ല. പ്രത്യേകിച്ച് ഇടത്തരം കാറുകളുടെ കാര്യത്തില്‍. 10 ലക്ഷം രൂപയായിരുന്നു പരമാവധി വായ്പ നല്‍കാവുന്ന തുക. ഇത് ഇരട്ടിയാക്കി.
പ്രത്യേക അനുമതി വാങ്ങി പുതിയ വായ്പപദ്ധതികള്‍ ആസൂത്രണം ചെയ്യാമെന്നും രജിസ്ട്രാര്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments